ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി; നീരവിനും മുമ്പേ സാമ്പത്തിക ക്രമക്കേടിന് ഇരയായി ബാങ്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രമക്കേടിന് ഇരയായത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. നീരവ് മോദി കേസ് പുറത്തു വന്നപ്പോള്‍ രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ബാങ്ക് ക്രമക്കേട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2420 കോടി രൂപയും വിവിധ ക്രമക്കേടുകള്‍ വഴി നഷ്ടം വന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി രൂപയാണെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് എല്ലാം കൂടി 2718 കേസുകളിലായി 19533 കോടി രൂപ നഷ്ടം വന്നതായി പറയുന്നു. ഈ കേസുകള്‍ ഏതൊക്കെയാണെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നില്ല.

ഒരു ചെറിയ സംഘം വ്യക്തികള്‍ക്ക് രാജ്യത്തെ വലിയ ബാങ്കുകളെ കബളിപ്പിക്കാമെന്നും എല്ലാ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും മറികടക്കാമെന്നും ഈ ക്രമക്കേടുകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 11 ബാങ്കുകളെ പിസിഎ പട്ടികയില്‍ പെടുത്തിയിരിക്കയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്‌ള അറിയിച്ചു. (പിസിഎ എന്നാല്‍ പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ എത്രയും വേഗം തിരുത്തല്‍ നടപടി ആവശ്യമുള്ളത്).

ഓരോ ബാങ്കുകളുടെയും കിട്ടാക്കടം ഇക്കഴിഞ്ഞ ഡിസംബര്‍ വരെ (കോടി രൂപയില്‍)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 201560

പഞ്ചാബ് നാഷനല്‍ ബാങ്ക് 55200

എഡിബിഎ ബാങ്ക് 44542

ബാങ്ക് ഓഫ് ഇന്ത്യ 43474

ബാങ്ക് ഓഫ് ബറോഡ 41649

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38047

കാനറ ബാങ്ക് 37794

എസിഐസിഐ ബാങ്ക് 33849

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 31724

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 32491

യൂക്കോ ബാങ്ക് 24308

അലഹബാദ് ബാങ്ക് 23120

ആന്ധ്രാ ബാങ്ക് 21599

കോര്‍പറേഷന്‍ ബാങ്ക് 21818.

You must be logged in to post a comment Login