ടാറ്റയുടെ രണ്ടു വാണിജ്യ വാഹനങ്ങള്‍ ഇന്തൊനീഷയില്‍

xenon-d-cab.jpg.image.470.246

വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രണ്ടു പുതിയ വാണിജ്യ വാഹനങ്ങള്‍ ഇന്തൊനീഷയില്‍ അവതരിപ്പിച്ചു. ലഘു ട്രക്കായ ‘അള്‍ട്ര 1012’, ഫോര്‍ ബൈ ഫോര്‍ പിക് അപ്പായ ‘സീനോന്‍ എക്‌സ് ടി ഡി കാബ്’ എന്നിവയാണു കമ്പനി ഗൈകിന്‍ഡൊ ഇന്തൊനീഷ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോ(ജി ഐ ഐ എസ്) യില്‍ അനാവരണം ചെയ്തത്. പുതിയ കാലത്തെ വാണിജ്യ വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് ഇരു മോഡലുകളുടെയും രൂപകല്‍പ്പനയെന്നു ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്) രവി പിഷാരടി അറിയിച്ചു.

മികച്ച പ്രകടനക്ഷമതയ്‌ക്കൊപ്പം ലോകോത്തര നിലവാരമുള്ള കാബിന്‍, ഉയര്‍ന്ന ഭാരവാഹക ശേഷി, വൈവിധ്യമുള്ള ബോഡി ലോഡ് സങ്കലനം എന്നിവയും ഇരു വാഹനങ്ങളും ഉറപ്പു നല്‍കുന്നു. ഇന്തൊനീഷന്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ സാന്നിധ്യം ശക്തമാക്കാന്‍ ‘അള്‍ട്ര 1012’, ‘സീനോന്‍ എക്‌സ് ടി ഡി കാബ്’ എന്നിവയുടെ വരവ് സഹായകമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടാറ്റയുടെ 497 ടി സി ഐ സി 3,783 സി സി എന്‍ജിനാണ് ‘അള്‍ട്ര 1012’ ട്രക്കിനു കരുത്തേകുന്നത്. 2,400 ആര്‍ പി എമ്മില്‍ 125 പി എസ് വരെ കരുത്തും 1300 1500 ആര്‍ പി എമ്മില്‍ 400 എന്‍ എം വരെ കരുത്തുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 10 ടണ്ണോളമാണു വാഹനത്തിന്രെ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ്. ഓവര്‍ഡ്രൈവ് സഹിതം ആറു ഗീയറുള്ള ജി 440 ആണു ട്രാന്‍സ്മിഷന്‍. ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കുമായി മൂന്നു സീറ്റാണു കാബിനിലുള്ളത്.

ഇന്തൊനീഷന്‍ വിപണിയില്‍ എയര്‍ ബ്രേക്കും റേഡിയല്‍ ട്യൂബ്രഹിത ടയറുമായി വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ലഘു ട്രക്കാണ് ‘അള്‍ട്ര 1012’. ന്യൂട്രല്‍ സ്വിച്, സൈഡ് ബീം ഇംപാക്ട്, ത്രീ പോയിന്റ് ആക്ടീവ് റിട്രാക്ടബിള്‍ സേഫ്റ്റി ബെല്‍റ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. വിവിധോദ്ദേശ്യ, ഇരട്ട കാബിന്‍ പിക് അപ് ട്രക്കായ ‘സീനോന്‍ എക്‌സ് ടി ഡി കാബി’നു കരുത്തേകുന്നത് 2.2 ലീറ്റര്‍, വി ടി ടി ഡൈകോര്‍(കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്‍) എന്‍ജിനാണ്.

അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടെ എത്തുന്ന വാഹനത്തിനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. 4,000 ആര്‍ പി എമ്മില്‍ 148 പി എസ് വരെ കരുത്തും 1,700 — 2,700 ആര്‍ പി എമ്മില്‍ 320 എന്‍ എം വരെ ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുക. മികച്ച സുരക്ഷയ്ക്കായി കൊളാപ്‌സിബിള്‍ സ്റ്റീയറിങ് കോളം, ട്വിന്‍ സര്‍ക്യൂട്ട് ബ്രേക്കിങ് സംവിധാനം, ഇരട്ട എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), സൈഡ് ഇംപാക്ട് ബീം, റീ ഇന്‍ഫോഴ്‌സ്ഡ് ത്രീ ലെയര്‍ ബോഡി കണ്‍സ്ട്രക്ഷന്‍ എന്നിവയും ‘സീനോന്‍ എക്‌സ് ടി ഡി കാബി’ലുണ്ട്.

You must be logged in to post a comment Login