ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ…

യാത്ര ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വിനോദമാണ്.മനുഷ്യ ജീവിതം തന്നെ ഒരു യാത്രയാണ്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ യാത്ര. മുന്‍കൂട്ടി തിരക്കഥ ചിട്ടപ്പെടുത്താത്ത ചലച്ചിത്രം പോലെ കാലചക്രം നമ്മേയും കൊണ്ട് കറങ്ങുകയാണ്. ഈ കറക്കത്തിനിടയില്‍ നാമോരോരുത്തരും ഏതൊക്കെയോ ഭാഗങ്ങളിലെത്തുന്നു. നമ്മുടെ കൂടെ സ്‌ക്കൂളില്‍ പഠിച്ച പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. നമ്മുടെ സ്വന്തം മക്കളും മരുമക്കളുമെല്ലാം പഠനത്തിനും ജോലിക്കും വ്യാപാരത്തിനുമൊക്കെയായി പല സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയിലും ഭൗതിക സുഖസൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഓട്ടത്തിനിടയിലും ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുവാനും പാഠങ്ങളുള്‍ക്കൊള്ളുവാനും മലയാളികള്‍ അധികമൊന്നും ശ്രദ്ധിക്കാറില്ല. ഇനി യാത്രക്ക് അവസരം ലഭിക്കുന്നവരില്‍ തന്നെ അധികപേരും തങ്ങളുടെ യാത്രാനുഭവങ്ങളോ പാഠങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കാറുമില്ല.
ലോകത്ത് എത്രയെത്ര സമൂഹങ്ങളാണ് ജീവിച്ച് പോയത്. പലരും ജീവിതത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാണ് സമീപിച്ചത്. സാമൂഹ്യ സാംസ്‌കാരിക ഭരണ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയാണ് ചിലരെങ്കിലും ലോകത്തോട് വിടപറഞ്ഞത്. ഭരണകര്‍ത്താക്കളും പ്രജകളും സമ്പന്നരും ദരിദ്രനും പണ്ഡിതനും പാമരനുമെല്ലാം ജീവിതത്തില്‍ നിന്നും വിടവാങ്ങിയപ്പോള്‍ സമൂഹത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. മനുഷ്യന് ഈ ലോകത്ത് ഒരു യാത്രക്കാരന്റെ റോള്‍ മാത്രമാണുള്ളത്.  ആരും ഈ ലോകത്ത് അനശ്വരല്ല. യാത്രയുടെ ദൈര്‍ഘ്യം വ്യത്യാസമായേക്കാമെങ്കിലും എല്ലാവര്‍ക്കും ഒരു ദിവസം ഈ ലോകത്തോട് വിടപറയേണ്ടിവരും. ഈ തിരിച്ചറിവുണ്ടാകുന്നതിന് വേണ്ടിയാണ് ഭൂമിയിലൂടെ സഞ്ചരിക്കുവാനും മുന്‍ സമൂഹങ്ങളുടേയും ജനസഞ്ചയങ്ങളുടേയും ചരിത്രങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുവാനും മതസംഹിതകള്‍ നമ്മോട് ഉപദേശിക്കുന്നത്.
പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളിലൊന്നായ ഇന്ത്യയുടെ സവിശേഷമായ ചരിത്രപാരമ്പര്യങ്ങളുടെ  വിസ്മയകരമായ ഒട്ടേറെ സ്മാരകങ്ങളാള്‍ ധന്യമാണ് ഉത്തരേന്ത്യ. ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയും പരിസര പ്രദേശങ്ങളും അനശ്വരമായ ചരിത്രഗാഥകള്‍ ഓരോ സന്ദര്‍ശകനും മുന്നില്‍ തുറന്നുവെക്കുന്നതുകൊണ്ടാവാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ നിത്യവും ഈ പ്രദേശങ്ങളിലെത്തുന്നത്. പാശ്ചാത്യ പൗരസ്ത്യ ദിക്കുകളില്‍ നിന്നും ടൂറിസ്റ്റുകളും ചരിത്രാന്വേഷികളും വായനയുടെ അതിരുകളില്ലാത്ത ലോകത്തു നിന്നും കേട്ടു പരിചയിച്ച സ്മാരകങ്ങളും കരകൗശല വസ്തുക്കളും കണ്ട് വിസ്മയിക്കുകയും ചിന്തയുടെ ചെപ്പില്‍ പലതും കോറിയിടുകയും ചെയ്യുമ്പോള്‍ മനുഷ്യ ജീവിതത്തിന്റെ നശ്വര ഭാവവും ലക്ഷ്യബോധവുമൊക്കെ അവരുടെ മനോമുകുരങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകാം.
കൊളോണിയല്‍ വാഴ്ചക്ക് മുമ്പ് ഇന്ത്യയുടെ ഭരണം കയ്യാളിയ അടിമ വംശജരും മുഗള്‍ ചക്രവര്‍ത്തിമാരും   പണി തീര്‍ത്ത ചരിത്ര സ്മാരകങ്ങളും ശില്‍പങ്ങളും ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചാവികാസത്താല്‍ മതിമറന്ന അഭിനവ തലമുറയെപോലും വിസ്മയിപ്പിക്കുമാറ് കാലത്തെ അതിജീവിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍   ചരിത്ര സ്മൃതികളുണര്‍ത്തുന്ന ഇന്ദ്ര പ്രസ്ഥത്തിലൂടെ ഓട്ട പ്രദക്ഷിണമെങ്കിലും നടത്തണമെന്ന് ആരും കൊതിച്ചുപോകും.

