ട്രാക്കിങ് ഇരട്ട ക്യാമറയുമായി സാംസങ് വരുന്നു


ഗ്യാലക്‌സി നോട്ട് 7നു നേരിട്ട ദുരന്തത്തിനു ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കുകയാണ് സാംസങ് . സാംസങ് അടുത്ത നാളുകളില്‍ സമര്‍പ്പിച്ച പേറ്റന്റ് കാണിക്കുന്നത് കമ്പനി ട്രാക്കിങ് (അനങ്ങുന്ന വസ്തുവിനെ പിന്തുടരുക) ശേഷിയുള്ള ഇരട്ട ക്യാമറയാണ്. ഈ ഇരട്ട ക്യാമറ ഐഫോണ്‍ 7പ്ലസിലും എല്‍ജി ജി5ലും കണ്ടതു പോലെ തന്നെ രണ്ടു ഫോക്കല്‍ ലെങ്ത് ഉള്ളതായിരിക്കും.

മുന്‍പിലും പശ്ചാത്തലത്തിലുമുള്ള വസ്തുക്കള്‍ ഫോട്ടോയില്‍ വ്യക്തതയോടെ പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ക്യാമറയുടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് കൊറിയയില്‍ ഫയല്‍ ചെയ്ത 37 പേജുള്ള പേറ്റന്റില്‍ കമ്പനി പറയുന്നത്. ഏതൊക്കെ ഫോക്കല്‍ ലെങ്തിലുള്ള ഇരട്ട ലെന്‍ലുകളെയാണ് സാംസങ് പരിഗണിക്കുന്നതെന്നോ അവയ്ക്ക് എത്ര മെഗാപിക്‌സല്‍ ശേഷിയുണ്ടാകും എന്നോ യാതൊരു സൂചനകളുമില്ല.

സാംസങിന്റെ ഇരട്ട ക്യാമറകളുടെ ട്രാക്കിങ് ദൗത്യം വളരെ ലളിതമായി നേടാവുന്നതാണ്. വൈഡ് ആങ്ഗിള്‍ ലെന്‍സ് ഫ്രെയ്മില്‍ ചലിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കും. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ ടെലീഫോട്ടോ ലെന്‍സ് അതിനെ ട്രാക്കു ചെയ്യാനും തുടങ്ങും. ചലിക്കന്ന വസ്തു നിരന്തരം ഫോക്കസില്‍ ആയിരിക്കുന്നതിനാല്‍ സബ്ജക്ട് എവിടെയായിരിക്കുമെന്ന ഭയപ്പാടില്ലാതെ ക്യാമറ ഉപയോഗിക്കുന്നയാള്‍ക്ക് സൂം തുടങ്ങിയ മറ്റു സെറ്റിങുകള്‍ ക്രമീകരിക്കുന്നതില്‍ ശ്രദ്ധിക്കാമെന്നാതാണ് ഇതിന്റെ ഗുണം.

You must be logged in to post a comment Login