ഡബ്ബാവാല

 

ചേറുക്കാരന്‍ ജോയി


ഖില്ല! കുറ്റപ്പേരല്ലത്. സ്ഥാനപേര്. ഉദ്യോഗക്കയറ്റം കിട്ടിയതാണ്. പച്ചമലയാളത്തിലത് തര്‍ജമ ചെയ്താല്‍ ആണി. ആണിക്കല്ലാണ് സംശുദ്ധ ഭാഷ. ഇയാള്‍ പ്രകൃതം കൊണ്ട് റഫാണ്. സൗഹൃദത്തിലാണേല്‍ ചുണക്കുട്ടനും. ദേഹാധ്വാനമുള്ള ജോലി. ചുമക്കലും മേല്‍ നോട്ടവും. നല്ല വരുമാനവും ലഭിക്കും. യാത്ര അതിലും വലിയ ഭഗീരഥ പ്രയത്‌നം. പീക്കവറില്‍ മുംബൈ സിറ്റി സമുദ്രമാകും. ഇലക്ട്രിക്ക് ട്രെയിനുള്ളില്‍ സൂചി കുത്താനിടം നോക്കേണ്ട. റഷ് ഒരു വശത്ത്. ഇറക്കവും കയറ്റവും മരണവെപ്രാളവും. മഹാ തള്ളിച്ചകള്‍ക്ക് നടുവേ നിന്നുകൊടുത്താല്‍ മാത്രം മതി. സംഗതി എളുപ്പം.
പകച്ചുപോയി ജനത്തിനിടം കൊടുത്താല്‍ ജീവിതം തുലഞ്ഞു. മൃത്യു അപകടവും പിണയാം. ഇതുപോലൊരു മനസ്സഴവാണ് ഖില്ലക്ക് സംഭവിച്ചത്. മെട്രോ സിറ്റി കണ്ട് പയ്യന്‍ അന്തം വിട്ടതാണ്. സര്‍വം നഷ്ടമായി. പേരു പോലും ജാതകത്തില്‍ നിന്നു നീക്കപ്പെട്ടു.
ചെമ്പൂരിലെ ഷെല്‍ഫ് കോളനിയാണ് ഖില്ലയുടെ സാമ്രാജ്യം. കൊച്ചുകൊച്ചു ജോപ്പടകള്‍. ലക്ഷം വീടിനേക്കാള്‍ പരിമിതമായ സൗകര്യങ്ങള്‍. മുറിയൊന്ന്. തറ മൂന്നോ നാലോ വീതം വച്ചിരിക്കും. അതും തട്ടടിച്ച് രണ്ടു പാളി. അമ്പതോ എഴുപതോ സ്‌ക്വയര്‍ഫീറ്റ് ഏരിയ. രണ്ടു സമ്പൂര്‍ണ കുടുംബങ്ങള്‍. ബാച്ചിലേഴ്‌സാണേല്‍ പത്തും ഇരുപതും പേര്‍. ഇടതിങ്ങിയല്ല. സൗകര്യങ്ങളോടെയാണ് പൊറുപ്പ്. മേല്‍ക്കൂര ഷീറ്റോ ആസ്ബറ്റോസോ. ചുട്ടുപഴുത്താല്‍ ഉള്ളില്‍ മരുഭൂമി. മണ്‍സൂണിറക്കത്തില്‍ അകത്ത് ചോര്‍ന്നൊലിച്ച് പേമാരിയും. കോരിക്കുടിക്കാന്‍ പൈപ്പുവെള്ളം. അകത്തല്ല. പുറത്ത്. കുളിയും തേവാരവും സമൂഹമായി. മല വിസര്‍ജനത്തിന് റെയില്‍പാളങ്ങളാണ് സൗകര്യപ്രദം. കോമണ്‍ മുന്‍സിപ്പാലിറ്റി ശൗചാലയങ്ങളുമുണ്ട് പേരിനിവിടെ. അവിടെ വരി നില്‍ക്കുക സാഹസം. പൊതുവേ സ്ത്രീകളുടെ നാടകവേദിയാണിത്. പാട്ട വെള്ളവുമായി കാവല്‍. അതിനും ശുചിത്വക്കാര്‍ക്ക് കരമടക്കണം. നിലവില്‍ പല ദാദാഗിരികളുമുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ ഒരിക്കലും സഫലമാകാറില്ല. ഇനി ഖില്ലയെ ബൗണ്ടറിയില്‍ നിന്നു പ്ലേ ഗ്രൗണ്ടില്‍ ഇറക്കാം. നല്ല ഉയരം. മെലിഞ്ഞൊട്ടിയ ശരീരം. കവിളത്ത് തൊലിരാശി മാത്രമുണ്ട്. ആഴ്ചയിലൊരിക്കല്‍ ക്ഷൗരമുള്ളതിനാല്‍ മുഖം കാടുപിടിക്കില്ല. വെട്ടിവെടുപ്പാക്കാത്തവരെ കറക്കുകമ്പനിയില്‍ കൂട്ടില്ലെന്ന അലിഖിത നിയമമുണ്ട്. സംഘടനാ പ്രതിനിധികളതെല്ലാം വേണ്ടുംവിധം പാലിച്ചിരിക്കണം. ഇല്ലേല്‍ കസ്റ്റമേഴ്‌സ് നേര്‍ പകുതിയായി വെട്ടിച്ചുരക്കപ്പെടും. വരുമാനകമ്മിയും.
