ഡിസംബര്‍ മറയുമ്പോള്‍

ശ്രുതി .വി.എസ് വൈലത്തൂര്‍

ഡിസംബറിലെ പകലുകളെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ നോക്കണം …എങ്ങനെ നോക്കണമെന്നോ കുന്നിന്‍ മുകളിലൂടെ ,മഞ്ഞുരുണ്ട വെയില്‍ പാളികളിലൂടെ, അങ്ങ് മുകളിലേയ്ക്ക് .. മുകളിലേയ്ക്ക് നോക്കണം പച്ചകുന്നുകള്‍ വെളുത്തിരിക്കുന്നതു കാണാന്‍ എന്ത് രസമാണെന്നോ .. ഓരോ പുതു കാഴ്ച്ചകളും സമ്മാനിക്കുന്നത് ഓര്‍മകളുടെ അകകാഴ്ചകളാണ് .ഡിസംബറിലെ പകലുകളിലൊക്കെ അനുഭവിക്കുന്നത് ഒരു തരം കുളിര്‍മയുള്ള ചൂടാണ്.. ഡിസംബര്‍ നീ വിരഹത്തിന്റെ, പ്രതീക്ഷയുടെ ,ഉണര്‍വിന്റെ, ഓര്‍മകളുടെ മാസമാണ്, എന്നൊക്കെ കാവ്യാത്മകമായി പറയാം….നഷ്ടമെന്നാല്‍ ഒരു വര്‍ഷത്തിന്റെ എന്നല്ല ഓടി കിതച്ച് വന്ന് നടന്നു തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്നവളെ പോലെയാണ് ഡിസംബര്‍ .. ഒരു വര്‍ഷം നീയെന്തു തന്നു.. കുറേ കറുത്ത അക്കങ്ങളും, ചുവന്ന അക്കങ്ങളും ,ദുരിതവും ,വേദനയും ,നഷ്ടങ്ങളും എന്നാല്‍ ഓടിയകന്ന ദിനങ്ങളിലെത്ര സൗന്ദര്യങ്ങള്‍ ,പ്രതീക്ഷകള്‍ നാം കണ്ടു…. ഒരു വര്‍ഷത്തെ ഓര്‍മപെടുത്തലിനേക്കാള്‍ അധികം മറന്നു പോവലുകള്‍ക്കാണ് .സത്യം പറഞ്ഞാല്‍ മറഞ്ഞു പോയവകുമിഞ്ഞു നിറയുന്ന ചില കാലങ്ങള്‍ ഉണ്ട് ആ കാലമാണ് ഡിസംബര്‍. ഡിസംബറില്‍ നിറയെ ഓര്‍മകളാണ് .തണുത്ത രാത്രികള്‍ ,പുല്‍കൂടിന്റെ വെളിച്ചം ,നക്ഷത്ര ശോഭ ,പിറവിയുടെ ആരവം ,പിന്നെ വൃശ്ചിക കുളിരിന്റെ , തിരുവാതിരയുടെ… അങ്ങനെ … അങ്ങനെ കുളിര്‍മ പങ്കിടുന്ന മുതിര്‍ന്ന ഒരു പെണ്ണാണ് ഡിസംബര്‍. പക്വതയുള്ള ഒരുപെണ്‍കുട്ടി കല്യാണപ്രായം കഴിഞ്ഞു നില്‍ക്കുന്ന പാവാടക്കാരി .വൃശ്ചിക സന്ധ്യകള്‍ക്ക് ഈറനുടുത്തു വരുന്ന ഒരു തണുപ്പുണ്ട്. അമ്പലക്കുളത്തില്‍ മഞ്ഞു വീണ് സന്ധ്യ സമയത്തെ വെള്ളത്തിന് നല്ല തണുപ്പായിരിക്കും .എത്ര മുങ്ങി നിവര്‍ന്നാലും മതിവരാത്ത തണുപ്പ്. ശരണം വിളികളിലെ ശുദ്ധസ്വരം ആലിന്‍ ചുവട്ടിലെത്തുമ്പോള്‍ ആലില പോലും തുള്ളി വിറയ്ക്കാറുണ്ട് .ധനു രാവില്‍ തിരുവാതിര കുളിച്ചു തൊഴുത് കുറി വരയ്ക്കുന്ന പെണ്ണിനും ഡിസംബറിന്റെ ഗന്ധമാണ്. വൃശ്ചികവും ,ധനുവും, മകരവും, പ്രകൃതിയുമായി മനുഷ്യ മനസ് പങ്കിടുന്ന കാലങ്ങളാണ്. മുപ്പത്തിയൊന്ന് വയസുള്ള പെണ്ണായിട്ടാണ് ഡിസംബര്‍ പടിയിറങ്ങി പോകാറുള്ളത്. പള്ളിമേടകളില്‍ അലങ്കരിച്ച ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ക്ക്പുതിയ ഭാവങ്ങള്‍ കൈവന്നിരിക്കുന്നു. ചിലപ്പോള്‍ തോന്നും പിറന്ന ഉണ്ണിയേശുവിനെ കാണാന്‍ വന്ന മാലാഖമാര്‍ക്ക് പുതുകാലത്തിന്റെ ഭാവ പകര്‍ച്ചയുണ്ടെന്ന് കാലിതൊഴുത്തിനും പുതുമകള്‍ കൈവന്നു കഴിഞ്ഞുവല്ലോ. പണ്ട് പടിഞ്ഞാറേവീട്ടിലെ മുപ്പതു കഴിഞ്ഞ ചേച്ചി