ടീനേജുകാര്‍ക്ക് ഒരു റോള്‍ മോഡല്‍അനന്തു

ശേഖരന്‍ ചെമ്മണ്ണൂര്‍

ഒരു സെല്‍ഫോണും, കംപ്യൂട്ടറും, ഇന്റര്‍നെറ്റും, സ്‌കൈപ്പും, ക്രെഡിറ്റ് കാര്‍ഡും, ബുള്ളറ്റും സ്വന്തമായി ഉണ്ടെങ്കില്‍ എല്ലാമായി എന്നു കരുതുന്ന ടീനേജുകാരുടെ ഇടയില്‍ ഇതൊന്നും മോഹിക്കാതെ അഥവാ സ്വപ്‌നം കാണാന്‍ പോലും  കഴിയാത്ത ഒരു ബാലന്‍ ഉണ്ടായിരുന്നു. അനന്തു. അവന്റെ സ്വപ്‌നങ്ങളില്‍ മറ്റു ചിലതായിരുന്നു. ജീവിത നൊമ്പരങ്ങളെ എങ്ങിനെ അതിജീവിക്കാം. തന്നെയും കുടുംബത്തെയും എങ്ങിനെ കരകയറ്റാം. അതായിരുന്നു ആ ബാലമനസ്സിലെ വ്യാകുലത. അനന്തു തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചു. കഠിനാധ്വാനിയായി. അനന്തു ഇന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വെളിച്ചമായി. തളര്‍ന്ന മനസ്സുകളുടെ സാന്ത്വനമായി. ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര ശശികുമാറിന്റെ മകനാണ് അനന്തു. സൗദി അറേബ്യയില്‍ സ്വകാര്യകമ്പനിയില്‍ പാക്കിങ് തൊഴിലാളിയായിരുന്ന അച്ഛന്‍ പത്തുവര്‍ഷം മുമ്പ് രോഗബാധിതനായി നാട്ടില്‍ തിരിച്ചെത്തി. പിന്നീടുള്ള ദിനങ്ങള്‍ അധികവും ആശുപത്രിയില്‍. അമ്മ ലത ഒരു കടയിലെ നിത്യവേതനക്കാരി. ഇതാണ് അനന്തു എന്ന വിദ്യാര്‍ത്ഥിയുടെ കുടുംബപുരാണം. മെഡിക്കല്‍ എന്‍ട്രന്‍സില്‍ 91-ാം റാങ്കുമായി എം.ബി.ബി.എസിനു ചേരാന്‍ പോയത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നാണ്. എന്നാല്‍ ഇന്നവിടെ രണ്ടു നിലകളുള്ള സുന്ദരരമ്യഹര്‍മ്യം ഉയര്‍ന്നുകഴിഞ്ഞു. സ്വന്തം പോക്കറ്റിലെ പണം കൊണ്ട്.  അനന്തു ഇന്ന് മൂന്നാം വര്‍ഷ എം.ബി.ബി.എസ്  വിദ്യാര്‍ത്ഥിയാണ്. ഈ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ധാരാളം മോഹങ്ങളുണ്ട്, നേടിയെടുക്കാന്‍. അനന്തുവിന്റെ ഹൃദയതാളങ്ങളിലേക്ക് നമുക്ക് ചെവികൊടുക്കാം.
