ഡല്‍ഹിയിലെ എടിഎം കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം

 • ഡല്‍ഹിക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു
 • പരിധിയില്‍ കൂടുതല്‍ പണം എടിഎമ്മിലേക്ക് കൊണ്ടുപോയതില്‍ സംശയം
 • കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍ ആസൂത്രണം

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍, എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ അറിവുകൂടാതെ വളരെ ആസൂത്രിതമായി കവര്‍ച്ച നടത്താന്‍ അക്രമികള്‍ക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. അക്രമികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന ബാഗ് എടിഎമ്മില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തു കണ്ടെത്തി. അന്വേഷണത്തിനായി ഡല്‍ഹി പൊലീസ് പ്രത്യേകസംഘത്തിനു രൂപംനല്‍കി.
  വടക്കന്‍ ഡല്‍ഹിയിലെ കമല നഗറില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം, സുരക്ഷാ ജീവനക്കാരനെ വെടിവച്ചുവീഴ്ത്തിയ ശേഷം എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
  പ്രതികള്‍ക്കായി ഡല്‍ഹിക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. പണം കൊണ്ടുവരുന്ന വാനിന്റെ നീക്കത്തെക്കുറിച്ച് സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരിലാരെങ്കിലും കൃത്യമായി വിവരങ്ങള്‍ നല്‍കാതെ, തിരക്കേറിയ സ്ഥലത്ത് ഇതേ രീതിയില്‍ കവര്‍ച്ച നടത്താനാകില്ലെന്ന് പൊലീസ് വിലയിരുത്തുന്നു. മാത്രമല്ല 18 ലക്ഷം രൂപ മാത്രമാണ് ഒരുതവണ എടിഎമ്മില്‍ നിറയ്ക്കാന്‍ കഴിയൂ. സുരക്ഷാ കവചമുള്ള വാനില്‍ നിന്ന് 18 ലക്ഷത്തില്‍ കൂടുതല്‍ തുക പുറത്തെടുക്കരുതെന്നാണ് ചട്ടമെന്നിരിക്കെ, ഒന്നരക്കോടി രൂപ അടങ്ങിയ ബാഗ് എടിഎമ്മിലേക്കു കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ നടപടിയും സംശയം സൃഷ്ടിക്കുന്നു.
  ചോദ്യം ചെയ്യുന്നതിനായി വാന്‍ ഡ്രൈവറേയും സൂപ്പര്‍ വൈസറേയും രണ്ടു ജീവനക്കാരേയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ നല്‍കാന്‍ സ്വകാര്യ കമ്പനിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നീണ്ട ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. അക്രമികള്‍ ഉപയോഗിച്ച ബൈക്കിന്റേത് വ്യാജ നമ്പറാണെന്ന് വ്യക്തമായി. തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും, വൈകാതെ തന്നെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

You must be logged in to post a comment Login