ഡയറി ഫാം തുടങ്ങാം സര്‍ക്കാര്‍ ആനുകൂല്യത്തോടെ

കേരളത്തിലെ വളരെ എളുപ്പത്തിലും കൃത്യമായ ആനുകൂല്യങ്ങളോടെയും തുടങ്ങാവുന്ന ഒരു സംരഭമാണ് ഡയറിഫാം. ഫാം തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാര്‍ നോക്കിക്കൊളളും. മൃഗപരിപാലനത്തില്‍ താല്‍പര്യമുളള വ്യക്തികള്‍ സര്‍ക്കാര്‍ വ്യത്തങ്ങളെ സമീപിക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ്, കെ.എല്‍ .ഡി.എം ബോര്‍ഡ്, ക്ഷീര വികസന വകുപ്പ്, ഗ്രാമ വികസന വകുപ്പ് എന്നിവിടങ്ങളില്‍ നിന്നെല്ലാം അതാതുകാലത്തെ ആനുകൂല്യങ്ങള്‍ , സബ്‌സിഡികള്‍ , പ്രൊജക്റ്റുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബാങ്കുകള്‍ വഴി ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളും അതാത് വെബ്‌സൈറ്റുകളില്‍ നിന്നും അറിയാന്‍ കഴിയും.

പലപ്പോഴും ധനപരമായി സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ വേണ്ടി വരും. ഒരു ക്ഷീര പദ്ധതിക്ക് വേണ്ടി എങ്ങനെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാം എന്ന് വരും ലക്കങ്ങളില്‍ വിശദമാക്കാം. ഡയറി ബിസിനസ്സ് ആരംഭിക്കുന്ന ഓരോ കര്‍ഷകനും അതിനെക്കുറിച്ചുള്ള ഒരു സമഗ്ര വിവരം മനസ്സിലാക്കുന്നത് ആ ബിസിനസ്സ് വിജയത്തിന് ആവശ്യമാണു താനും. പശു, എരുമ, ആട് എന്നിവയെ വളര്‍ത്തുവാന്‍ സന്നദ്ധതയുള്ള കുടുംബങ്ങള്‍ക്ക് 50% വരെ സബ്‌സിഡി ലഭിക്കാം. വാര്‍ഷിക വരുമാനം 25,000 രൂപയില്‍ കവിയാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോഓപ്പറേറ്റീവ് സംഘം പോലെയുള്ളതോ പല കുടുംബങ്ങള്‍ ചേര്‍ന്നുള്ളതോ ആയ സംരംഭങ്ങള്‍ക്ക് ഇത് പ്രയോജനപ്രദമാകും എന്നുള്ളതുകൊണ്ടാണ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള സബ്‌സിഡികളെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നത്. വന്‍കിട പ്രൊജക്റ്റുകള്‍ക്ക് കാര്‍ഷിക ബാങ്കുകള്‍ക്കും നബാര്‍ഡിന്റെ പ്രൊജക്റ്റുകള്‍ക്കുമൊക്കെ പിന്‍ബലമേകാനാവും.

Dairy-Farming-0001
പൊതു വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് വിലയുടെ 50% എന്ന പരിധിക്ക് വിധേയമായി കറവയുള്ള പശുക്കളെ, എരുമകളെ വാങ്ങുന്നതിന് ഒന്നിന് പരമാവധി 15,000 രൂപയും ആടുകളെ വാങ്ങുന്നതിന് 10 കി.ഗ്രാം മുതല്‍ തൂക്കമുള്ള പെണ്ണാട് ഒന്നിന് പരമാവധി 3,000 രൂപയും സബ്‌സിഡി നല്കാവുന്നതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വ്യക്തിക്ക് ഇത് യഥാക്രമം 20,000 രൂപയും 4,000 രൂപയും സബ്‌സിഡി നല്കാവുന്നതാണ്. ഇത് ഇവിടെ വിവരിക്കാന്‍ കാരണം, ഇതേ നിര്‍ദ്ദേശത്തിന്റെ പരിധിക്കുള്ളില്‍ നിന്നുതന്നെ വ്യക്തിഗത സംരംഭകര്‍ക്ക് ഒന്നിലധികം ക്ഷീര ഉരുക്കളെ വാങ്ങുവാന്‍ സബ്‌സിഡി നല്കാമെന്ന് ഇതില്‍ വിശദമാക്കുന്നതിനാലാണ്. ഗ്രൂപ്പ് സംരംഭങ്ങളില്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്നും നിബന്ധനയുണ്ട്.

വായ്പാബന്ധിത പ്രൊജക്റ്റുകളില്‍ അതാതു പഞ്ചായത്തുകളില്‍ സബ്‌സിഡി തുക ബാങ്കില്‍ അടയ്ക്കണമെന്നുണ്ട്. അങ്ങനെയല്ലാത്ത സംഗതികളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ അനുമതിയോടെ സംരംഭകനു നേരിട്ടോ പഞ്ചായത്തു തല പര്‍ച്ചേസിംഗ് കമ്മിറ്റിയ്‌ക്കോ ക്ഷീര ഉരുക്കളെ വാങ്ങുവാനുള്ള അനുവാദവും ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നു. പര്‍ച്ചേസിംഗ് കമ്മിറ്റി ഇടപെടുമ്പോള്‍ ഗുണഭോക്തൃ വിഹിതം പഞ്ചായത്തില്‍ അടയ്ക്കണം എന്നുമുണ്ട്. കുറഞ്ഞത് മൂന്നു വര്‍ഷം ഇവയെ വളര്‍ത്തണമെന്ന് ഒരു കരാര്‍ വയ്ക്കുകയും ചെയ്യാം. കൂടു നിര്‍മ്മാണം, തീറ്റച്ചെലവ്, കടത്തു കൂലി, ഇന്‍ഷുറന്‍സ് തുക എന്നിവ പ്രൊജക്റ്റിന്റെ ഭാഗമാക്കരുത് എന്നേയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ പലവിധ പദ്ധതികള്‍ ‘നബാര്‍ഡി’ലൂടെ വിവിധ കാര്‍ഷിക പദ്ധതികളായി ക്ഷീരവ്യവസായത്തില്‍ അതാതു കാലങ്ങളില്‍ എത്തുന്നുണ്ട്. ദീര്‍ഘകാല ധന നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ നടത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ സഹായം സ്വീകരിക്കുന്നതാണ് ശരിയായ രീതി. ഉദാ. നബാര്‍ഡിന്റെ ‘ഡയറി ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സ്‌കീം’ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായിരുന്നു. വകയിരുത്തുന്ന തുകയുടെ പത്ത് ശതമാനം മാത്രം സംരംഭകര്‍ മുടക്കിയാല്‍ മതിയെന്നത് വലിയൊരു ധന സഹായം തന്നെ.

അതാതു കാലങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ സബ്‌സിഡികളും സൗജന്യങ്ങളുമൊക്കെ വാങ്ങിയെടുക്കാന്‍ പലപ്പോഴും കേരളത്തിലെ ക്ഷീര സംരംഭകര്‍ മടിക്കുന്നു. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഒന്നുകില്‍ അതിനെക്കറിച്ച് അറിവ് ലഭിക്കാത്തതിനാലോ അതുമല്ലെങ്കില്‍ ഇത്തരം സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനുള്ള വഴി ദുഷ്‌ക്കരമെന്നു കരുന്നതു കൊണ്ടോ ആവാം.

You must be logged in to post a comment Login