? പഠനത്തിന് തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍വീടിനടുത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളില്‍ തന്നെയാണ് ഞാന്‍ പഠിച്ചത്. സെന്റ് മൈക്കിള്‍ ഹൈസ്‌കൂള്‍ തത്തംപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് എസ്.ഡി.വി. ഹയര്‍സെക്കന്ററിയില്‍ പ്ലസ് ടു. പഠനത്തിന് ഇംഗ്ലീഷ് മീഡിയമാണ് തിരഞ്ഞെടുത്തത്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തികമൊന്നും മാതാപിതാക്കള്‍ക്ക് ഇല്ലായിരുന്നു. എത്താവുന്നിടത്ത് എത്തിപ്പിടിക്കാനേ അവര്‍ ശ്രമിച്ചിട്ടുള്ളു. ? ചെറിയ ക്ലാസുകളില്‍ തന്നെ പഠനത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നോഅല്ല. ഒന്‍പതാം ക്ലാസ്സുവരെ ആടിയും, പാടിയും കളിച്ചും ചിരിച്ചുമൊക്കെ നടന്നു. എന്‍ട്രന്‍സ് പഠനത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പ്ലസ് വണ്‍, പ്ലസ് ടു മുതലാണ് പഠനം കൂടുതലായി ഓറിയന്റഡായി പഠിച്ചുതുടങ്ങിയത്. അപ്പോഴാണ് കുറെയൊക്കെ ബോധം വന്നു തുടങ്ങിയതും. രക്ഷപ്പെടണമെന്നു തോന്നിത്തുടങ്ങിയതും.? ചെറുപ്പത്തില്‍ അക്കൗണ്ടന്റ് ആകാന്‍ മോഹിച്ച് പിന്നീട് ഡോക്ടറിലേക്ക് ചിന്തയെ മാറ്റിയത് അമ്മയ്ക്ക് ഒരു ഫോട്ടോസ്റ്റാറ്റ് -ഡി.റ്റി.പി കടയിലായിരുന്നു ജോലി. അതൊരു പ്രൊജക്റ്റ് ഓഫീസായിരുന്നു. അവിടെ തയ്യാറാക്കുന്ന പല രേഖകളിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഒപ്പ് വാങ്ങേണ്ട ചുമതല എനിക്കായിരുന്നു. അതിനുവേണ്ടി  അവിടെ വന്നിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാധാരണ കുടുംബത്തില്‍ നിന്നും പഠിച്ച് ഒരുപാട് വിജയങ്ങള്‍ കരസ്ഥമാക്കിയ ആളാണെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ ഒപ്പിന് ഇത്രമാത്രം വിലയുണ്ടെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അങ്ങിനെയാണ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനുള്ള മോഹം മനസ്സിലുടലെടുത്തത്.പിന്നീട് അച്ഛന് വെരിക്കോസ് വെയ്ന്‍ വന്ന് കാലു പഴുത്ത് ഇന്‍ഫെക്ഷന്‍ ആകുകയും കാലാവസ്ഥ വ്യതിയാനരോഗങ്ങള്‍ പിടിവിടാതെ വരികയും ചെയ്യുമ്പോള്‍ ആശുപത്രിയിലെ ഒരു നിത്യസന്ദര്‍ശകനായി. അവിടെ ചെന്ന് ഡോക്ടറെ കാത്തിരിക്കുമ്പോള്‍, ഡോക്ടറുടെ ബന്ധുക്കളും പരിചയക്കാരും ജോലിക്കാരും ഡയറക്ടായി അകത്തുകയറി പോകുന്നത് കാണാമായിരുന്നു. നമുക്ക് കിട്ടിയ ടോക്കണ്‍ നൂറാണെങ്കില്‍ അതുവരെ കാത്തിരുന്നു ഡോക്ടറെ കണ്ട് മടങ്ങുമ്പോഴാണ് ഒരു വെള്ളക്കോട്ടിന്റെ വില എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത്. അന്നു മുതല്‍ അക്കൗണ്ടന്റിനേക്കാള്‍ ഡോക്ടറാകണമെന്ന ചിന്ത മനസ്സിലുടലെടുത്തു. അതിനുവേണ്ടി എം.ബി.ബി.എസ് ലേക്ക് എത്താന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നതും അന്നുമുതലാണ്.?