ഉപജീവനത്തിന് ആശ്രിതന്‍ ഡബ്ബ തന്നെയാണ്. ഖില്ലയെ പരിചയപ്പെടുത്തിയിട്ടാകാം ടിഫിന്‍ കഥയുടെ മാഹാത്മ്യം. ചാള്‍സ് രാജകുമാരന്‍പോലും ഡബ്ബാവാലകളുടെ കഴിവുകണ്ട് പ്രശംസിച്ചിട്ടുണ്ട്. അത്തരം ചില കീര്‍ത്തി മുദ്രകള്‍ ഖില്ലയുടെ കൈവശവും വന്നു.
ശരത്ചന്ദ്രന്‍ എന്നാണ് കില്ലാഡിയുടെ സമ്പൂര്‍ണ നാമദേയം. ജനിച്ചതും വളര്‍ന്നതും കേരളത്തില്‍ തന്നെ. അച്ചന്‍ റെയില്‍വേയിലായിരുന്നു. ലോ ക്ലാസ് ലേബര്‍. എങ്കിലും സ്ഥലംമാറ്റത്തില്‍ കുറവില്ല. പലയിടത്തും പഠിച്ചു. നല്ല മാര്‍ക്കോടെ ഡിഗ്രിയെടുത്തെന്നാണ് ഖില്ല അവകാശപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് മോഷണം പോയെന്നും.
പല മോഹക്കാരെപ്പോലെ ഗള്‍ഫിലേക്ക് കടക്കാനാണ് പണ്ട് ബോംബെയിലെത്തിയത്. ഏജന്റ് മണിയാശാന്‍ പലരെ കയറ്റിവിട്ടിട്ടുണ്ട്. പരസ്യമല്ല. സത്യമാണ്. ഉറുപ്പിക നാല്‍പതിനായിരമാണന്ന് നിരതദ്രവ്യമടച്ചത്. രസീതിയല്ല, ഒരു കുറിപ്പടി കൈയിലുണ്ട്. പണം പറ്റിയതാണെന്നും തുകയും. ഒരു റബ്ബര്‍ സ്റ്റാമ്പും. അതിനു മീതെ കാലഹരണപ്പെട്ട ഒപ്പം. പൊന്നുപോലാണ് റിക്കോഡ് ചിറ്റ് സൂക്ഷിച്ചിരിക്കുന്നത്. കേസുനുള്ള അടുരേഖ.
അന്നത്തെ അവസ്ഥയില്‍ ഖില്ല കൂലിപട്ടാളമായിരുന്നു. പഠിച്ചിട്ടു തരാമെന്നേറ്റിരുന്നത് ഹെല്‍പര്‍ ജോലിയാണ്. ബോംബെ സാമ്രാജ്യം ചുട്ടുപഴുത്ത് കിടക്കുന്നു. ദിവസം പ്രതി പതിനായിരവും അധിലധികവും ചെലവിടുന്ന ധര്‍ബാറുകാരുണ്ട്. പത്തു രൂപാ നോട്ടിന് പട്ടിഭരണം സുഖിന്നവരും ഇടകലര്‍ന്ന സിറ്റി.
