ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹി പിസിസി അധ്യക്ഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദീര്‍ഘകാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 3.30നായിരുന്നു അന്ത്യം.

കഴിഞ്ഞ വര്‍ഷം അസുഖത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ വെച്ച് ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് മാസം കേരളാ ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് മുന്‍ വക്താവ് സന്ദീപ് ദീക്ഷിത് മകനാണ്.

കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പാണ് വീണ്ടും ഷീലാ ദീക്ഷിത് ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായത്. സോണിയ ഗാന്ധിയുമായും ഹൈക്കമാന്റുമായും അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന നേതാവാണ്.

You must be logged in to post a comment Login