ഡല്‍ഹിയില്‍ 2000 സിസിയില്‍ മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ വിലക്ക് നീക്കി

diesel vehicle
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സിസിയില്‍ മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന ഇത്തരം വാഹനങ്ങള്‍ക്ക് ഒരു ശതമാനം അധിക പരിസ്ഥിതി സെസ് നല്‍കണം. ഇത് വാഹന നിര്‍മ്മാതാക്കള്‍, ഡിസ്ട്രബ്യൂട്ടര്‍മാര്‍, ഉടമകള്‍ എന്നിവരില്‍ ആരില്‍ നിന്നെങ്കിലും ഈടാക്കണം. ഇത്തരം സെസുകള്‍ പിരിക്കുന്നതിന് പൊതു മേഖല ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കണമെന്ന് കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.

സെസ് നല്‍കിയെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇത്തരം വാഹനങ്ങളുടെ രജിസ്ട്രഷന്‍ അംഗീകരിക്കാവൂവെന്നും ഗതാഗത വകുപ്പിനോടും നിര്‍ദേശിച്ചു. ഡീസല്‍ വാഹന വിലക്കിനെതിരെ കാര്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക വിധി.

വന്‍കിട ഡീസല്‍ വാഹനങ്ങള്‍ളുടെ വില്‍പ്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ താത്ക്കാലിക വിധി പറഞ്ഞത്. കൂടാതെ, പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വാഹന നിര്‍മ്മാതാക്കളാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

ട്രൈബ്യൂണലിന്റെ വിധി മെഴ്‌സിഡസ് ബെന്‍സ്, ടൊയോട്ട തുടങ്ങിയ വന്‍കിട കമ്പനികളുടെ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി നല്‍കാന്‍ തയ്യാറാണെന്ന് വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് കോടതിയില്‍ നിര്‍ദേശം വച്ചത്.

You must be logged in to post a comment Login