ശരത്ചന്ദ്രന്‍ കഥകളനവധി കേട്ടിരുന്നു. പാസ്‌പോര്‍ട്ടും മറ്റു സാമഗ്രികളുമായി സന്തുഷ്ടനായി തിരിച്ചുള്ള വരവ്. ഡാമേജില്ലാതിരിക്കാന്‍ വി.ടി. (വിക്ടോറിയ ടെര്‍മിനസ്) യില്‍നിന്നു ട്രെയിന്‍ പിടിച്ചു. ഉച്ച തോര്‍ച്ചയായിരുന്നു. ഏതാണ്ട് നാലഞ്ച് സ്‌റ്റേഷന്‍ കഴിഞ്ഞതും ആള്‍ക്കൂട്ടമേറി. ഒറ്റയ്ക്കായിരുന്നു. ബഹളത്തില്‍ മുങ്ങി. പിടിച്ചുപറിക്കാരായിരുന്നു. വട്ടം പിടിച്ച് മൊത്തം കാലിയാക്കി. വിസയും ടിക്കറ്റും പാസ്‌പോര്‍ട്ടും പണവും മാത്രമല്ല, സര്‍ട്ടിഫിക്കറ്റുകളടക്കം അടിച്ചെടുത്തു.
കൂക്കിവിളിച്ച് പ്രതിരോധം ഉന്നയിക്കുക സ്വാഭാവികം. തൊട്ടടുത്ത സ്‌റ്റേഷനില്‍ വലിച്ച് പുറത്തേക്കിട്ടു. ട്രെയിന്‍ നീങ്ങിയതും ചോര്‍ ചോര്‍ മുറവിളി. സ്‌റ്റേഷനില്‍ ഈച്ചയാര്‍ത്തപോലെ ജനം വട്ടം കൂടി. മതിയാവും വരെ പൊസക്കി. കലിപ്പ് തീരാന്‍ നോക്കി പോലീസും കാവലുണ്ട്. അവശനായവന്റെ പോക്കറ്റുകളും, അണ്ടര്‍ വെയറും വരെ ഇറങ്ങിത്തപ്പി. കാല്‍കാശ് തടഞ്ഞില്ല. അതോടവര്‍ക്കും ശൗര്യംവച്ചു. സമയം നഷ്ടപ്പെടുത്തിയതിന് വേതനം വേണ്ടേ?. കൈക്കൂലി മറന്നു. പിടിവലി കിട്ടാവുന്നവരും തന്നു.
പിറ്റേന്ന് ജീവച്ഛവത്തെ കോടതിയില്‍ ഹാജരാക്കി. ഇന്ത്യന്‍ പീനല്‍കോഡ് നിയമത്തിലെ എല്ലാ നമ്പര്‍ കളവുകളും ചാര്‍ജ് ചെയ്തു. സാക്ഷികളായി നിരവധി പേര്‍. സ്വന്തം മോഷണകഥ അവതരിപ്പിക്കാനൊത്തില്ല. പണമടച്ചാല്‍ ജാമ്യം. അറിയാവുന്ന നമ്പറുകളെല്ലാം പറഞ്ഞുകൊടുത്തു. കെട്ടിച്ചമച്ച കേസുകളുടെ വലിപ്പം കേട്ടാവാം ആരും തിരിഞ്ഞു നോക്കിയില്ല. ഏതാണ്ട് ഒരുവര്‍ഷം ജയിലില്‍ കിടന്നരിഷ്ടിച്ചു. അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ തുറന്നുവിടുകയും ചെയ്തു.
ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതും പുറംലോകം അപരിചിതമായി. റോഡുകളും ബഹളവും. വിയര്‍ത്തൊലിപ്പും. വയറിന്റെ ലഹളയും മുറയ്ക്കുവന്നു. ജയില്‍ വാസത്തിനിടെ കൂലിപ്പണിയിനത്തില്‍ ഒരു തുക സ്വരൂപിച്ചിരുന്നു. അത് കീറിപാറിയ പോക്കറ്റിലുണ്ട്.
ലക്ഷ്യം എത്രയും പെട്ടെന്ന് വീടും നാടും എത്തുകയെന്നായിരുന്നു. നിര്‍ഭാഗ്യമല്ല. തലവര. വിശപ്പ് മറന്ന് ജനക്കൂട്ടത്തില്‍ തള്ളിക്കയറിയതാണ്. പലരും ഒരുമകാട്ടി. ശരത്ചന്ദ്രന്‍ ഉരുണ്ടുവീണു. റെയില്‍വേ പാളത്തില്‍ പോയെന്നാണ് ബോധം തെളിഞ്ഞപ്പോള്‍ അറിവുകിട്ടിയത്. കീശകാലി. കളഞ്ഞുപോയതോ മേല്‍പടി പോക്കറ്റടിച്ചതോ? ഉരുക്കിയുണ്ടാക്കിയതും റെയില്‍പാളത്തിലൂടെ ഒലിച്ചുപോയി.