ഇന്ത്യയുടെ തലസ്ഥാന നഗരിയായിരുന്നിട്ടും തലയെടുപ്പുള്ള കെട്ടിടങ്ങളോ ടവറുകളോ ഒന്നും ഡല്‍ഹിയിലെ എന്റെ പ്രഥമനിരീക്ഷണത്തില്‍ കാണാനായില്ല. വിശാലമായ റോഡും ട്രാഫിക് സംവിധാനങ്ങളും ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സഹായകമായിട്ടുണ്ട്. ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതും വാഹനമോടിക്കുമ്പോള്‍ വ്യാപകമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുന്നതും പ്രത്യേകം ശ്രദ്ധയില്‍ പതിഞ്ഞു. മെട്രോ റെയില്‍ എല്ലാവര്‍ക്കും വലിയ അനുഗ്രഹമാണ്. കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുവാന്‍ സഹായിക്കുന്ന ഡല്‍ഹി മെട്രോ കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത് എന്നതും പ്രസ്താവ്യമാണ്.
ഡല്‍ഹിയുടെ വീഥികളില്‍ കണ്ട മറ്റൊരു പ്രധാന കാഴ്ച സൈക്കിള്‍ റിക്ഷകളാണ്. ബാലന്മാരും പ്രായം ചെന്നവരുമൊക്കെ ഈ തൊഴിലില്‍ വ്യാപൃതരായത് അത്ര സുഖകരമായിരുന്നില്ല. പ്രതികൂല കാലാവസ്ഥയിലും ഈ ജോലി ചെയ്യുന്നവരോട് സഹതാപവും വ്യവസ്ഥയോട് മതിപ്പുകേടും തോന്നി, മനുഷ്യാവകാശത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെയുള്ള ചിന്തകള്‍ക്ക് പ്രാധാന്യമുള്ള ആധുനിക കാലത്തും  സൈക്കിള്‍ റിക്ഷകള്‍ സാര്‍വത്രികമാവുന്നത്,  വിശിഷ്യാ  കേന്ദ്രഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലും പരിസരത്തും ഇത്തരം സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത് എന്തോ എനിക്ക് ഉള്‍കൊള്ളാനായില്ല.
യമുനാ നദിയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഭൂമിശാസ്ത്രപരമായും മറ്റുമുള്ള ഒട്ടേറെ സവിശേഷതകളുളള നഗരമാണ്. ഡല്‍ഹിയുടെ സ്ട്രാറ്റജിക് പ്രാധാന്യവും കേന്ദ്രീകൃത അവസ്ഥയും കാരണമാണ്  പല രാജാക്കന്മാരും ഭരണാധികാരികളും ഡല്‍ഹിയെ തലസ്ഥാനമായി സ്വീകരിച്ചത്. 1911 ബ്രിട്ടീഷുകാരും ഡല്‍ഹിയെ തലസ്ഥാനമായി അംഗീകരിച്ചു. നോര്‍ത്ത് സോണ്‍ റെയില്‍വേ കേന്ദ്രമെന്ന നിലക്കും ഡല്‍ഹിക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും തീവണ്ടി സര്‍വീസുകളുളള ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ അത്യാധുനിക സൗകര്യങ്ങളാല്‍  പ്രവര്‍ത്തന സജ്ജമാണ്. നിത്യവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ഈ കേന്ദ്രത്തിലൂടെ കടന്നുപോകുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍, കൗണ്‍സിലേറ്റുകള്‍ എന്നിവ ഡല്‍ഹിയുടെ  പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
1483 ചതുരശ്ര കിലോമീറ്ററാണ് ഡല്‍ഹിയുടെ വിസ്തീര്‍ണം. തദ്ദേശീയരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമടക്കം ഒരു കോടിയിലധികം ജനങ്ങള്‍ ഡല്‍ഹിയിലുണ്ടെന്നാണ് കണക്ക്. മികച്ച ആസൂത്രണവും രാഷ്ട്രീയ ഇച്ഛാശക്തിയും ഡല്‍ഹിയെ കൂടുതല്‍ ആശാവഹമായ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് കാണിക്കുന്ന ശ്രദ്ധ ഏറെ പ്രശംസനീയമാണ്. പ്രകൃതി സംരക്ഷണ പരിപാടികളും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്ന ദൗത്യവും വന്‍ വിജയമാണ്. റോഡരികിലും മറ്റു സ്ഥലങ്ങളിലൊക്കെ നല്ല പച്ചപ്പ് നിലനില്‍ക്കുന്നത് താമസക്കാര്‍ക്ക് ശുദ്ധവായു ശ്വസിക്കുവാനും പച്ചപ്പ് കണ്ട് കണ്‍കുളിര്‍ക്കുവാനും സഹായകമാണ്. ഔഷധമൂല്യമുള്ള ചെടികളും കാണാന്‍ ചന്തമുള്ള മരങ്ങളുമൊക്കെ പരക്കെ കാണാമെങ്കിലും കായ്ക്കനികളുളള മരങ്ങള്‍ അധികമൊന്നും കാണാനായില്ല. ഗ്രീന്‍ ബെല്‍റ്റ് പദ്ധതി (സിയോണിസ്റ്റുകളുടെ ഗ്രീന്‍ ബെല്‍റ്റല്ല) വളരെ പ്രാധാന്യത്തോടെ നടപ്പാക്കുന്നതിലൂടെ പാരിസ്ഥിക രംഗത്ത് വമ്പിച്ച മുന്നേറ്റമാണ് ഡല്‍ഹി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്‌ക്കൂളില്‍  സാമൂഹ്യ ശാസ്ത്രത്തില്‍ ഷേര്‍ഷായുടെ ഭരണ പരിഷ്‌കാരങ്ങള്‍ പഠിക്കുമ്പോള്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്ന ഒരു കാര്യം റോഡിന്റെ ഇരുവശങ്ങളിലും  തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു എന്നതായിരുന്നു. ഡല്‍ഹിയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രയിലുടനീളം ഇത്തരം ചരിത്രയാഥാര്‍ഥ്യങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളിലെ ശ്രദ്ധയുമൊക്കെ സ്മൃതി പദത്തിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു.
കരകൗശല വസ്തുക്കള്‍, വ്യവസായങ്ങള്‍ എന്നിവക്ക് പേരുകേട്ട നഗരമാണ് ഡല്‍ഹി. ഡല്‍ഹിയിലെ സ്വര്‍ണം , വെള്ളം ആഭരണങ്ങള്‍ ലോകത്തുടനീളം പ്രശസ്തമാണ്. പുരാതന ഡല്‍ഹിയില്‍ വെള്ളി ആഭരണങ്ങളുടെ വിപണനത്തിനായി ചാന്ദ്‌നി ചൗക് എന്ന പേരില്‍ ഒരു പ്രത്യേക തെരുവ് തന്നെയുണ്ട്. ലോകോത്തരങ്ങളായ വെളളി ആഭരണങ്ങള്‍ മിതമായ വിലക്ക് ലഭിക്കുമെന്നതിനാല്‍ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് ചാന്ദ്‌നി ചൗക്.
ചരിത്രമുറങ്ങുന്ന ചെങ്കോട്ടയില്‍ നിന്നാണ് ഞങ്ങള്‍ സന്ദര്‍ശനം ആരംഭിച്ചത്. പുരാതന ഡല്‍ഹിയില്‍ രാജ ഭരണത്തിന്റെ ഗരിമയും ഗാംഭീരവും വിളിച്ചോതുന്ന കോട്ട ഇപ്പോഴും നിര്‍മാണ ചാതിരിയുടേയും സൗന്ദര്യ സങ്കല്‍പങ്ങളുടേയും മനോഹാരിതയാല്‍ വിസ്മയകരമായ ചരിത്രസ്മാരകമായി നിലകൊള്ളുന്നു. രാജ്യ സുരക്ഷയുടെ പൗരാണിക ഭാഷ്യത്തിന്റെ ജീവിക്കുന്ന മാതൃകയായ ഈ കോട്ട എത്രയെത്ര കഥകളാണ് പറയാനുള്ളത്. ഏത് ആധുനിക ഡിസൈനുകളേയും ഭാവനയേയും വെല്ലുന്ന ചെങ്കോട്ടയുടെ നിര്‍മാണ വൈഭവവും സംവിധാനവും ആരിലും കൗതുകമുണര്‍ത്തും.

