ടിപി ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് ; ടി.പിയെ കൊന്നതാരാണെന്നു കാലം തെളിയിക്കും; വിഎസ്

ടി.പി. വധക്കേസ് വിധി വരുന്നതിനു രണ്ടുദിവസം മുമ്പു പാര്‍ട്ടിയെ വെട്ടിലാക്കുന്ന വിവാദ പ്രസ്താവനയുമായി വീണ്ടും വി.എസ്. അച്യുതാനന്ദന്‍. മലയാളം സാംസ്‌കാരികവേദി തയാറാക്കിയ ഡോക്യുമെന്ററിയിലാണ് ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു ചന്ദ്രശേഖരന്‍ എന്ന് വി.എസ്. ആവര്‍ത്തിച്ചത്.

വലതുപക്ഷ അവസരവാദത്തിനെതിരേ പോരാടിയ രക്തസാക്ഷിയാണു ചന്ദ്രശേഖരന്‍. ടി.പിയെ കൊന്നതാരാണെന്നു കാലം തെളിയിക്കും. ടി.പി. കേസ് പ്രതികളുടെ തീവ്രവാദബന്ധമുള്‍പ്പെടെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വി.എസ്. എത്തിയിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസം ടി.പിയുടെ വീടു സന്ദര്‍ശിച്ചതും വിവാദമായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെ അന്നു ഡാങ്കേയോട് ഉപമിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ ഇടപെട്ടപ്പോള്‍, ടി.പിയുടെ വീടു സന്ദര്‍ശിച്ചതും പിണറായിക്കെതിരേ പ്രസ്താവന നടത്തിയതും തെറ്റായിപ്പോയെന്നും പറഞ്ഞു വി.എസ്. തടിയൂരുകയായിരുന്നു. തുടര്‍ന്നു വിവാദപ്രസ്താവനകള്‍ക്കു സി.പി.എം. നേതൃത്വം വിലക്കേര്‍പ്പെടുത്തി. എന്നാലിപ്പോള്‍ ടി.പിയെ സംബന്ധിച്ചു മുമ്പു നടത്തിയ പ്രസ്താവനകള്‍ പൊടിതട്ടി എടുക്കുകയായിരുന്നു വി.എസ്.

You must be logged in to post a comment Login