ടി.വി.അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; നവജ്യോത് ഖോസ പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍

 

tv-anupama

തിരുവനന്തപുരം: ടി.വി. അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. അനുപമയെ സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവര്‍ക്കുണ്ടാകും.കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല നവജ്യോതഖോസക്കുണ്ടാവും.

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികള്‍ കറിപൌഡര്‍ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ അനുപമക്കെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ രംഗത്ത് വന്നിരുന്നു. വിഷപച്ചക്കറികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികള്‍ അനുപമക്കെതിരെ രംഗത്തെത്തിയിരുന്നു. കറിപൗഡറുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു.  ഇതേ തുടര്‍ന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. അനുപമയെ മാറ്റാന്‍ അന്ന് തന്നെ സമ്മര്‍ദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആര്‍ജിച്ച ജനപിന്തുണ നടപടി എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞു.വന്‍കിട ഹോട്ടലുകള്‍ക്കെതിരെയും അനുപമ  നടപടി സ്വീകരിച്ചിരുന്നു. ഇതും ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങള്‍.

വി.രതീശനാണ് പുതിയ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍. പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്‌റായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്റെ അധിക ചുമതലയും ബാലകിരണിന് നല്‍കിയിട്ടുണ്ട്. മിനി ആന്റണിയാണ് പുതിയ സിവില്‍ സപ്ലൈസ് കമ്മീഷണര്‍.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍:
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട (അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ തിരുമാനിച്ചു. ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും.

സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപട്ടികയില്‍ പെട്ടവരായ (അന്തിമ പട്ടികക്ക് വിധേയമായി) 12150769 ആളുകള്‍ക്ക്, മുന്‍പ് എപിഎല്‍ (എസ്എസ്) വിഭാഗത്തിന് പരിഗണന ലഭിച്ചതു പോലെ, രണ്ട് രൂപ നിരക്കില്‍ ആളൊന്നിന് രണ്ട് കിലോഗ്രാം അരി വിതരണം ചെയ്യും. ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്‍കുന്ന എപിഎല്‍ നിരക്കില്‍ വിതരണം ചെയ്യും.

കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി രൂപംനല്‍കിയ കാര്‍ഷിക വികസന സമിതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവയുടെ കാലാവധി 24.08.2015 ന് അവസാനിച്ചിരുന്നു.

കെവിഎടിഐഎസിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കുന്നതിനായി 16,91,61,198 രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കൊഴിഞ്ഞാമ്പാറ, എലുമ്പുലാശ്ശേരി(പാലക്കാട്), കൊടുവള്ളി, നരിപ്പറ്റ (കോഴിക്കോട്), കൂത്തുപറമ്പ് (കണ്ണൂര്‍) എന്നിവിടങ്ങളില്‍ ആരംഭിച്ച സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ 29 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

കണ്ണൂര്‍ പുഴാതി വില്ലേജില്‍ രാജേന്ദ്രനഗര്‍ കോളനിക്കുസമീപം സ്‌ഫോടനത്തിനിരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 80 വീടുകളിലെ നാശനഷ്ട തുകയായി 1,01,97,000 രൂപയും കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിച്ചതിന് 55,000 രൂപയും ധനസഹായം നല്‍കും.

ഒഴിവുവരുന്ന തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം ഓരോ മാസവും ചീഫ് സെക്രട്ടറി അവലോകനം ചെയ്ത് മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്തിസഭായോഗം തീരുമാനിച്ചു. നിയമനം നടത്തുന്ന കാര്യങ്ങള്‍ പിഎസ്!സിയുമായി ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

You must be logged in to post a comment Login