പണ്ടത്തെ അനുഭവം വച്ച് വായ തുറന്നില്ല. പോക്കറ്റടിച്ചേയെന്ന് കൂവി വിളിച്ചതിനാണ് ഒരു വര്‍ഷം അകത്തിട്ടത്. ചോദ്യം ചെയ്യലില്‍ ഗുരുതരമായി പരിക്കും. നാടെത്താന്‍ ഒരു ഉപാധി?. പഴയ സങ്കേതം തേടിച്ചെന്നു. മണിയാശാനില്ല. ഏജന്റ് മാറിയിരുന്നു. പേരും വിവരവും പന്ത്‌നഗറിലെ ഹൗസിംഗ് കോളനിക്കാരോട് പറഞ്ഞു. ഒരു ഫയല്‍. അതടക്കിയ കവര്‍. ചപ്പുചവറ് കടലാസും കിഴിപോലെ കിട്ടി. സമ്പത്തുമായി അലഞ്ഞു. പൈപ്പുവെള്ളം കുടിച്ച് ജീവിച്ചു. കള്ളവണ്ടി കയറാന്‍ ധൈര്യപ്പെട്ടില്ല. ട്രെയിന്‍മാര്‍ഗം രണ്ടുപ്രാവശ്യം ചതിക്കപ്പെട്ടതാണ്.
മേലെ ഉപജീവനക്കാരെ കയറ്റി പറക്കുന്ന ഫ്‌ളൈറ്റുകളുണ്ട്. കണ്ടിരുന്ന് മോഹം തീര്‍ത്തു. ഭിക്ഷ ഇരന്നു. ചില്ലികള്‍ നേടി. ഒടുവില്‍ വിശപ്പടക്കാന്‍ ഒരു വടാപാവ് റാഞ്ചി. പുരുഷാരം. തിളപ്പിച്ച വെള്ളം തട്ടുകടക്കാരന്‍ പിടിച്ചുനിര്‍ത്തി തലയിലൊഴിച്ചു. വീണ്ടും പ്രാദേശിക കളവുകേസ് ചുമത്തി. നിരവധി തെളിയാത്ത കുണ്ടാമണ്ടികള്‍ പെടലിക്കിട്ടു. മര്‍ദ്ദനം സഹികെട്ട് എല്ലാം സമ്മതിക്കേണ്ടിവന്നു. ഇക്കുറി ബന്ധുക്കളുടെ നമ്പറുകള്‍ നല്‍കി. അവരൊക്കെ ചത്തുപോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ച് വിളിച്ചുപറഞ്ഞു. തലവര മായ്ക്കാന്‍ ആര്‍ക്കു കഴിയും?. എല്ലാവരും ഉപേക്ഷിച്ചതാണ്. ഖില്ലസേഠ് പ്രത്യക്ഷമായി കഥാനായകന്റെ മുന്നിലെത്തി. ശുക്രന്‍ തെളിഞ്ഞു. ജാമ്യമെടുത്തു. ചെറുപ്പക്കാരനെ അനന്തര അവകാശിയാക്കി. ആയിരം രൂപയോ മറ്റോ ആണന്ന് പിഴയടച്ചത്. തലയില്‍ ഗാന്ധിതൊപ്പിയും മല്‍മല്‍ശീട്ട് കാല്‍സറായിയും. കൊമ്പന്‍മീശ. പുലിവരയന്‍ കുപ്പായം. തമ്പാക്ക് വായില്‍ സദാ തിരുകിയിരിക്കും. കച്ചവടത്തിന്റെ ട്രിക്കുപോലെ. സംഘത്തില്‍ അംഗത്വം. പിന്നെ വെച്ചടി ഉയര്‍ച്ച. സമാന്തരകഥയിലാണിത്തരം സേവനം തരപ്പെട്ടത്. പറഞ്ഞാല്‍ തീരാത്ത വലിയൊരു വ്യവസായ ശൃംഖലയുടെ അച്ചാണിയായി. ദേഹാധ്വാനം നന്നായിട്ടുണ്ട്. ആയിരത്തി എഴുന്നൂറ്റിചില്ല്വാനം ടിഫിനാണ് ഖില്ല നിയന്ത്രിക്കുന്നത്. താളത്തിനൊത്ത് അയാളും പണിയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്കുണരും. കിലോ മീറ്റര്‍ ദൂരത്തുപോയി ടിഫിന്‍ കയറ്റിയ അലുമിനിയം ഡബ്ബകള്‍ ശേഖരിക്കണം. തലചുമടും സൈക്കിള്‍ വഴിയും. എണ്ണം തെറ്റാതവ തൊട്ടുള്ള സ്റ്റേഷനില്‍ വട്ടം കൂടുന്നു. പലയിടത്തേക്കുള്ളവ. പോസ്റ്റര്‍ സോര്‍ട്ടിംഗ് ഓഫീസ് പോലൊരു പ്രവര്‍ത്തനം. ഏരിയവച്ച് നമ്പറിട്ട ഡബ്ബകള്‍ വേര്‍പിരിയുന്നു. റൂട്ടുതെറ്റാതവ കിലോമീറ്ററുകളോളം അകലെയെത്തും. ഉച്ചയൂണിന് അതത് ഓഫീസ് പടിവാതില്‍ക്കല്‍ ആളെ തെറ്റാതെ പ്രത്യക്ഷപ്പെടും. ഒരിക്കലും തന്താങ്ങളുടെ ടിഫിന്‍ മാറിപ്പോകില്ലെന്ന് ഉപഭോക്താക്കളുടെ പക്ഷം. ഒറ്റതിരിഞ്ഞ് പറ്റംവിടില്ലെന്ന ഖ്യാതി ഓപ്പറേറ്റര്‍മാര്‍ക്കും. ഡബ്ബാവാലകള്‍ മെട്രോയില്‍ പച്ചപിടിച്ചതിങ്ങനെ.