സാമ്പത്തികമായി താഴ്ന്നുനില്‍ക്കുമ്പോള്‍ എന്‍ട്രന്‍സ് എന്ന ഉപരിവര്‍ഗ്ഗത്തിന്റെ ചിന്തയിലേക്ക് എത്തിപിടിക്കാനുണ്ടായ പ്രചോദനംഎന്‍ട്രന്‍സ് ഉപരിവര്‍ഗ്ഗത്തിന്റെ മാത്രമാണെന്ന് പറയാന്‍ പറ്റില്ല ഇന്ന്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും ഒരുലക്ഷം രുപയോ രണ്ടുലക്ഷം രൂപക്കു താഴെ വരുമാനമുള്ള ആര്‍ക്കും എന്‍ട്രന്‍സ് പഠിക്കാനുള്ള പൂര്‍ണ്ണമായ ഫീസ് സര്‍ക്കാര്‍ തിരിച്ചുനല്‍കുന്നുണ്ട്. പക്ഷെ, അന്ന് അതുണ്ടായിരുന്നില്ല. പ്രചോദനം എന്റെ ആഗ്രഹമാണ്. എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും വേണ്ട മെഡിക്കല്‍ സെക്യൂരിറ്റി ഇനി വരുംകാലത്തേക്കും നേടിയെടുക്കുക. അതിനുവേണ്ടി എവിടെ എത്താവുന്നുവോ അതൊക്കെ ചെയ്യുക. അതായിരുന്നു ലക്ഷ്യം.? എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസിനു പോയിരുന്നോഉണ്ട്. ആലപ്പുഴ ആല്‍ഫ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ നിന്നാണ് എന്‍ട്രന്‍സിന്റെ ബാലപാഠം കിട്ടിയത്. മാക്‌സിമം ഞാന്‍ വര്‍ക്ക് ചെയ്തു. അവിടത്തെ അധ്യാപകരുടെ സഹായം കൊണ്ട് മാത്രമാണ് എനിക്കു 91-ാം റാങ്ക് കിട്ടിയത്. ഒരുരൂപ പോലും വാങ്ങിക്കാതെയാണ് അവര്‍ എന്നെ പഠിപ്പിച്ചത്. ഇപ്പോള്‍ ഞാന്‍ അവിടത്തെ അധ്യാപകരുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു. ആള്‍ഫയിലെ കുട്ടികള്‍ക്ക് ക്ലാസ് എടുത്ത്.? എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് നേടിയിട്ടു ഏതു കോളേജിലും അഡ്മിഷന്‍ കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജ് തിരഞ്ഞെടുത്തത്എന്റെ അച്ഛന്റെയും അമ്മയുടെയും ബുദ്ധിമുട്ടില്‍ അവരുടെ ഒപ്പം നില്‍ക്കുക. എനിക്കറിയാം ഞാന്‍ ചിന്തിക്കുന്ന അഥവാ താങ്കള്‍ ചിന്തിക്കുന്ന മറ്റേതെങ്കിലും കോളേജില്‍ ചേര്‍ന്നാല്‍ മാസാമാസം ചെലവിന് അയച്ചുതരാനുള്ള പണത്തിന്റെ സ്രോതസ്സ് എന്റെ കുടുംബത്തനില്ല. അവരെ ബുദ്ധിമുട്ടിച്ച് ജീവിതം കൊണ്ടുപോകാന്‍ എനിക്കാഗ്രഹവുമില്ല. ഇവിടെ പഠിപ്പിച്ച് അതില്‍ നിന്നും ഉണ്ടാക്കിയതുകൊണ്ടാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എന്റെ പ്ലസ് വണ്‍, പ്ലസ് ടു കാലം തൊട്ടുതന്നെ പഠിപ്പിക്കല്‍ തുടങ്ങിയതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ട്യൂഷന്‍ അധ്യാപകനായി വര്‍ക്ക് ചെയ്യുന്നു. പഠനത്തിന്റെ ചെലവുകള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. ഇപ്പോള്‍ എന്റെ ചിലവും വീട്ടുകാരുടെ ചെലവിന്റെ ഒരു പരിധിവരെയും നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ചേട്ടന്‍ അഖില്‍ എം.ബി.എ കഴിഞ്ഞ് ജോലിക്കുപോയിത്തുടങ്ങി. ഇപ്പോള്‍ ഞാന്‍ കുറേയൊക്കെ സേഫ് ആയി.? എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും വീടുകളിലെ ട്യൂഷനും സ്വയം പഠനവും എങ്ങിനെ ക്രമീകരിക്കുന്നു.