ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്;കെജ്‌രിവാളിനെ ഒതുക്കാന്‍ നീക്കം

ഡല്‍ഹിയില്‍ നേരിട്ട കനത്ത തോല്‍വിയുടെ ജാള്യത രാഷ്ട്രപതി ഭരണം കൊണ്ടു മറയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ആലോചന കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. നിയമസഭ മരവിപ്പിച്ചു നിര്‍ത്താനാണ് ആലോചന. ബിജെപി ഈ തീരുമാനത്തെ എതിര്‍ക്കില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടി. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന രീതിയില്‍ ബിജെപിയെ ക്ഷണിച്ചാലും അവര്‍ക്ക് 36 എന്ന മാന്ത്രികസംഖ്യയില്‍ എത്തിച്ചേരാനാവില്ല. ഈ സാഹചര്യത്തില്‍ ബിജെപി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും മങ്ങും. രാഷ്ട്രപതി ഭരണം എന്ന നിര്‍ദ്ദേശത്തെ ബിജെപിയും അനുകൂലിച്ചേക്കും.
നിയമസഭ മരവിപ്പിച്ചാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇരുപത്തിയെട്ട് എം എല്‍ മാര്‍ക്ക് ചുമതല പോലും ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയാകും. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്ന് ആം ആദ്മി പാര്‍ട്ടി സംശയിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇത്തരമൊരു സ്ഥിതി തുടര്‍ന്ന ശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രാഷ്ട്രപതി ഭരണം വന്നാല്‍ അരവിന്ദ് കേജ്‌രിവാള്‍ പ്രതിപക്ഷ നേതാവാകുന്നതും കോണ്‍ഗ്രസിനും ബിജെപിക്കും ചെറുക്കാനാകും. ആം ആദ്മി പാര്‍ട്ടിയാണെങ്കില്‍ ആരെയും പിന്തുണക്കില്ല, ആരുടെയും പിന്തുണ സ്വീകരിക്കില്ല എന്ന കടുത്ത നിലപാടില്‍ തന്നെയാണ്. കെജ്‌രിവാളിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും സൂചിപ്പിച്ചിട്ടുണ്ട്.

aravind
അതേസമയം കെ്ജരിവാളിനു പിന്തുണയുമായി ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തി. ജെഡിയുവിന്റെ ഷൊയബ് ഇഖ്ബാല്‍ മാട്ടിയ മഹലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവരുടെ പിന്തുണയോടെ എഎപിയുടെ അംഗബലം 29 ആയി. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകണമെന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ ഇത്രത്തോളം തിളക്കമുള്ള വിജയം നേടിയിട്ടും അധികാരത്തില്‍നിന്ന് അകന്നു നില്‍ക്കുന്നത് അണികളെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നു ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച 28 സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത യോഗത്തില്‍ കെജ്‌രിവാളിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത്. പ്രചാരണത്തിനിറങ്ങിയതുപോലെ തന്നെ എല്ലാ വീടുകളിലും എത്തി നന്ദി അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.

You must be logged in to post a comment Login