delhiലാല്‍ ഖില എന്നറിയപ്പെടുന്ന ചെങ്കോട്ട പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് പണി കഴിപ്പിച്ചത്. ആഗ്രയില്‍ നിന്നും തന്റെ ഭരണസിരാകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഈ കോട്ട പണി കഴിപ്പിച്ചത്. 1638 ല്‍ ആരംഭിച്ച കോട്ടയുടെ നിര്‍മാണം 1948 ലാണ് പൂര്‍ത്തിയായത്. സവിശേഷമായ ചുവന്ന കല്ലുകളുപയോഗിച്ച് പണിത കോട്ട എന്ന നിലക്കാണ് ഇതിന് ചെങ്കോട്ട എന്ന പേര് വന്നത്.
255 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോട്ട സമുച്ഛയത്തിലാണ് പിന്നീട് മുഗള്‍ രാജാക്കന്മാര്‍ താമസിച്ചിരുന്നത്. അതിനാല്‍ ഖിലേ മുബാറക് ( അനുഗ്രഹീത കോട്ട ) എന്ന പേരിലും ഇത് അറിയപ്പെട്ടു. ഉസ്താദ് അഹ്മദ്, ഉസ്താദ് ഹാമിദ് എന്നീ പ്രഗള്‍ഭരായ ആര്‍ക്കിടെക്ടുമാരുടെ കീഴിലാണ് കോട്ടയുടെ ഡിസൈനിംഗും നിര്‍മാണവും നടന്നത്. ഗുണനിലവാരവും സൗന്ദര്യവും ഉറപ്പുവരുത്തുവാന്‍ ചക്രവര്‍ത്തി നേരിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി ചരിത്രം പറയുന്നു. യമുന നദീ തീരത്ത് പണിത മനോഹരമായ ഈ കോട്ട സമുച്ഛയത്തില്‍ മ്യൂസിയം, ബസാര്‍, കൊട്ടാരങ്ങള്‍, വിവിധ ഹോളുകള്‍, തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. കോട്ടയെ പ്രതിരോധിക്കുവാനും സുരക്ഷ ഉറപ്പുവരുത്തുവാനും രണ്ടര കിലോമീറ്ററോളം നീളമുള്ള പടു കൂറ്റന്‍ മതിലുണ്ട്. പുഴയിരികില്‍ മതിലിന്റെ ഉയരം പതിനെട്ട് മീറ്ററും മറ്റു സ്ഥലങ്ങളില്‍ മുപ്പത്തഞ്ച് മീറ്ററുമാണ്.
പേര്‍ഷ്യന്‍, യൂറോപ്യന്‍, ഇന്ത്യന്‍ കലകളും കരകൗശല വിദ്യകളും സമൃദ്ധമായി ഉപയോഗിച്ച കോട്ടയുടെ ഓരോ വശങ്ങളും വിസ്മയകരമായ നിര്‍മാണ ചാതിരിയുടേയും ഉന്നതമായ സൗന്ദര്യ സങ്കല്‍പ്പത്തിന്റേയും സാക്ഷാല്‍ക്കാരമാണ്.
ചെങ്കോട്ടക്ക് പ്രധാനമായും രണ്ട് ഗേറ്റുകളാണുള്ളത്. ഡല്‍ഹി ഗേറ്റും ലാഹോര്‍ ഗേറ്റും. ചക്രവര്‍ത്തിക്ക് മാത്രമായുള്ള ഖിസ്‌റാബാദ് ഗേറ്റ് എന്ന പ്രത്യേക കവാടവും കോട്ടയിലുണ്ട്.
ലാഹോര്‍ ഗേറ്റാണ് കോട്ടയുടെ പ്രധാന കവാടം. കടന്നുവരുമ്പോള്‍ തന്നെ കവര്‍ ചെയ്ത ബസാറാണ്. ചട്ട ചൗക് എന്നാണ് ഈ മാര്‍ക്കറ്റ് അറിയപ്പെടുന്നത്. പട്ടു വസ്ത്രങ്ങള്‍, സ്മാരകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ സാധനങ്ങള്‍ ലഭിക്കുന്ന മാര്‍ക്കറ്റാണിത്. മാര്‍ക്കറ്റിലൂടെ മുന്നോട്ടു ചെല്ലുമ്പോള്‍ കാണുന്ന പ്രധാന കെട്ടിടം ദീവാനേ ആസം (ഹാള്‍ ഓഫ് പബഌക് ഓഡിയന്‍സ് ) എന്നാണ് അറിയപ്പെടുന്നത്. ചക്രവര്‍ത്തി പ്രജകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന സ്ഥലമാണിത്. ചക്രവര്‍ത്തി സവിശേഷമായി പണിത പ്രത്യേക ഇരിപ്പിടത്തിലാണ് പ്രത്യക്ഷപ്പെടുക. പൂര്‍ണസുരക്ഷാ കവചങ്ങളാല്‍ പണിതീര്‍ത്ത സിംഹാസന സമാനമായ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായാണ് പ്രജകളുടെ പരാതികള്‍ കേട്ടിരുന്നത്. ഒരു പക്ഷേ ഇന്നത്തെ ഓപണ്‍ ഹൗസുകളുടെ ആദ്യ രൂപം ഇതായിരിക്കാം.
അതിന് തൊട്ടടുത്താണ് ദീവാനേ ഖാസ് (ഹാള്‍ ഓഫ് പ്രൈവറ്റ് ഓഡിയന്‍സ്) . പ്രത്യേക അതിഥികളേയോ പ്രധാന വ്യക്തികളേയോ സ്വീകരിക്കാനാണ് ഇത്. നയതന്ത്ര ചര്‍ച്ചകളും സ്വകാര്യ സംഭാഷണങ്ങളുമൊക്കെ നടന്നിരുന്നത് ഈ ഹാളിലാണ്. ഹാളിന്റെ നടുവിലൂടെ നഹ്‌റേ ബഹിശ്ത് ( സ്ട്രീം ഓഫ് പാരഡൈസ്) എന്നറിയപ്പെടുന്ന സ്വര്‍ഗീയ അരുവി ഒഴുകുന്നു. ഖുര്‍ആനിലെ സ്വര്‍ഗീയ സങ്കല്‍പങ്ങളില്‍ നിന്നും ആശയമുള്‍കൊണ്ട് നിര്‍മിച്ച ആരാമങ്ങളും അരുവികളും കോട്ടയുടെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. ദീവാനേ ഖാസിന്റെ ചുമരിന്റെ മൂലയിലുള്ള കമാനത്തില്‍ പ്രശസ്ത കവി അമീര്‍ കുസ്രുവിന്റെ അഗര്‍ ഫിര്‍ദൗസ് ബര്‍ ദാവേ സമീനാസ്ത്  ഹമിനാസ്‌തോ ഹമിനാസ്‌തോ ഹമിനാസ്ത് (ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ്) എന്ന് ആലേഖനം ചെയ്തിരിക്കുന്നു. മുഗള്‍ ചക്രവര്‍ത്തിമാരുടെ ആഡംബരത്തിന്റേയും സുഖലോലുപതയുടേയും നിദര്‍ശനങ്ങളായ ഈ കോട്ടയിലെ സങ്കേതങ്ങളും സംവിധാനങ്ങളും ഏതൊരു നിര്‍മാണ വിദഗ്ധനേയും ആകര്‍ഷിക്കുന്നതാണ്. യമുനയില്‍ നിന്നും വെള്ളം പ്രത്യേകമായി പമ്പുചെയ്ത ഉണ്ടാക്കിയ ഫൗണ്ടനും ടവറും തോട്ടങ്ങള്‍ക്ക് കുളിര്‍മ പകരുന്നു.
