ഡല്‍ഹി കലാപം:പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് സഹായമില്ല, അര്‍ദ്ധ രാത്രിയില്‍ ഇടപെട്ട് ഹൈക്കോടതി, ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കി കോടതി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ദ്ധരാത്രി അടിയന്തരമായി ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി കോടതി തുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍, ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടില്‍ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ഡല്‍ഹിയിലെ തത്സമയ വിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ഡല്‍ഹി ജോയന്റ് കമ്മീഷണര്‍ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി.

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായത് സര്‍ക്കാര്‍ അഭിഭാഷകനായ സഞ്ജയ് ഘോസാണ്. ന്യൂ മുസ്തഫാബാദ് മേഖലയിലെ ചെറു ആശുപത്രിയായ അല്‍ഹിന്ദില്‍ നിന്ന് ജിടിബി ആശുപത്രിയിലേക്ക് പരിക്കേറ്റ ഒരു സംഘമാളുകളെ അടിയന്തരമായി മാറ്റേണ്ടതുണ്ടെന്നും, എന്നാലതിന് തടസ്സമായി കലാപകാരികള്‍ നില്‍ക്കുന്നുണ്ടെന്നും, ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സുരൂര്‍ മന്ദര്‍ വ്യക്തമാക്കി. അടിയന്തരമായി വിദഗ്ധ വൈദ്യസഹായം ആവശ്യമുള്ളവരാണ് ഇവരെന്നും അഭിഭാഷകന്‍ വാദിച്ചു. ആംബുലന്‍സ് എത്തിയാല്‍ ചിലര്‍ ഇതിനെ തടയാനുള്ള സാധ്യതയുണ്ടെന്നും, അതിനായി ആളുകള്‍ തമ്പടിച്ച് നില്‍പുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

വാദത്തിനിടെ, അഭിഭാഷകന്‍ അല്‍ ഹിന്ദ് ആശുപത്രിയിലെ ഡോക്ടറോട് ജഡ്ജിക്ക് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയാമെന്ന് വ്യക്തമാക്കി. ഇതിനായി ഡോ. അന്‍വര്‍ എന്ന ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് സ്പീക്കര്‍ ഫോണില്‍ ന്യായാധിപര്‍ സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും വിദഗ്ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും, ഡോക്ടര്‍ ജഡ്ജിക്ക് വിശദീകരിച്ച് നല്‍കി. പല തവണ പൊലീസിനെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

പരിക്കേറ്റവരുടെ ജീവനാണ് പ്രാധാന്യമെന്ന് പറഞ്ഞ ഹൈക്കോടതി, അടിയന്തരമായി പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സ ആവശ്യമുള്ള ആശുപത്രികളിലേക്ക് മാറ്റണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനായി ആംബുലന്‍സുകള്‍ കടന്ന് പോകുമ്പോള്‍, അത് തടയിടാന്‍ പാടില്ല. കലാപ ബാധിതമേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കണം. ജിടിബി ആശുപത്രിയിലല്ലെങ്കില്‍, എല്‍എന്‍ജിപിയിലോ മൗലാന ആസാദ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇവരെ മാറ്റണമെന്ന് നിര്‍ദേശം, ഉത്തരവ് ഇറങ്ങുംമുമ്പ് തന്നെ കിഴക്കന്‍ ഡിസിപി ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആംബുലന്‍സിലേക്ക് കയറ്റിത്തുടങ്ങി.


You must be logged in to post a comment Login