ഡിജിറ്റല്‍ സാക്ഷരത: ആരംഭ് പദ്ധതിയുമായി ഡെല്‍; ഒരു വര്‍ഷം നീളുന്ന പദ്ധതി

dell
കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടിക്ക് പിന്തുണയുമായി ഡെല്‍ ഇന്ത്യ. വിദ്യാഭ്യാസ മേഖലയില്‍ പഴ്‌സണല്‍ കംപ്യൂട്ടര്‍ വ്യാപനവും ഉപയോഗവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയതലത്തില്‍ ആരംഭ് പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ മൂന്ന് വിഭാഗങ്ങളെയാണ് ആരംഭ് പദ്ധതിയില്‍ ഡെല്‍ സമന്വയിപ്പിക്കുന്നത്. പഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസ വികസനത്തില്‍ പഴ്‌സണല്‍ കംപ്യൂട്ടറുകള്‍ സജീവമായി പ്രയോജനപ്പെടുത്തുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുകയും ഇതിനനുകൂലമായ സാഹചര്യങ്ങളും പശ്ചാത്തലവും ഒരുക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒരു വര്‍ഷം നീളുന്ന പദ്ധതിയില്‍ രാജ്യത്തെ 75 നഗരങ്ങളിലായി 5000 സ്‌കൂളുകളിലെ പത്തു ലക്ഷം വിദ്യാര്‍ഥികളും 1,00,000 അധ്യാപകരും 2,00,000 രക്ഷിതാക്കളും ഭാഗമാകും. ചെറുപ്പക്കാര്‍ക്കിടയില്‍ പഴ്‌സണല്‍ കംപ്യൂട്ടര്‍ അവിഭാജ്യഘടകമാണെന്ന തിരിച്ചറിവിന്റെ ഭാഗമാണിത്. വിജ്ഞാന കവാടമായി പഴ്‌സണല്‍ കംപ്യൂട്ടറുകളെ സ്ഥാപിച്ചെടുക്കുക, വ്യക്തിഗത മികവുകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ കേന്ദ്രാശയം. ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ മുന്നേറ്റങ്ങളുടെ ഉള്‍ക്കാഴ്ചയും ലക്ഷ്യവും ഈ പദ്ധതി ഉള്‍ക്കൊള്ളുന്നുണ്ട്.

ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളത്തെ തൊഴില്‍ശക്തിയാകുന്ന, രാജ്യത്ത് പഴ്‌സണല്‍ കംപ്യൂട്ടര്‍ വ്യാപനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തിനാണ് ആരംഭ് പദ്ധതിയിലൂടെ ഡെല്‍ നേതൃത്വം നല്‍കുന്നതെന്ന് ഡെല്‍ ഇന്ത്യ കണ്‍സ്യൂമര്‍ ആന്റ് സ്‌മോള്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍ പറഞ്ഞു.

കാണാപ്പാഠം പഠിക്കുന്നതിനെതിരെയുള്ള മുന്നേറ്റത്തിനു കൂടിയാണ് ആരംഭ് വഴിയൊരുക്കുന്നത്. ഇതിന്റെ പ്രധാന്യം മനസിലാക്കിക്കൊടുക്കുന്നതിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dellpcforeducation.com, www.dellaarambh.com

You must be logged in to post a comment Login