കോട്ടയുടെ തെക്ക്  ഭാഗത്തായാണ് വനിതകളുടെ കോട്ടാരങ്ങള്‍. സിനാനാസ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജകുമാരികളും രാഞ്ജികളും തോഴികളുമൊക്കെ ഇവിടെയാണ് വിലസിയിരുന്നത്. മുംതാസ് മഹല്‍, രംഗ് മഹല്‍ എന്നിവയാണ് ഇതില്‍ പ്രധാനം.  കോട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് ഔറംഗസേബ് പണികഴിപ്പിച്ച മോത്തി മസ്ജിദുണ്ട്.
ഹയാത്ത് ബക്ഷ് ഭാഗ് (ലൈഫ് ബെസ്‌റ്റോവിംഗ് ഗാര്‍ഡന്‍) ആണ് ചെങ്കോട്ടയിലെ പ്രധാനപ്പെട്ട മറ്റൊന്ന്. സ്വര്‍ഗീയ സങ്കല്‍പങ്ങളുടെ ചാരുതയേകുന്ന വെസ്റ്റ് ഏഷ്യന്‍ പൂന്തോട്ട സംവിധാനങ്ങളിലും മുഗള്‍ ചക്രവര്‍ത്തിമാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. മനോഹരമായ പൂന്തോട്ടങ്ങളും വൈവിധ്യങ്ങളായ പൂക്കളും, അതിന്റെ ഇടയിലൂടെ ഒഴുകുന്ന സുന്ദരമായ അരുവിയുമൊക്കെ മനസിന് കുളിര് പകരുകയും ചിന്താ സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നവയാണ്.
ചക്രവര്‍ത്തിമാരുടെ കുളിസ്ഥലം, ചക്രവര്‍ത്തി പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുത്തമ്മന്‍ ബുര്‍ജ്, രംഗ് മഹല്‍, ഡ്രം ഹൗസ് എന്നിവയും ചെങ്കോട്ടക്കകത്തെ കാഴ്ചകളാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ വിവിധ ഘട്ടങ്ങളും നേതാക്കളേയും പരിചയപ്പെടുത്തുന്ന മ്യൂസിയം, പുരാതന ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയവും ചെങ്കോട്ടയിലുണ്ട്. വൈകുന്നേരങ്ങളില്‍ മുഗള്‍ ചരിത്രം അനാവരണം ചെയ്യുന്ന മനോഹരമായ ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഉണ്ടാവാറുണ്ട്. ഡല്‍ഹിയിലെ ഏറ്റവും വലിയ ചരിത്ര സ്മാരകമായ ചെങ്കോട്ടയെ 2007 ലാണ്  യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഒരു ദിവസം മുഴുവന്‍ കണ്ടാലും തീരാത്ത വിസ്മയ കാഴ്ച്ചകളാണ് ഈ കോട്ടയുടെ ഓരോ ചുമരിനും പറയാനുള്ളത്.
ജുമാ മസ്ജിദ്
ചെങ്കോട്ടയുടെ എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ പള്ളിയാണ് ജുമാ മസ്ജിദ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്നെയാണ് ജുമാ മസ്ജിദും നിര്‍മിച്ചത്. ചെങ്കോട്ടയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ് 1650 ല്‍ തുടങ്ങിയ നിര്‍മാണം 1656 ല്‍ പൂര്‍ത്തിയാക്കി. ആറായിരത്തോളം തൊഴിലാളികളെ ആറ് വര്‍ഷം ജോലി ചെയ്യിച്ച് നിര്‍മിച്ച ഈ പള്ളിക്ക് അന്ന് പത്തു ലക്ഷം രൂപയാണത്രേ ചിലവഴിച്ചത്. മൂന്ന് വലിയ കവാടങ്ങള്‍, നാല് ടവറുകള്‍, നാല്‍പതു മീറ്റര്‍ ഉയരമുള്ള രണ്ട് വലിയ മിനാരങ്ങള്‍ എന്നിവയാണ് ജുമാ മസ്ജിദിനുളളത്. മനോഹരമായ ചുവന്ന കല്ലുകളും മുന്തിയ  മാര്‍ബിളും കൊണ്ടും പണി തീര്‍ത്ത ഈ പള്ളിയില്‍ ഒരേ സമയം ഇരുപത്തയ്യായിരം പേര്‍ക്ക് നമസ്‌ക്കരിക്കുവാന്‍ സൗകര്യമുണ്ട്. ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി എന്ന ബഹുമതി ഡല്‍ഹി ജുമാ മസ്ജിനാണ്. പള്ളിയുടെ കിഴക്ക് ഭാഗത്തെ കവാടത്തിലൂടെയാണ് ചക്രവര്‍ത്തിമാര്‍ പ്രവേശിച്ചിരുന്നത്. മറ്റു രണ്ടു കവാടങ്ങളും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ജുമാ മസ്ജിനോട് ചേര്‍ന്ന കശാപ്പു ശാലകളും ചന്തകളും പള്ളിയുടെ പവിത്രതയും ശുചിത്വവും നശിപ്പിക്കുന്നതായാണ് തോന്നിയത്. വൃത്തിയുടേയും ശുചിത്വത്തിന്റേയുമൊക്കെ പ്രതീകമായ പള്ളിയും പരിസരവും പാടെ മലീമസമാക്കുന്ന കച്ചവട സ്ഥാപനങ്ങളും ചന്തകളുമൊക്കെ ജുമാ മസ്ജിദിന്റെ ശാപമാണ്.
നുറ്റാണ്ടുകളോളം മുസ്‌ലിം രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഭരണം കയ്യാളിയ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളും ചര്‍ച്ചുകളുമെല്ലാം ഉയര്‍ന്നു നില്‍ക്കുന്നു. മതഫാസിസമോ വര്‍ഗീയതയോ ഇവിടെ ഒട്ടും പ്രകടമല്ല എന്നത് ഏറെ സന്തോഷകരം തന്നെ. എല്ലാവരും പുണ്യ സ്ഥലങ്ങളും സ്മാരകങ്ങളുമെല്ലാം സന്ദര്‍ശിക്കുകയും ചരിത്രഗാഥകള്‍ അയവിറക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് നമുക്ക് ഡല്‍ഹിയില്‍ കാണാന്‍ കഴിയുക. മതങ്ങളെല്ലാം പരസ്പരം സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് പഠിപ്പിക്കുന്നത്. ഒരു മതവും മറ്റൊരു മതത്തിന് എതിരല്ല. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളാണ് പലപ്പോഴും മതസ്പര്‍ദ്ധയും വിദ്വോഷവും വളര്‍ത്തുന്നത്. ഡല്‍ഹിയുടെ ഓരങ്ങളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും എളുപ്പം ബോധ്യപ്പെടുന്ന യാഥാര്‍ഥ്യമാണിത്.
ഇന്ത്യാ ഗേറ്റ്

രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, പ്രധാന മന്ത്രിയുടെ ഓഫീസ് എന്നിവയോട് ഏറെക്കുറേ അഭിമുഖമായാണ് ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റ് ഒന്നാം ലോക മഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ സ്മാരകമായി സര്‍ എഡ്വിന്‍ ലുറ്റയിന്‍സാണ് രൂപ കല്‍പന ചെയ്തത്. 1921 ല്‍ സ്ഥാപിച്ച ഈ ഗേറ്റ് 1931 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ത്യാ ഗേറ്റിന് ചുറ്റുമുള്ള പുല്‍മേടുകളും അതിന്റെ ഭാഗത്തുള്ള ബോട്ട് റേസുമൊക്കെ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. ഞങ്ങള്‍ പോയ സമയത്ത് താല്‍ക്കാലികമായി സന്ദര്‍ശകരെ നിയന്ത്രിച്ചിരുന്നു.
രാഷ്ട്രപതി ഭവന്‍

പ്രശസ്ത ഇംഗഌഷ് ആര്‍ക്കിടെക്ട് സര്‍ എഡ്വിന്‍ ലുറ്റയിന്‍സാണ്  രാഷ്ട്രപതി ഭവനും രൂപ കല്‍പന ചെയ്തത്. 1912 ല്‍ നിര്‍മാണമാരംഭിച്ച 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 1929 ലാണ് പൂര്‍ത്തിയായത്. ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയുടെ ഓഫീസും വീടുമായി നിര്‍മിച്ച ഈ കെട്ടിടം സ്വാതന്ത്രാനന്തരം രാഷ്ട്ര പതിയുടെ ഔദ്യോഗിക വസതിയാണ്. വിശാലമായ പൂന്തോപ്പുകളും ആകര്‍ഷകമായ കെട്ടിട സമുച്ഛയവും നിലനില്‍ക്കുന്നത് 320 ഏക്കര്‍ വിശാലമായ സ്ഥലത്താണ്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും പൂന്തോപ്പുകളും നിലകൊള്ളുന്ന സമുച്ഛയത്തിന് കേവലം 18 ഏക്കര്‍ വിസ്തൃതി മാത്രമാണുള്ളത്.
അത്യാകര്‍ഷകമായ രൂപകല്‍പനാചാതുരി പ്രകടിപ്പിക്കുന്ന രാഷ്ട്രപതി ഭവനിലെ ഓരോ തൂണുകളും മനോഹരമാണ്. ദര്‍ബാര്‍ ഹാള്‍, അശോക ഹാള്‍, മുഗള്‍ ഗാര്‍ഡന്‍, ലാന്‍ഡ് സ്‌കേപ്പുകള്‍,

കുതിരപ്പന്തികള്‍ തുടങ്ങിയവയും  രാഷ്ട്രപതി ഭവനിലുണ്ട്. രാജകീയ പ്രൗഢിയും ഔന്നത്യവും വിളിച്ചോതുന്ന രാഷ്ട്രപതി ഭവനില്‍ രാഷ്ട്ര തലവന്മാരേയും മറ്റും സ്വീകരിക്കുന്നതിനുള്ള പ്രത്യേക ഹാളുകളുണ്ട്. രാഷ്ട്രപതി ഭവന്‍ കോംപഌക്‌സിലെ മുഗള്‍ ഗാര്‍ഡനില്‍ വിരിഞ്ഞു നില്‍ക്കുന്ന വൈവിധ്യങ്ങളായ റോസാപ്പൂവുകള്‍ ഏത് കാമുക ഹൃദയവും കീഴടക്കുമെന്ന് തീര്‍ച്ചയാണ്. രാഷ്ട്രപതി ഭവനിന്റെ ഒരു ഭാഗത്ത് പാര്‍ലമെന്റ് ഹൗസും മറ്റൊരു ഭാഗത്ത് പ്രധാന മന്ത്രിയുടെ ഓഫീസുമാണ്.
പാര്‍ലമെന്റ് ഹൗസ്