മറ്റൊരു സവിശേഷത സമയനിഷ്ഠ. പത്തു മണിക്കോ പതിനൊന്നിനോ സ്വന്തം വീട്ടില്‍ നിന്നിറങ്ങുന്ന ചൂടുള്ള ഭക്ഷണം. കറങ്ങിത്തിരിഞ്ഞ് ഊട്ടും കഴിഞ്ഞ് നാലഞ്ചു മണിക്കു മുമ്പേ ഫ്‌ളാറ്റ് വീട്ടിലും. വെറും കണ്‍ നമ്പറിന്റെ കറക്കത്തിലാണീ മുച്ചീട്ടുകളി. ഉന്നം പിഴച്ച കേസുകള്‍ വളരെ വിരളം. മാജാലാജത്തിലെ കണ്‍കെട്ടുതന്നെ. എന്തായാലും ശരത്ചന്ദ്രന്‍ തിരിഞ്ഞ് പിറകോട്ടില്ല. ഇതുമതി ജീവിതം. മഹാരാഷ്ട്ര ഇഷ്ടബോധിച്ചു. കൂലിയാള് പോലെ പണിയാനും മടിയില്ല. അന്തിക്ക് നാനൂറ് മില്ല സൊറ വെള്ളം പോലെ മോന്തും. കൂട്ടുകൃഷികളൊന്നും വേണ്ട. ലേശം ഐസോ വെള്ളമോ ചേര്‍ക്കും. മേലെ അത്താഴ പശിമ. തമ്പാക്ക് അയവിറക്കലാണ് മറ്റൊരു ദുശീലം. കാരണം പറയുന്നത് സന്തുഷ്ട വിവാഹ ജീവിതം മര്‍ദ്ദനങ്ങളേറ്റ് മുടങ്ങി. ലൈംഗികശേഷി തീര്‍ത്തും നഷ്ടപ്പെട്ടതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ക്ഷീണം തീര്‍ക്കാന്‍ ബാക്കി ഹരങ്ങള്‍. വിശിഷ്ട സേവനത്തിന് ഒരു വെള്ളിമെഡല്. രണ്ട് സര്‍ട്ടിഫിക്കറ്റ്. ഒരു തലക്കിരീടം. മമന്റോ സ്റ്റാച്യൂവെല്ലാം ലഭിച്ചിട്ടുണ്ട്. സാര്‍വജനിക വേദികളില്‍ മഹാവ്യക്തികള്‍ സമ്മാനിച്ചതാണത്രേ. പുരസ്‌കാരങ്ങള്‍ക്കുള്ള ശുപാര്‍ശ പറ്റുകാരുടേതും. പോലീസുകാരാണിന്ന് ഖില്ലയുടെ വലിയ കൂട്ടുകെട്ട്. നാട്ടുവിശേഷങ്ങളറിയാന്‍ ഖില്ലക്ക് താല്‍പര്യമുണ്ട്. നാട്ടില്‍ പോകണമെന്നില്ല. ഇരുപത്തേഴ് പേരുടെ മുഖ്യാധിപനായ ഖില്ലയാണ് ഞാന്‍. ഊറ്റത്തിനൊട്ടും കുറവില്ല.

 

You must be logged in to post a comment Login