ഈ ഒരു ക്രമീകരണം എങ്ങിനെയെന്നു ചോദിച്ചാല്‍, മൂന്നുവര്‍ഷത്തെ മെഡിക്കല്‍ പഠനവും അഞ്ചു വര്‍ഷത്തെ അധ്യാപനവും, എങ്ങിനെ ഞാന്‍ ഇതെല്ലാം ചെയ്തുവെന്ന് എനിക്കു തന്നെ ആശ്ചര്യമാണ്. കോച്ചിംഗ് ക്ലാസുകള്‍ അവധിദിവസങ്ങളിലാണ് കൂടുതല്‍. ഉച്ചകഴിഞ്ഞുള്ള ഒഴിവു സമയം വൈകുന്നേരവും രാവിലെയും ഹോസ്റ്റല്‍ ബാച്ചിനാണ് ക്ലാസെടുക്കുന്നത്. വീടുകളിലെ ട്യൂഷന്‍ എന്‍ട്രന്‍സ് അടുത്ത സമയങ്ങളിലാണ്. മറ്റു പല സ്ഥാപനങ്ങളിലും പഠിച്ചുവരുന്നവര്‍ക്ക് അവര്‍ പഠിച്ച ഭാഗങ്ങളിലെ സംശയങ്ങള്‍ പറഞ്ഞുകൊടുക്കുക. എന്റെ പരീക്ഷാ സമയങ്ങള്‍ ഞാന്‍ പഠനത്തിന് കൂടുതല്‍ കോണ്‍സന്‍ട്രേഷന്‍ കൊടുക്കുന്നു. ഒരു അധ്യാപകന്‍ വെറുതെ തന്ന രണ്ടു പതിറ്റാണ്ടു പഴക്കമുള്ള ബൈക്കിലായിരുന്നു ഇതുവരെയുള്ള ഓട്ടപ്പാച്ചിലുകള്‍. ഇപ്പോള്‍ പുതിയ പുതിയൊരു ബുള്ളറ്റ് സ്വന്തമായി വാങ്ങി. അതില്‍ കറങ്ങുന്നു.? തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ വീടെന്ന സങ്കല്‍പ്പം ഉടലെടുത്തത്രണ്ടുമുറികളുള്ള വീടായിരുന്നു ഞങ്ങളുടേത്. മഴക്കാലത്ത് ചോര്‍ന്നൊലിച്ചിരുന്ന വീട്. എന്‍ട്രന്‍സ് ആയാലും എം.ബി.ബി.എസ് ആയാലും ഒപ്പം പഠിക്കുന്ന കൂട്ടുകാര്‍ക്ക് ഒന്ന് വന്നിരിക്കാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു. ചിറ്റപ്പന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ പ്ലസ് വണ്‍, പ്ലസ് ടുവും പഠിച്ചത്. അന്നാണ് സ്വന്തമായൊരു വീട്, സ്വന്തമായൊരു മുറി എന്ന സങ്കല്‍പ്പം എന്റെ മനസ്സില്‍ ഉടലെടുത്തത്. അച്ഛന്‍ ഒരുപാട് ബുദ്ധിമുട്ടുന്നു. അമ്മയാണെങ്കില്‍ ഭക്ഷണം പാകം ചെയ്യാന്‍ വൃത്തിയുള്ള അടുക്കളയില്ലാതെ വിഷമിക്കുന്നു. മഴക്കാലത്ത് അടുപ്പിലെ വെള്ളം മുക്കി കളഞ്ഞ് തുടച്ച് വൃത്തിയാക്കി ഊതി ഊതി തീകത്തിച്ച് ചുമച്ച് ചുമച്ച് വിയര്‍ക്കുന്ന അമ്മയെ എത്രയോ നേരം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ഇതില്‍ നിന്നും അവരെ എങ്ങിനെ കരകയറ്റാം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആവാസ് യോജന സ്‌കീം വരുന്നത്. അന്ന് ഞങ്ങളുടെ കണ്‍വീനര്‍ ആയിരുന്ന വ്യക്തി എന്റെ കുടുംബത്തിന്റെ ശോചനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ് ആ സ്‌കീമില്‍ ചേര്‍ത്ത് ആദ്യഗഡുവായ 25000 രൂപ വാങ്ങിത്തന്നു. അതുകൊണ്ട് വീടിന്റെ പകുതിഭാഗം പൊളിച്ച് 600 സ്‌ക്വയര്‍ഫീറ്റില്‍ പണിതുടങ്ങി.? വീടിന്റെ പ്ലാനും ഡിസൈനും സ്വന്തം സങ്കല്‍ല്പമാണോഎല്ലാം സ്വന്തം സങ്കല്പ്പമാണ്. എന്റെ കൂട്ടുകാരോടൊപ്പം ക്ലാസ്മുറികളിലിരുന്നാണ് വീടിന്റെ പ്ലാന്‍ വരച്ചത്. ഗൂഗിള്‍ ഫോട്ടോയും യൂട്യൂബ് വിഡിയോസും  കണ്ട് സ്ഥലത്തിന് അനുയോജ്യമായ പ്ലാന്‍ എങ്ങിനെ വരച്ചെടുക്കാം എന്ന് മനസ്സിലാക്കി. ഫ്‌ളോര്‍ പ്ലാന്‍ എഡിറ്റര്‍ ആപ്പിലൂടെ കൂടുതല്‍ പ്ലാനുകളും നിരീക്ഷിച്ചതിനു ശേഷം വീടിനെ കണ്ടംബറി സ്റ്റൈലിലേക്ക് മാറ്റിയെടുക്കാന്‍ എനിക്ക് കഴിഞ്ഞു.? വീടു പണി കഴിഞ്ഞിട്ടും സ്വന്തം വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് അറിയുന്നുപുതിയ വീട്ടില്‍ ഞാന്‍ ഇതുവരെ താമസിച്ചിട്ടില്ല. അക്കാദമിയിലെ ബോയ്‌സ് ഹോസ്റ്റലില്‍ വാര്‍ഡനായി, കഴിഞ്ഞ രണ്ടു വര്‍ഷമായി അവിടെ കിടക്കുകയും അവിടത്തെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുകയും, ടീച്ചിങ് സ്റ്റാഫായി നില്‍ക്കുകയും ചെയ്യുന്നു. ? യുവ ഡോക്ടറുടെ മനസ്സില്‍ ഇനിയുള്ള മോഹംനല്ല രീതിയില്‍ തന്നെ എം.ബി.ബി.എസ്  പാസാകണം. സ്വന്തം അച്ഛനെയും അമ്മയെയും കൈവിറക്കാതെ നോക്കാന്‍ പറ്റണം. അതാണ് ഏറ്റവും വലിയ ആഗ്രഹം. പി.ജി.ക്ക് നല്ലൊരു ക്ലിനിക്കില്‍ ഫീല്‍ഡില്‍ അഡ്മിഷന്‍ കിട്ടണം. പി.ജി.ക്ക് കോച്ചിങ് കൊടുക്കുന്ന ഒരധ്യാപകനായി തീരണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം. അധ്യാപനത്തെ ഞാന്‍ അത്രമാത്രം സ്‌നേഹിക്കുന്നു. ഹാര്‍ഡ് വര്‍ക്കിംഗിന് ഞാന്‍ തയ്യാറാണ്. ആഗ്രഹിക്കുന്ന കാര്യം, നമ്മള്‍ അത്രയും ആഗ്രഹിച്ചാല്‍ ലോകം മൊത്തവും പ്രകൃതിമൊത്തവും നമ്മുടെ ഒപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ എനിക്ക് പേടിയില്ല. നേടിയെടുക്കും. ഇത്രയും കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്. അതിനു പ്രതിഫലം വേണം. കാശുണ്ടാക്കാന്‍ വേണ്ടിയുള്ളതല്ല ജീവിതം. ഞാന്‍ ഒരു സാധാരണ ക്കാരനാണ്. അവരോടൊപ്പം നില്‍ക്കും. ആരെയും വേദനിപ്പിക്കാതെയും ഒരുപാടു പ്രതിഫലം ആഗ്രഹിക്കാതെയും സമാധാനപരമായ ജീവിതം നയിക്കുക. ഒരുപാടു നേട്ടങ്ങള്‍ കൈവരിക്കണം. അതുകഷ്ടപ്പെട്ടു മാത്രം. നേരായ വഴിയിലൂടെ ഒരു ഡിവിയേഷമില്ലാതെ. കോടികളിലല്ലാ കാര്യം. സമാധാനവും സ്വസ്ഥവുമായി സാധാരണക്കാരനൊപ്പം സാധാരണക്കാരനുവേണ്ടി ആതുരസേവനം നടത്തണം. അതാണെന്റെ ലക്ഷ്യം.? കൗമാരക്കാരനായ യുവതീയുവാക്കള്‍ക്ക് എന്തുപദേശമാണ് കൊടുക്കാനുള്ളത്അവരെ ഉപദേശിക്കാന്‍ ഞാന്‍ ആരുമായിട്ടില്ല. ഞാന്‍ ഒന്നുമായിട്ടില്ല. എനിക്ക് സഞ്ചരിക്കാന്‍ ഇനിയും ഒരുപാട് കിടക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടമാണ് ജീവിതത്തെ മാറ്റിമറിക്കേണ്ട സമയം. ആ സമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരിടത്തും എത്തുകയില്ല. ഒരിക്കലെങ്കിലും കഷ്ടപ്പെട്ടില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടേണ്ടിവരും. ഇപ്പോള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കിട്ടും. കഷ്ടപ്പെടേണ്ട സമയം അറിഞ്ഞുകഷ്ടപ്പെടുക. കഷ്ടപ്പെടേണ്ട സമയമാണ് ടീനേജ് കാലം. കോളേജ് ലൈഫ് എന്‍ജോയ് ചെയ്യുക. മനസ്സറിഞ്ഞു പഠിക്കാനും മുന്നോട്ടു കുതിക്കാനും അവര്‍ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

You must be logged in to post a comment Login