ടാറ്റയുടെ പുതിയ ഇലക്ട്രിക് സെഡാന്‍റെ ചിത്രങ്ങള്‍ പുറത്ത്

ടാറ്റയുടെ പുതിയ ഇലക്ട്രിക് സെഡാന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പുറത്തിറങ്ങി. ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്‍ എന്ന പേരിൽ 2018 ജനീവ മോട്ടോർഷോയിലാണ് ടാറ്റ ഈ സെഡാന്‍റെ അവതരണം നടത്തിയത്. എന്നാൽ ഈ സെഡാന്‍റെ അവതരണം അനിശ്ചിതത്വത്തിലായിരുന്നു. ജനീവ മോട്ടോര്‍ ഷോയിലെ അവതരണത്തിന് ശേഷം ഇ-വിഷന്‍ സെഡാനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

എന്നാൽ കോണ്‍സെപ്റ്റ് മോഡലുകളായി ടാറ്റ കാഴ്ചവെച്ച H5X എസ്‌യുവിയും 45X ഹാച്ച്ബാക്കും ഉടൻ വിപണിയിലെത്തുമെന്ന മുന്നറിയിപ്പ് ടാറ്റ നൽകിയിരുന്നു. കെട്ടിടത്തിന് വെളിയില്‍ നിര്‍ത്തിയിട്ട നിലയിൽ ഈ കോണ്‍സെപ്റ്റ് സെഡാന്‍റെ ചിത്രങ്ങൾ ഇന്‍റര്‍നെറ്റിൽ പ്രചരിക്കുകയാണ്. വലുപ്പമേറിയ ഗ്രില്ലാണ് ഇ-വിഷൻ സെഡാന്‍റെ മുഖ്യാകർഷണം. അലൂമിനിയം കൊണ്ടു തൂകി മിനുക്കിയ ‘ഹ്യുമാനിറ്റി ലൈന്‍’ മറ്റൊരു ശ്രദ്ധേയമായ സവിശേഷത.

ഫ്രെയിം രഹിത ഡോറുകൾ, 21 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. ആഢംബരത തുളുമ്പുന്ന അകത്തളമാണ് ഇലക്ട്രിക് സെഡാനുള്ളത്. തടിയിലും തുകലിലും തീര്‍ത്തതാണ് അകത്തളം. പിന്നിലേക്ക് മടക്കി വയ്ക്കാവുന്ന തരത്തിലാണ് ഇതിലെ ടച്ച്സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്.

ഹ്യുമണ്‍ മെഷീന്‍ ഇന്‍റെര്‍ഫെയ്‌സ്, ഡ്രൈവ് അനാലിറ്റിക്‌സ്, നൂതന ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ജിയോസ്പാഷ്യല്‍ നാവിഗേഷന്‍ പോലുള്ള നൂതന ഫീച്ചറുകളുടെ അകമ്പടിയോടെയായിരിക്കും ഇ-വിഷൻ അവതരിക്കുക.

You must be logged in to post a comment Login