പുള്ളി പാവാടയുടുത്ത്.. പുല്‍ക്കൂടൊരുക്കാറുള്ളത് ഓര്‍മ വരുന്നു,കളിമണ്ണ് കുഴച്ച് രൂപങ്ങള്‍ ഉണ്ടാക്കി ഉണക്കിയെടുത്ത് ,പുല്ല് മുറിച്ച് വിതറി അതില്‍ ഉണ്ണിയേശുവിനെ കിടത്തും. ചിലപ്പോള്‍ പച്ചിലകള്‍ അരച്ച് രൂപങ്ങള്‍ക്ക് നിറം കൊടുക്കും, ഉണങ്ങിയ മടല്‍കഷ്ണം ചീകിയെടുത്ത് നേര്‍ത്ത കഷ്ണങ്ങളാക്കി ഉണക്കിയെടുക്കും ‘അടുത്ത വീട്ടിലെ വള്ളിനിക്കറിട്ട ചെറുക്കനെ കൊണ്ട് പിങ്ക് നിറത്തിലുള്ള വര്‍ണകടലാസ് വാങ്ങി വടി കഷ്ണങ്ങള്‍ കൊണ്ട് നക്ഷത്ര ചിഹ്നം ഉണ്ടാക്കി വര്‍ണ കടലാസ് ഒട്ടിച്ച് വലിയൊരു നക്ഷത്രമുണ്ടാക്കുന്നത് ഡിസംബര്‍ പിറക്കുമ്പോഴാണ് . ഈ ഒരുക്കങ്ങളില്‍ നിന്നാണ് ഡിസംബര്‍ തുടങ്ങുന്നത് .ചേച്ചീടെ നക്ഷത്ര പണി കഴിഞ്ഞോ എന്ന് നോക്കാന്‍ ഇടയ്ക്കിടെ അവരുടെ വീട്ടില്‍ ചെന്നു നോക്കാറുണ്ടായിരുന്നു .പിന്നീട് സന്ധ്യയ്ക്ക് വീടിന്റെ പുറകുവശത്ത് നക്ഷത്രം മിന്നുന്നുണ്ടോ എന്ന് ചെന്നു നോക്കും .ആ വീട്ടിലെ അമ്മ ചെറിയ കഷ്ണം മെഴുകുതിരി നക്ഷത്രത്തിനുള്ളില്‍ വയ്ക്കും കുറച്ച് നേരം മാത്രം. കടലാസ് കത്തിയാലോ. എന്നാണവരുടെ പേടി ,മണ്ണെണ്ണ വിളക്ക് ഉമ്മറ തിണ്ണയില്‍ വച്ച ആ വീടിന്റെ ഇറയത്ത് കുറച്ചു നേരം ആ നക്ഷത്രമങ്ങനെ കണ്ണു തുറന്ന് അരണ്ട വെളിച്ചം വിതറി നില്‍ക്കുന്നതാണ് ഡിസംബറിലെ മറ്റൊരു ഓര്‍മ തിളക്കം. ഡിസംബറിന്റെ സന്ധ്യകള്‍ക്ക് പകലിനോട് പ്രണയമുണ്ടെന്ന് ഒരു കാലത്ത് കരുതിയിരുന്നു. പകല്‍ മുഴുവന്‍ മഞ്ഞിനോടൊട്ടി നിന്ന പ്രകൃതി കണ്ടിട്ടാവാം. മാമ്പൂക്കളില്‍ ഒരു മുഴു മാമ്പഴക്കാലം സ്വപ്‌നം കണ്ടതും ,തിരുവാതിരയെ പ്രതീക്ഷിക്കുന്നതും ഡിസംബറില്‍ ആയിരുന്നു. വ്രതശുദ്ധികളുടെ ,മുപ്പത് നൊയമ്പിന്റെ ,സാന്താക്ലോസിന്റെ ,പുല്‍കൂടുകളുടെ ഭംഗികളുടെ ഡിസംബര്‍ ,സന്ധ്യകളില്‍ ശരണം വിളികളോടെ കടന്നു വരുന്ന ദിവസങ്ങള്‍ക്ക് പാല പൂക്കളുടെ ഗന്ധമുണ്ട്.പടിഞ്ഞാറന്‍ ദേശത്തെ വരണ്ട കാറ്റ് സന്ധ്യയ്ക്കും അതുപോലെ തന്നെയായിരിക്കും തണുത്ത രാത്രികളില്‍ മഞ്ഞുവീഴുന്നത് നോക്കി പാല പൂക്കുന്നതും നോക്കി. പ്രഭാതത്തില്‍ ഡിസംബര്‍ മഞ്ഞിനെ കെട്ടിപിടിച്ച് കൂടെ നിര്‍ത്തിയിരിക്കും ഉച്ചവെയിലായാലും കൈവിടാതെ കുഞ്ഞുകൈകുമ്പിളില്‍ താങ്ങി പിടിച്ചിരിക്കും.
ഓര്‍മകളില്‍ മധുരം നിറച്ച് നഷ്ടസ്വപ്‌നങ്ങളെ നിശബ്ദം സ്‌നേഹിച്ച് മൗനത്തോടെ, ഉത്സാഹത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരു മനസ്സുണ്ട്. പ്രതീക്ഷകളും, പ്രാര്‍ത്ഥനകളും ജനുവരിയുടെ പ്രഭാതത്തിന്റെ കൂടെയുണ്ടാകും. പുതുവര്‍ഷം, പരസ്പര ആശംസകളില്‍ വെറുതെയങ്ങ് പൊതിഞ്ഞു കൊടുക്കുകയല്ല.. ഉള്ളില്‍ ഒരു നിശബ്ദ പ്രാര്‍ത്ഥന എപ്പോഴുമുണ്ടായിരിക്കും.

You must be logged in to post a comment Login