ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം, പരമ്പര നേട്ടവും

madana a

ദക്ഷിണാഫ്രിക്കയിലെ ന്യുലാന്‍ഡില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ന് നടന്ന അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിത ടീം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം 18 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി മിതാലി രാജ് 50 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടി. ജെമിയ റോഡിഗ്രസ് 34 പന്തുകള്‍ നേരിട്ട് 44 റണ്‍സ് നേടി ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ഹര്‍മീത്പ്രീത് കൗര്‍ ആഞ്ഞടിച്ചു. 2 സിക്‌സറുകളും ഒരു ഫോറുമടക്കം 27 റണ്‍സ് നേടി കൗര്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് നേടിയ മാരിസെന്‍ കാപും 25 റണ്‍സ് നേടിയ ചോ ട്രെയോണും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യന്‍ ബൗളേഴ്‌സ് മികച്ച നിലവാരം പുലര്‍ത്തിയതാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത്. ശിഖ പാണ്ഡെ, റൂമിലി ദാര്‍, രാജേശ്വരി ഗയാക്വേര്‍ഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

You must be logged in to post a comment Login