ഡല്‍ഹിയില്‍ മൂന്ന് സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി

gang-rape

നോയിഡ: ഡല്‍ഹിയിലെ ഗ്രെയിറ്റര്‍ നോയിഡയില്‍ മൂന്നു സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ആയുധ ധാരികളായ ആറ് പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് സ്വര്‍ണവും പണവും കൊണ്ട് കടന്നുകളയുകയുമായിരുന്നു.

ഖുര്‍ജ സ്വദേശികളായ സ്ത്രീകള്‍ കരോളിയില്‍ ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ്. ഇവര്‍ ഇഷ്ടിക കളത്തിനു സമീപമാണ് താമസിക്കുന്നത്. ആറു തൊഴിലാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

രാത്രി 12.30ഓടെയാണ് പ്രതികള്‍ വീട്ടിലേക്ക് വന്ന് തങ്ങള്‍ പൊലീസുകാരാണ് കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറയുകയും ചെയ്‌തെന്ന് ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. വാതില്‍ തുറന്നതും പ്രതികള്‍ തന്റെ ഭാര്യയെ വലിച്ചിഴച്ച് ഓരോരുത്തരായി പീഡനത്തിനിരയാക്കുകയായിരുന്നെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം തൊട്ടടുത്ത വീട്ടിലെ രണ്ട് സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്തു.

”എന്നെ ആ ദുഷ്ടന്മാര്‍ മൃഗീയമായി ബലാത്സംഗം ചെയ്തു”, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ പറഞ്ഞു. ”നിസ്സഹായയായിരുന്നു ഞാന്‍. അവരെല്ലാവരും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു”, മറ്റൊരു സ്ത്രീ പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി റൂറല്‍ എസ്പി സുജാത സിംഗ് പറഞ്ഞു. ഒരേ ആളുകളാണ് മൂന്ന് സ്ത്രീകളെയും ബലാത്സംഗം ചെയ്തതെന്ന് മനസിലായിട്ടുണ്ടെന്നും എത്രയും വേഗം കുറ്റവാളികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

You must be logged in to post a comment Login