ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പിസി ജോര്‍ജ്

PC-GEORGEതിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പിസി ജോര്‍ജ്. മന്ത്രിയുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥരെയാണ് വകുപ്പ് തലവന്മാര്‍ ആക്കേണ്ടത്. തച്ചങ്കരി എടുത്ത് ചാട്ടക്കാരനായിരുന്നു. പാലു തരുന്ന പശുവിന്റെ വേലിചാട്ടമാണ് തച്ചങ്കരിയില്‍ കണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തച്ചങ്കരിയെ പുറത്താക്കിയിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തച്ചങ്കരി കെബിപിഎസ് എംഡിയായി തുടരനാണ് തീരുമാനം.
പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ തലപ്പത്തുളള ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി ക്രമമാണെന്നും ഗതാഗത വകുപ്പില്‍ അത് വൈകി എന്ന് മാത്രമെന്നും തീരുമാന്തതോട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തച്ചങ്കരിയെ മാറ്റിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനും പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രിയെ നേരിട്ടാണ് ശശീന്ദ്രന്‍ തന്റെ ആവശ്യം അറിയിച്ചത്. തച്ചങ്കരി തുടര്‍ച്ചയായി വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. മന്ത്രിയും കമ്മീഷണറും തമ്മില്‍ കഴിഞ്ഞ കുറേനാളുകളായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുകയായിരുന്നു. അതിന്റെ അനിവാര്യമായ അന്തിമവിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
തന്റെ പിറന്നാള്‍ ദിനം ആഘോഷിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെയാണ് മന്ത്രിയും ഗതാഗത കമ്മീഷണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തിപ്രാപിച്ചത്.ഇക്കാര്യത്തില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം തച്ചങ്കരി ഖേദം പ്രകടിപ്പിച്ചെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഗതാഗത മന്ത്രികൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു ഖഏദപ്രകടനം. എന്നാല്‍ ഈ വേദിയിലും തച്ചങ്കരിയെ പരോക്ഷമായി മന്ത്രി വിമര്‍ശിച്ചിരുന്നു. അധികാരം ഉപയോഗിച്ചല്ല ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും ജനങ്ങളെ വെല്ലുവിളിച്ച് നിയമങ്ങള്‍ നടപ്പിലാക്കരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login