ന്യൂഡല്‍ഹിയെ രൂപകല്‍പന ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട സര്‍ ഹെര്‍ബര്‍ട്ട് ബക്കര്‍, സര്‍ എഡ്വിന്‍ ലുറ്റയിന്‍സ് എന്നീ പ്രശസ്തരായ  ഇംഗഌഷ് ആര്‍ക്കിടെക്ട്മാരാണ് പാര്‍ലമെന്റ് ഹൗസും ഡിസൈന്‍ ചെയ്തത്. 1919 ലെ മോേേണ്ടഗു ചെംസ്‌ഫോര്‍ഡ് പരിഷ്‌ക്കാരങ്ങളെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഹൗസ് പണിയുന്നത്. 83 ലക്ഷം രൂപ ചിലവില്‍ ഏകദേശം 6 വര്‍ഷം കൊണ്ട്    പണി പൂര്‍ത്തിയാക്കിയ കെട്ടിടം 1927 ജനുവരി 18 ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. 6 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പാര്‍ലമെന്റ് ഹൗസിന് 12 കവാടങ്ങളുണ്ട്. ലോക സഭയും രാജ്യ സഭയും സമ്മേളിക്കുന്ന പാര്‍ലമെന്റ് ഹൗസിനെ നേരത്തെ സ ര്‍ ക്കുലര്‍ ഹൗസ് എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ സന്‍സാദ് ഭവന്‍ അഥവാ പാര്‍ലമെന്റ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന അവിസ്മരണീയമായ സ്മാരകമാണ് പാര്‍ലമെന്റ് ഹൗസ്.
സുപ്രീം കോടതി

ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയും ഡല്‍ഹിയിലെ പ്രധാനപ്പെട്ട സന്ദര്‍ശക കേന്ദ്രമാണ്. ഒരു പക്ഷേ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ആര്‍ക്കിടെക്ടുകള്‍ നേതൃത്വം നല്‍കി നിര്‍മിച്ച ആദ്യത്തെ പ്രധാന കെട്ടിടസമുച്ഛയവും ഇതാകാം. ഇന്തോ ബ്രിട്ടീഷ് സ്‌റ്റൈലില്‍ ഗണേഷ് ബികാജി എന്ന പ്രഗല്‍ഭനായ ഇന്ത്യന്‍ ആര്‍ക്കിടെക്ടാണ് സുപ്രീം കോടതി ബില്‍ഡിംഗിന്റെ രൂപ കല്‍പന നിര്‍വഹിച്ചത്. അദ്ദേഹത്തിന് ശേഷം ശ്രീധര്‍ കൃഷ്ണ എന്ന എഞ്ചിനീയറും നിര്‍മാണ പരിപാടിക്ക് നേതൃത്വം നല്‍കി. 1954 ഒക്ടോബര്‍ 29 ന് ഇന്ത്യയുടെ പ്രഥമ പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദാണ് സുപ്രീം കോടതി ബില്‍ഡിംഗിന് തറക്കല്ലിട്ടത്. 1958 ആഗസ്ത് നാലിന് കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുള്ള ഭാഗ്യവും അദ്ദേഹത്തിനായിരുന്നു. നീതിനിര്‍വഹണത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌ക്കാരമാണ് സുപ്രീം കോടതി ബില്‍ഡിംഗ്. 22 ഏക്കര്‍ വിശാലമായ സ്ഥലത്താണ് സുപ്രീം കോടതി സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഈസ്റ്റ് വിംഗ്,  വെസ്റ്റ് വിംഗ് എന്നിവ നിര്‍മിച്ചത്.
1950 ജനുവരി 28 ന്, അഥവാ ഇന്ത്യ സ്വതന്ത്ര റിപബഌക്കായി പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് സുപ്രീം കോടതിയുടെ പ്രഥമ സിറ്റിംഗ് നടന്നത്. പാര്‍ലമെന്റ് ഹൗസിലെ ചാമ്പര്‍ ഓഫ് പ്രിന്‍സസിലാണ് സുപ്രീം കോടതി  പ്രവര്‍ത്തനം തുടങ്ങിയത്. 1958 ല്‍ ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
210 സെന്റി മീറ്റര്‍ ഉയരമുള്ള ഒരു ബ്രോണ്‍സ് പ്രതിമ സുപ്രീം കോടതിയുടെ മറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത കലാകാരി ചിന്താമണി കാര്‍ രൂപ കല്‍പന ചെയ്ത ഈ ശില്‍പം 1976 ഫെബ്രപവരി 20 നാണ് സ്ഥാപിക്കപ്പെട്ടത്. ഭാരതാംബ ഒരു സ്ത്രീയുടെ രൂപത്തില്‍ ഇന്ത്യയെന്ന കുഞ്ഞിനെ സംരക്ഷിക്കുന്നതായും രാജ്യം നീതിയും ന്യായവും മുറുകെ പിടിക്കുന്നതിന്റെ പ്രതീകമായി ഒരു തുറന്ന പുസ്തകവും എല്ലാവര്‍ക്കും തുല്ല്യനീതി ഉദ്‌ഘോഷിക്കുന്ന ഒരു ത്രാസുമാണ് ബിംബത്തിലുള്ളത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രതീകമായ ധര്‍മ ചക്രയും ഞാന്‍ സത്യം മാത്രം മുറുകെ പിടിക്കുന്നു എന്ന മുദ്രണവും ചിന്തോദ്ദീപകമാണ്.
തുടക്കത്തില്‍ വളരെ കുറഞ്ഞ ദിവസമാണ് സുപ്രീം കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ വര്‍ഷത്തില്‍ 190 ദിവസവും സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നു.
ചീഫ് ജസ്റ്റിസടക്കം മൊത്തം 8 ജഡ്ജിമാരുമായാണ് സുപ്രീം കോടതി പ്രവര്‍ത്തനമാരംഭിച്ചത്. ജഡ്ജിമാരുടെ എണ്ണം 1956 ല്‍ 11 ആയും 1960 ല്‍ 16 ആയും 1978 ല്‍ 18 ആയും 1986 ല്‍ 26 ആയും ഉയര്‍ന്നു. 2008 മുതല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ആണ്.
രാജ് ഘട്ട്

