ടിക്കറ്റുണ്ടായിട്ടും പ്രവേശനം നൽകിയില്ല; ഖത്തർ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധവുമായി നൂറു കണക്കിന് ഇന്ത്യൻ ആരാധകർ

ടിക്കറ്റുണ്ടായിട്ടും ഇന്ത്യ-ഖത്തർ മത്സരം വീക്ഷിക്കാൻ ഇന്ത്യൻ ആരാധകർക്ക് പ്രവേശനം നൽകാതെ സ്റ്റേഡിയം അധികൃതർ. നൂറുകണക്കിന് ഇന്ത്യൻ ആരാധകരാണ് ടിക്കറ്റുണ്ടായിട്ടും സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവാതെ കുടുങ്ങിയത്. സെക്യൂരിറ്റിയുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ഇവരെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഗേറ്റ് നമ്പർ രേഖപ്പെടുത്താത്ത ടിക്കറ്റുകളും വിതരണം ചെയ്തിരുന്നുവെന്ന് ചില ആരാധകർ ആരോപിച്ചു. സ്റ്റേഡിയം നിറഞ്ഞുവെന്നും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നും സെക്യൂരിറ്റി അറിയിച്ചതോടെ ഈ ടിക്കറ്റ് എന്തിനു വിതരണം ചെയ്തുവെന്ന് ആരാധകർ ചോദിച്ചുവെങ്കിലും സ്റ്റേഡിയം അധികൃതർ കൈമലർത്തി.

ആദ്യ പകുതി അവസാനിച്ചപ്പോൾ ഇന്ത്യൻ ആരാധകരിൽ ചിലർ സുരക്ഷ മറികടന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ സെക്യൂരിറ്റി തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ഇത്ര ചെറിയ ഒരു മത്സരം പോലും കൃത്യമായി നടത്താൻ ഇവർക്കാവുന്നില്ലെങ്കിൽ ഇവരെങ്ങനെയാണ് ഒരു ലോകകപ്പ് നടത്തുക എന്നതാണ് ആരാധകരുടെ ചോദ്യം.

15000 പേർക്ക് കളി കാണാവുന്ന ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൻ്റെ 10 ശതമാനത്തോളം മാത്രമാണ് ഇന്ത്യക്കായി നൽകിയത്. ഈ സ്റ്റേഡിയം, ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഉൾപ്പെട്ടിട്ടില്ല.

മത്സരത്തിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ഐതിഹാസിക സമനില പിടിച്ചിരുന്നു.

You must be logged in to post a comment Login