ട്രംപില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ഷിന്‍സോ ആബേ; നിയുക്ത യുഎസ് പ്രസിഡന്റിന്റെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രധാനമന്ത്രിയുമായി

trump-n-abe

ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ട്രംപുമായി ചേര്‍ന്ന് വിശ്വാസത്തിന്റെ ഒരു ബന്ധം പടുത്തയുര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ആബേ പറഞ്ഞു.

ഊഷ്മള അന്തരീക്ഷത്തില്‍ നടത്തിയ കപടമില്ലാത്ത കൂടിക്കാഴ്ചയെന്നാണ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ ആബെ വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ 90 മിനിറ്റോളം നീണ്ടുനിന്നും ട്രംപും ആബേയും തമ്മിലുള്ള കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് നടത്തിയ പല പ്രസ്താവനകളും ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഒബാമ മുന്‍കൈയെടുത്ത് തയ്യാറാക്കിയ ട്രാന്‍സ്-പസഫിക് വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ട്രംപിന്റെ രാഷ്ട്രത്തലവന്‍മാരുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഷിന്‍സോ ആബേയുമായുള്ളത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തുടങ്ങിയതാണ് യുഎസും ജപ്പാനും തമ്മിലുള്ള ബന്ധം. അന്ന് ജപ്പാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിച്ചത് യുഎസ് ആയിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിന് ആശംസകള്‍ നേരുന്നതിനായി ആബേയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. പെറുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് വ്യാപാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് ആബേ ന്യൂയോര്‍ക്കിലെത്തിയത്. ട്രംപുമായി നല്ല ബന്ധം പുലര്‍ത്താനും ലോകസമാധാനത്തിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്നും ആബെ പറഞ്ഞു.

You must be logged in to post a comment Login