ട്വിറ്ററില്‍ നരേന്ദ്ര മോദിക്ക് അബദ്ധം പറ്റി; ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്‌റഫ് ഘാനി നല്‍കിയ മറുപടിയുമാണു പുതിയ വാര്‍ത്തയ്ക്കു കാരണം.

ghani-and-modi
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അങ്ങനെയുള്ള മോദിക്കും ട്വിറ്ററില്‍ ഒരു പണി കിട്ടി. ലോക നേതാക്കള്‍ക്ക് ആശംസകള്‍ കൈമാറുകയും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ജനങ്ങളുമായി സംവദിക്കാനുമെല്ലാം മോദി ട്വിറ്റര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മോദിക്ക് പറ്റിയ ഒരബദ്ധം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്‌റഫ് ഘാനി നല്‍കിയ മറുപടിയുമാണു പുതിയ വാര്‍ത്തയ്ക്കു കാരണം. മെയ് 19ന് ജന്മദിനം ആഘോഷിക്കുന്ന ഗനിക്ക് ഫെബ്രുവരി 12നാണ് മോദി ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്. ജന്മദിനത്തില്‍ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

ghani

എന്നാല്‍ അതിനുള്ള മറുപടിയായി ഘാനി പറഞ്ഞത് എന്റെ പിറന്നാള്‍ മേയ് 19ന് ആണെന്നാണ്. പക്ഷേ, മോദിയുടെ ആശംസകള്‍ സ്വീകരിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ മോദിക്കു പറ്റിയ അബദ്ധം ട്വിറ്ററില്‍ തരംഗമായി. മോദിയെ കളിയാക്കിയും പ്രതിരോധിച്ചും നിരവധി ട്വീറ്റുകളാണ് പ്രചരിക്കുന്നത്.

എന്നാല്‍ അഷ്‌റഫ് ഘാനിയുടെ പിറന്നാള്‍ ഫെബ്രുവരി 12നാണ് എന്നാണ് ഗൂഗിള്‍ സേര്‍ച്ചില്‍ കാണിക്കുന്നതെന്നും ഇതുകണ്ടാകും മോദി ട്വീറ്റ് ചെയ്തതെന്നുമാണ് അദ്ദേഹത്തെ പ്രതിരോധിക്കുന്നവര്‍ പറയുന്നത്. സംഗതി എന്തായാലും മോദിക്ക് പറ്റിയ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളായി മാറി.

You must be logged in to post a comment Login