1948 ജനുവരി 31 ന് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ഭൗതിക ശരീരം യമുനയുടെ തീരത്ത് സംസ്‌കരിച്ച സ്ഥലമാണ് രാജ് ഘട്ട്. മനോഹരമായ മാര്‍ബിളില്‍ തീര്‍ത്ത  ഈ സ്മാരകത്തിന്റെ ഒരറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വെക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചകളും ഇവിടെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കാറുണ്ട്. രാജ് ഘട്ടിന് ചുറ്റും മനോഹരങ്ങളായ പൂന്തോപ്പുകളുണ്ട്   .
രാജ് ഘട്ടിന്റെ വടക്കു ഭാഗത്തായാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിയായ ശാന്തിവന്‍, ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥല്‍ എന്നിവയും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ശിക്കാറുണ്ട്.
തീന്‍മൂര്‍ത്തി ഭവന്‍

പ്രധാന മന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ച ഓദ്യോഗിക വസതിയാണ് തീന്‍മൂര്‍ത്തി ഭവന്‍. 1964 മെയ് 27 ന്  മരിക്കുന്നതുവരേയും ജവഹര്‍ലാല്‍ നെഹ്‌റു അവിടെയാണ് താമസിച്ചത്. കോണാട്ട് പ്‌ളേസിലെ ബ്രിട്ടീഷ് ആര്‍ക്കിടെക്ട് റോബര്‍ട്ട് റസ്സല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന് താമസിക്കുന്നതിനായി 1930 ല്‍ നിര്‍മിച്ച മനോഹരമായ ഈ കൊട്ടാരം ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയമാണ്.
ഇന്ദിരാഗാന്ധിയുടെ ഓഫീസ്, താമസസ്ഥലം, രക്തസാക്ഷിത്വം വരിച്ച സ്ഥലം, മ്യൂസിയം എന്നിവയും സന്ദര്‍ശക പ്രധാന്യമുളള സ്ഥലങ്ങളാണ്.
ബിര്‍ള മന്ദിര്‍

ന്യൂഡല്‍ഹിയിലെ സുപ്രധാന ക്ഷേത്രമായ ലക്ഷ്മി നാരായണ ക്ഷേത്രമാണ് ബിര്‍ള മന്ദിര്‍ എന്നറിയപ്പെടുന്നത്. 1933 ല്‍ പ്രമുഖ വ്യവസായി രാജ ബല്‍ദേവ് ബിര്‍ള പണി കഴിപ്പിച്ച ഈ ദേവാലയം കോണാട്ട് പ്‌ളേസിനടത്തായാണ് സ്ഥിതി ചെയ്യുന്നത്. ഏഴര ഏക്കര്‍ സ്ഥലത്ത് വിശാലമായി പണിത ഈ ദേവാലയം ഉദ്ഘാടനം ചെയ്തത് മഹാത്മാ ഗാന്ധിജിയായിരുന്നു. അദ്ദേഹം പലപ്പോഴും ഈ മന്ദിരത്തിലെത്തി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ പ്രമുഖരും ഭരണാധികാരികളുമടക്കം നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആരാധനക്കെത്തുന്ന ഈ ദേവാലയത്തില്‍ നാനാജാതി മതസ്ഥര്‍ക്കും സന്ദര്‍ശനാനുമതി നല്‍കി വരുന്നു.
ലോട്ടസ് ടെമ്പിള്‍ അഥവാ ബഹാഇ ഹൗസ് ഓഫ് വര്‍ഷിപ്പ്

ബഹാഇ വിശ്വാസികളുടെ പ്രധാന ആരാധനാലയമായ ‘ബഹാഇ ഹൗസ് ഓഫ് വര്‍ഷിപ്പാ’ണ് കെട്ടിടത്തിന്റെ രൂപഭാവം പരിഗണിച്ച് ലോട്ടസ് ടെമ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും പ്രാര്‍ഥന നടത്താവുന്ന ഈ കേന്ദ്രം ബഹാഉല്ലയുടെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും ദൈവത്തെ പ്രാര്‍ഥിക്കുന്നതിലൂടെ മാത്രമേ കര്‍മ ശുദ്ധി വരുത്തി ജീവിതമോക്ഷം സാധ്യമാവുകയുള്ളൂവെന്നാണ് ബഹാഇ വിശ്വാസം.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആധുനിക ശില്‍പ ഭംഗിയാല്‍ സവിശേഷമായ ഈ മന്ദിരം താമരപ്പൂവിന്റെ ആകൃതിയിലാണ് സംവിധാനിച്ചിരിക്കുന്നത് . പ്രശസ്ത ഇറാനിയന്‍ ആര്‍ക്കിടെക്ട് ഫരിബോസ് സെഹ്ബയാണ് ലോട്ടസ് ടെമ്പിള്‍ രൂപ കല്‍പന ചെയ്തത്. ലോട്ടസ് ടെമ്പിളിന്റെ ഒമ്പതു വശങ്ങള്‍ വെണ്ണക്കല്ലില്‍ പൊതിഞ്ഞ് മൂന്നിന്റെ ഗുണങ്ങളില്‍ സ്വതന്ത്രമായി നില്‍ക്കുന്ന ഇരുപത്തേഴ് ദളങ്ങള്‍ ചേര്‍ന്നതാണ്.  ക്ഷേത്രത്തിനു ചുറ്റുമായി ഒമ്പതു വാതിലുകളുണ്ട്. വാതിലുകള്‍ നടുത്തളത്തിലേക്ക് തുറക്കുന്നു. വിശാലമായ നടുത്തളത്തില്‍ വിശ്വാസികള്‍ക്ക് മൗനപ്രാര്‍ഥന നടത്തുവാന്‍ മാര്‍ബിളിന്റെ പ്രത്യേക ഇരിപ്പിടങ്ങള്‍ സംവിധാനിച്ചിരിക്കുന്നു. ഏകദേശം 2000 പേര്‍ക്ക് ഒരേ സമയം ഇവിടെ പ്രാര്‍ഥന നത്താം.
അര്‍ദിശിര്‍ റുശ്തംപൂര്‍ എന്ന ഹൈദറാബാദുരകാരനാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണത്തിന്റെ സിം ഹ ഭാഗവും വഹിച്ചത്. 1953 ല്‍ തന്റെ ജീവിതവും സമ്പാദ്യവും മുഴുവനും ബഹാഇ വിശ്വാസത്തിനായി ഉഴിഞ്ഞുവെച്ച ഭക്തനായിരുന്നു അദ്ദേഹം.
ശില്‍പ ചാതിരിക്ക് ലോകോത്തരങ്ങളായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ ക്ഷേത്രം 1986 ലാണ് നിര്‍മാണം പൂര്‍ത്തിയായത്. നിത്യവും പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.  ചില വിശേഷ ദിനങ്ങളില്‍ ലക്ഷത്തിലധികം പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ടെന്ന് വളണ്ടിയര്‍മാര്‍ വിശദീകരിച്ചു. ചില കണക്കുകളനുസരിച്ച് 500 ലക്ഷത്തിലധികം പേരാണ് ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഈ ക്ഷേത്രം സന്ദര്‍ശകരുടെ എണ്ണത്തില്‍  ഈഫല്‍ ടവറിനേയും താജ്മഹലിനേയും പിന്നിലാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഖുതുബ് മിനാര്‍

