ഡി.എം.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

ഡിട്രോയിറ്റ്:അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മറ്റൊരു ഓണക്കാലം കൂടി. മാവേലി മന്നനും ഓണസദ്യയും, ഓണക്കളികളും, തിരുവാതിരയും, ഓണപ്പൂക്കളവും, വള്ളംകളിയും എന്നും ഒരു സിനിമയിലെന്നപോലെ മനസില്‍ താലോലിക്കുന്ന മിഷിഗണിലെ മലയാളികള്‍ക്ക്, ആവേശപൂര്‍വ്വം ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുവാന്‍ ഒന്നാം ഓണത്തിന്റെ തലേദിവസമായ സെപ്റ്റംബര്‍ പതിന്നാലിന് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ വേദിയൊരുക്കുന്നു.
pookalam.jpeg
നോയി മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 14ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് 6 മണിക്ക് ആരംഭിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ വിശിഷ്ടാതിഥിയായ പ്രമുഖ സംഗീത സംവിധായകനും, ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അമ്പതില്‍പ്പരം കലാകാരന്മാരെ അണിനിരത്തി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മഹാബലിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ഭബലിപുരാണം’ എന്ന നൃത്ത നാടക ശില്‍പം അവതരിപ്പിക്കും. കൂടാതെ ചെണ്ടമേളം, പുലിക്കളി, തിരുവാതിര, തുമ്പിതുള്ളല്‍ തുടങ്ങിയവയോടൊപ്പം തട്ടുപൊളിപ്പന്‍ നാടന്‍ പാട്ടുകളുമായി കാവലം ശ്രീകുമാറും അരങ്ങെത്തെത്തും.

You must be logged in to post a comment Login