ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി; വീഴ്ച സംഭവിച്ചത് ജീവനക്കാരനില്‍ നിന്ന്

വാഷിങ്ടണ്‍: നാല്‍പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി. ട്വിറ്ററില്‍ ജോലിചെയ്യുന്ന ജീവനക്കാരിലൊരാള്‍ കരുതിക്കൂട്ടി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസമാണു സംഭവമെന്നു ട്വിറ്റര്‍ കമ്പനി വ്യക്തമാക്കി. പ്രസിഡന്റിന്റെ അക്കൗണ്ട് ട്വിറ്ററില്‍നിന്ന് 11 മിനിറ്റാണ് അപ്രത്യക്ഷമായത്. പ്രാദേശിക സമയം വൈകിട്ടു നാലുമണിക്കാണ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായത്. @realDonaldTrump എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തിരയുമ്പോള്‍ പേജ് നിലവിലില്ല എന്ന സന്ദേശമായിരുന്നു കിട്ടിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും അഭ്യൂഹങ്ങളും പ്രചരിച്ചു.

എന്താണു നടന്നതെന്നു പരിശോധിച്ച ട്വിറ്റര്‍, കമ്പനിയിലെ ജീവനക്കാരനുണ്ടായ പിഴവാണെന്നു കണ്ടെത്തി. 11 മിനിറ്റിനു ശേഷം ട്രംപിന്റെ അക്കൗണ്ട് വീണ്ടും സജീവമായി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നു പറഞ്ഞ ട്വിറ്റര്‍, ആരാണ് ആ ജീവനക്കാരനെന്നു പരസ്യമാക്കിയില്ല.

ഉത്തര കൊറിയയ്‌ക്കെതിരെ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ കൊടുക്കുന്ന ട്രംപിന്റെ അക്കൗണ്ട് കാണാതായതു പലതരം ആശങ്കകള്‍ക്കും വഴി തുറന്നു. അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പ്രചരിച്ചത്. സുരക്ഷിതമായി അക്കൗണ്ട് സൂക്ഷിക്കാത്തതിനു പ്രസിഡന്റിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നു. മോശമായ രീതിയില്‍ പ്രതികരണം നടത്തിയാല്‍ ട്വിറ്റര്‍തന്നെ അക്കൗണ്ട് നീക്കം ചെയ്യാറുണ്ടെന്ന ചര്‍ച്ചകളും സജീവമായി.

You must be logged in to post a comment Login