ട്രംപിനെ ശരീരത്തിലേറ്റി ഗായിക ജോയ് വില്ല; അമ്പരന്ന് ഗ്രാമി റെഡ്കാര്‍പ്പറ്റ്

joy-villa (1)

മറ്റൊരാളെ മനസ്സിലേറ്റാം എന്നാല്‍ ശരീരത്തിലേറ്റി ജോയ് വില്ല എത്തിയപ്പോള്‍ ഗ്രാമി വേദി അമ്പരന്നു. മുന്‍ വശത്തും പുറകിലും കടും നീല, ഇരു വശങ്ങളിലും വെള്ളപ്പകിട്ട്, രണ്ടു വശത്തു നിന്നും കഴുത്തിനെ ചുറ്റി വള്ളികള്‍, ചുമപ്പ് രേഖയില്‍ അഞ്ച് നക്ഷത്രങ്ങള്‍ അകമ്പടി, അതുക്കും മേലേ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’!

അതേ ആരും പ്രതീക്ഷിക്കാത്തതു തന്നെ. സുന്ദരിയുടെ വസ്ത്രപ്പകിട്ടില്‍ കണ്ണുതള്ളിയിരുന്നവര്‍ മത്സ്യകന്യക മാതൃകയില്‍ ഒഴുകുന്ന വസ്ത്രത്തിന്റെ താഴെ അതാ ഒളിഞ്ഞിരുന്ന പേര് ഒന്ന് തെളിഞ്ഞു. ‘ട്രംപ്’. ട്രംപിനെ ശരീരത്തിലണിഞ്ഞവള്‍!

അമ്പത്തിയൊമ്പതാമത് ഗ്രാമി അവാര്‍ഡ് വേദിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രചാരണ മുദ്രാവാക്യവും പേരും പതിപ്പിച്ച ഗൗണ്‍ അണിഞ്ഞ് ഗായിക ജോയ വില്ല പ്രത്യക്ഷപ്പെട്ടത്.

സസ്യഹാരപ്രിയയും സ്ത്രീസ്വാതന്ത്ര്യ വാദിയുമായ ജോയ് വില്ല ഇത്തരത്തില്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി വിവാദം പുകയുകയാണ്. ട്രംപ് എത്ര പണം വാഗ്ദാനം ചെയ്തു എന്നതടക്കമുള്ള കമന്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. എന്തായാലും ജോയ് വില്ല ഇത്രയ്ക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒറ്റ വേദി കൊണ്ടല്ലേ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം ആയത്. അതിനും ട്രംപ് വേണ്ടി വന്നു.!

You must be logged in to post a comment Login