ഡല്‍ഹിയില്‍ സംഘർഷാവസ്ഥ; കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു, വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ

ഡല്‍ഹിയില്‍ സംഘർഷാവസ്ഥ; കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു, വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ

ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.‌എ‌.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍.

പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ (സി.‌എ‌.എ) പ്രതിഷേധിക്കുന്നവരും അനുകൂലിച്ച് സമരമേഖലയിലേക്ക് എത്തിയവരും തമ്മിലുണ്ടായ കല്ലേറില്‍ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

You must be logged in to post a comment Login