ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ചാലക്കുടിയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവയ്ക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. അഴിമതി വിരുദ്ധ പ്രതിച്ഛായയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനെന്ന പരിവേഷവും ജേക്കബ് തോമസിന് അനുകൂല ഘടകങ്ങളാണ്.

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുന്‍പ് ചിന്തിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജനസേവനം മാത്രമായിരുന്നു മനസില്‍.എന്നാല്‍ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവില്‍ സര്‍വീസ് ഏറെ ആഗ്രഹിച്ച് ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലെന്നും അദേഹം പറഞ്ഞു.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.

ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

You must be logged in to post a comment Login