ടിയാഗോ എഎംടി പുറത്തിറങ്ങി

ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതം ടാറ്റ മോട്ടോഴ്‌സിന്റെ ചെറു ഹാച്ച്ബാക്കായ ടിയാഗൊ വില്‍പ്പനയ്ക്ക്. ടിയാഗൊ ഈസി ഷിഫ്റ്റ് എ എം ടി വകഭേദത്തിന് 5.39 ലക്ഷം രൂപയാണു ഡല്‍ഹി ഷോറും വില. എക്‌സ് സെഡ് എ വകഭേത്തില്‍ 1.2 ലീറ്റര്‍, മൂന്നു സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനോടെയാണ് ടിയാഗൊ എ എം ടി വില്‍പ്പനയ്‌ക്കെത്തുക. രാജ്യവ്യാപകമായി ടായാഗൊ എ എം ടി ലഭ്യമാവുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഓട്ടമാറ്റിക്, ന്യൂട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നീ നാലു ഗീയര്‍ പൊസിഷനുകളോടെയാണു ടിയാഗൊ എ എം ടിയുടെ വരവ്.

പ്രകടനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി സ്‌പോര്‍ട്‌സ്, നഗരത്തിരക്കില്‍ അനായാസ ഡ്രൈവിങ് ഉറപ്പാക്കാന്‍ സിറ്റി എന്നു രണ്ടു ഡ്രൈവ് മോഡുകളും കാറില്‍ ലഭ്യമാണ്. ഒപ്പം കനത്ത ഗതാഗതത്തിരക്കിലും പാര്‍ക്കിങ് ഘട്ടത്തിലും സഹായകമാവാനായി ടിയാഗൊ എ എം ടിയില്‍ ക്രീപ് സൗകര്യവും ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നു. ബ്രേക്ക് പെഡലിലെ മര്‍ദം കുറയുന്നതിനൊത്ത് ആക്‌സിലറേറ്റര്‍ നല്‍കാതെ തന്നെ കാര്‍ നിരങ്ങി നീങ്ങുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. അതുപോലെ ചരിഞ്ഞ പ്രതലത്തില്‍ കാര്‍ നിര്‍ത്തേണ്ടി വരുന്ന ഘട്ടത്തില്‍ പിന്നോട്ട് ഉരുളാതെ സൂക്ഷിക്കാനും ഈ സൗകര്യം സഹായിക്കും.

പുത്തന്‍ രൂപകല്‍പ്പനാ ശൈലിയായ ഇംപാക്ട് പിന്തുടരുന്ന ആദ്യ മോഡലായ ടിയാഗൊയ്ക്ക് മികച്ച വരവേല്‍പ്പാണു വിപണിയില്‍ ലഭിച്ചതെന്നു ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചു. കാഴ്ചയിലെ ആകര്‍ഷണത്തിനൊപ്പം പുതുമകളും വൈവിധ്യവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ചേര്‍ന്നാണു ടിയാഗൊയെ സ്വീകാര്യമാക്കിയത്. ഇതുവരെ 13 അവാര്‍ഡുകളാണു കാര്‍ നേടിയതെന്നും പരീക്ക് വെളിപ്പെടുത്തി. കടുത്ത മത്സരം നടക്കുന്ന ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാസം തോറുമുള്ള വില്‍പ്പനയില്‍ തുടര്‍ച്ചയായി വര്‍ധന കൈവരിക്കാനും ടിയാഗൊയ്ക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ യാത്രാവാഹന വിഭാഗത്തില്‍ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും ടിയാഗൊ വഴി തെളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ടാറ്റ മോട്ടോഴ്‌സ് ടിയാഗൊ അവതരിപ്പിച്ചത്. ജനുവരി വരെയുള്ള കാലത്തിനിടെ 46,139 ടിയാഗൊ വിറ്റെന്നാണു ടാറ്റ മോട്ടോഴ്‌സിന്റെ കണക്ക്.

You must be logged in to post a comment Login