ഇഷ്ടിക കൊണ്ട് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ മിനാരമാണ് ഖുതുബ് മിനാര്‍. ഇന്തോ ഇസ് ലാമിക വാസ്തു ശില്‍പകലയുടെ ഉത്തമോദാഹാരണമായ ഈ ഗോപുരം 1193 ല്‍ ഡല്‍ഹി പിടിച്ചടക്കിയതിന്റെ സ്മരാകമായി ഖുതുബുദ്ധീന്‍ ഐബക്കാണ് നിര്‍മിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോളിയിലുള്ള ഖുതുബ് സമുച്ഛയത്തിലുള്ള ഖുതുബ് മിനാര്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍പ്പെട്ടതാണ്.
എഴുപത്തി രണ്ടര മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന് 379 പടികളുണ്ട്. അഞ്ചു നിലകളായാണ് ഗോപുരം പണിതിരിക്കുന്നത്. താഴത്തെ നിലയിലെ ചുറ്റളവ് 14.3 മീറ്ററും മുകളിലത്തെ നിലയിലെ ചുറ്റളവ് 2.7 മീറ്ററുമാണ്.
ഇസ്‌ലാമിക വാസ്തു ശില്‍പകലയിലെ എട്ട് മട്ടകോണുകളും എട്ടു ചാപങ്ങളും ചേര്‍ന്നതാണ് മിനാറുകളുടെ അസ്ഥിവാര രൂപ രേഖ. എന്നാല്‍ ഈ ഗോപുരത്തിന്റെ കോണുകളുടേയും ചാപങ്ങളുടേയും എണ്ണം പന്ത്രണ്ടാണ്. താഴെ നിലകളിലെ ചുമരില്‍ അറബി കാലിഗ്രഫിയില്‍ ഖുര്‍റാനിക സൂക്തങ്ങളും അറബി വചനങ്ങളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്നു. പേര്‍ഷ്യന്‍ ലിപികളും പലയിടത്തും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മുകളിലത്തെ രണ്ട് നിലകളൊഴിച്ച് ബാക്കി നിലകളൊക്കെ ചുവന്ന മണിക്കല്ലിന്റെ കട്ടകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകള്‍ വെണ്ണക്കല്ലുകള്‍കൊണ്ടാണ് പണി തീര്‍ത്തിരിക്കുന്നത്.
ഖുതുബ് മിനാറിന്റെ മുകളിലേക്ക് കയറാന്‍ നേരത്തെ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. എന്നാല്‍ 1981 ഡിസംബര്‍ നാലിന് വൈദ്യുതി തകരാറുണ്ടായതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 45 ഓളം പേര്‍ മരിച്ചതിനെ തുടര്‍ന്ന് മുകളിലേക്ക് സന്ദര്‍ശകരെ കയറാന്‍ അനുവദിക്കാറില്ല.
ഖുതുബ് മിനാറിന് പില്‍കാലത്ത് പല കേടുപാടുകളും സംഭവിച്ചെങ്കിലും അവയൊക്കെ യഥാസമയം റിപ്പയര്‍ ചെയ്യുകയുണ്ടായി.
അയണ്‍ പില്ലര്‍
ഖുതുബ് മിനാറിന്റെ മുറ്റത്തായി 32 അടി 8 ഇഞ്ച് വലുപ്പത്തിലുള്ള ഒരു അയണ്‍ പില്ലറുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതുമുതല്‍ ഇതുവരേയും ഈ തൂണ് തുരുമ്പ് പിടിച്ചിട്ടില്ലത്രേ. ഈ തൂണിനെ കെട്ടിപ്പിടിച്ച് പ്രാര്‍ഥിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സാക്ഷാല്‍ക്കരിക്കപ്പെടും എന്ന ഒരു അന്ധവിശ്വാസം പൊതുവേ നിലവിലുണ്ട്. അതിനാല്‍ മിക്ക സമയത്തും നിരവധി പേര്‍ അയണ്‍ പില്ലറും കെട്ടിപ്പിടിച്ച് കരയുന്നത് കാണാം. ഈ വിശ്വാസത്തിന് മതപരമോ സാമൂഹികമോ ആയ യാതൊരു അടിസ്ഥാനവുമില്ലെന്നും കേവലം ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.
പൗരാണികതയുടെ ചരിത്രമുദ്രകള്‍, പൂര്‍വ്വപ്രതാപ രാജാധികാര വാഴ്ചകളുടെ കുളമ്പടിയൊച്ചകള്‍, ആ സേതു ഹിമാചലം പരന്നുകിടക്കുന്ന ഒരു ജനസഞ്ചയത്തിന്റെ ജീവിതത്തിന്റെ ആധാരപത്രങ്ങളുടെ ഉരുവകേന്ദ്രം, എല്ലാം എല്ലാം ഈ ഡല്‍ഹി.  വിട്ടകന്നാലും ഒരു സഞ്ചാരിയുടെ മനസ്സില്‍ നിന്ന് ഡല്‍ഹിയുടെ സ്മൃതിചിത്രങ്ങള്‍ മാഞ്ഞുപോകില്ല.

 

അമാനുല്ല വടക്കാങ്ങര

You must be logged in to post a comment Login