ട്രാൻസിലെ ആദ്യ ഗാനം ‘രാത്ത്’ പുറത്ത്; ട്രെഡിംഗിൽ രണ്ടാമത്

ഫഹദ് ഫാസിൽ ചിത്രം ട്രാൻസിലെ ‘രാത്ത്’ എന്ന ഗാനത്തിന്റെ ഓഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. പാട്ട് യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണ്. വ്യത്യസ്ത രീതിയിലുള്ള പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘സൈക്കിഡെലിക്’ ഫീൽ നൽകുന്നതാണ് പാട്ടെന്നാണ് അവകാശവാദം. പാട്ടിന് സംഗീതമൊരുക്കിയത് ജാക്‌സൺ വിജയനാണ്. റെക്‌സ് വിജയന്റെ അനിയനായ ജാക്‌സൺ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാൻസ്. സിനിമയിലെ എല്ലാ പാട്ടുകളും വ്യത്യസ്ത രീതിയിൽ ആണൊരുക്കിയതെന്നാണ് വിവരം. സ്‌നേഹ ഖൻവാൽക്കറും നേഹാ നായറും ചേർന്നാണ് ആലാപനം. ഹിന്ദിയിലുള്ള വരികളെഴുതിയിരിക്കുന്നത് കമൽ കാർത്തിക്കും മലയാളത്തിലെ ഭാഗമെഴുതിയത് വിനായക് ശശികുമാറുമാണ്. വ്യത്യസ്ത ലുക്കിലുള്ള നസ്രിയയെയും ചിത്രങ്ങളില്‍ കാണാം. നേരത്തെ പാട്ടിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു.

ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് സംവിധാനം ചെയ്ത അവസാന ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികൾ’ എന്ന ആന്തോളജി ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ചിത്രത്തിൽ ഫഹദിനൊപ്പം വിനായകൻ, ഗൗതം വാസുദേവ് മേനോൻ, നസ്രിയാ നസിം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്.

You must be logged in to post a comment Login