ഡല്‍ഹിയില്‍ അനിശ്ചിതത്വം തുടരുന്നു; കേജ്‌രിവാള്‍-ലഫ്. ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട അനിശ്ചിതത്വത്തിന് പരിഹാരം തേടി ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡല്‍ഹി നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ലഫ് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇരുവരും ഇന്ന് കൂടിക്കാഴ്ച നടത്താമെന്ന് നിശ്ചയിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണയോടു കൂടി സര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറെ അറിയിക്കും.
aravind
സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി നേരത്തേ നിരസിച്ചിരുന്നു. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് കോണ്‍ഗ്രസ് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.

ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എഎപിയും സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ലെന്നു അറിയിച്ചാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണ്ടിവരും.6 മാസത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം ഡല്‍ഹി ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടേണ്ടിയും വരും.

You must be logged in to post a comment Login