ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് എഎപി പിരിച്ചത് 18 കോടി

ന്യൂഡല്‍ഹി: ശനിയാഴ്ച നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടി പിരിച്ചെടുത്തത് 18 കോടി രൂപ. 30 കോടി രൂപ പിരിക്കാനാണ് എ.എ.പി ലക്ഷ്യമിട്ടിരുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി പണം കണ്ടെത്തുന്നതിന് വേണ്ടി ‘കോഫി വിത്ത് കെജ്‌രിവാള്‍’, ‘സെല്‍ഫി വിത്ത് മഫ്‌ളര്‍മാന്‍’ തുടങ്ങിയ പരിപാടികള്‍ ആം ആദ്മി സംഘടിപ്പിച്ചിരുന്നു. അതേസമയം ലക്ഷ്യമിട്ട തുക സമാഹാരിക്കാന്‍ കഴിയാത്തതിന് ആരെയും കുറ്റപ്പെടുത്താന്‍ പാര്‍ട്ടി തയാറല്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോടെയാണ് ആം ആദ്മി ഫണ്ട് ശേഖരണം തുടങ്ങിയത്. ചെറിയ തോതിലുള്ള സംഭാവനകള്‍ ലഭിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും പാര്‍ട്ടിയുടെ അടിസ്ഥാനം വര്‍ദ്ധിക്കുന്നു എന്നതിനുള്ള സൂചനയാണെന്ന് ഫണ്ട് ശേഖരണത്തിന്റെ ചുമതലയുള്ള അരവിന്ദ് ഝാ പറഞ്ഞു. സുതാര്യമായ ഏത് മാര്‍ഗത്തില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളും പാര്‍ട്ടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫണ്ട് ശേഖരണത്തിന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നില്ലെന്ന് ഝാ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ഫണ്ട് ശേഖരണത്തിനായി അതിന്റെ ചുമതലയുള്ള സമിതിയില്‍ നിന്ന് തന്നെയാണ് സമ്മര്‍ദ്ദം ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുന്നവരെ ഫണ്ട് ശേഖരണം തുടരുമെന്നും ഝാ വ്യക്തമാക്കി.

You must be logged in to post a comment Login