ടെസ്റ്റ് റാങ്കിംഗിൽ കോലിക്ക് ഒന്നാം സ്ഥാനം നഷ്ടം; ബുംറക്കും തിരിച്ചടി

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനം മൂലം ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ടെസ്റ്റിലെ ഒന്നാം റാങ്ക് നഷ്ടം. കോലിയെ പിന്തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്തെത്തിയത്. കോലി രണ്ടാമതാണ്. സ്മിത്തിന് 911 പോയിൻ്റും കോലിക്ക് 906 പോയിൻ്റുമാണ് ഉള്ളത്. കോലി ഒന്നാം റാങ്കിൽ നിന്ന് പുറത്തായതിനൊപ്പം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ആദ്യ പത്തിൽ നിന്നും പുറത്തായി.

2, 19 എന്നിങ്ങനെയായിരുന്നു ടെസ്റ്റ് മത്സരത്തിൽ കോലിയുടെ സ്കോർ. 20 ഇന്നിംഗ്സുകളായി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലും അടിക്കാൻ സാധിക്കാതിരുന്നതും കോലിക്ക് തിരിച്ചടിയായി. ബുംറയാവട്ടെ, ഇപ്പോൾ റാങ്കിംഗിൽ 11ആം സ്ഥാനത്താണ്. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമാണ് ബുംറക്ക് നേടാനായത്. അടുത്തിടെ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനവും ബുംറക്ക് നഷ്ടമായിരുന്നു.

റാങ്കിംഗിൽ മൂന്നാമത് ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണാണ്. 853 പോയിൻ്റുകളാണ് വില്ല്യംസണ് ഉള്ളത്. ബൗളർമാരുടെ പട്ടികയിൽ 9ആം സ്ഥാനത്തുള്ള ആർ അശ്വിൻ മാത്രമാണ് ആദ്യ 10ലുള്ള ഏക ഇന്ത്യൻ താരം. 904 പോയിൻ്റുമായി ഓസീസിൻ്റെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ന്യൂസിലൻഡിൻ്റെ നീൽ വാഗ്നർ രണ്ടാമതുണ്ട്. ഓൾറൗണ്ടർമാരിൽ വിൻഡീസ് താരം ജേസൻ ഹോൾഡറാണ് ഒന്നാമത്.

ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 165 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 348 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും കൂടാരം കയറി.

You must be logged in to post a comment Login