ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

ന്യൂഡല്‍ഹി:  ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്‌സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. ഇതേ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഡല്‍ഹി വസന്ത് കുഞ്ചിലെ ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. നേരത്തെ പല തവണ ചര്‍ച്ച നടന്നെങ്കിലും പിരിച്ച് വിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല.

ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് തൊഴില്‍ പീഡനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി നേരത്തെ നല്‍കിയ കേസുകളാണ് നിലവിലുള്ളത്. ആത്മഹത്യാശ്രമത്തിനു ശേഷം ആശുപത്രയില്‍ ചികിത്സയിലായിരിക്കെ മരുന്ന് അധികമായി കൂത്തി വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കേസുകള്‍ പിന്‍വലിക്കാതെ ഈ നഴ്‌സിനെ ജോലിയില്‍ തിരിച്ചടുക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും ആശുപത്രി അധികൃതര്‍.

You must be logged in to post a comment Login