ഡി.കെ ശിവകുമാറിനെ കാണാൻ താത്‍പര്യമില്ലെന്ന് വിമത എംഎൽഎമാർ

മുംബൈ: കർണാടകയിലെ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിൽ അനുനയ ചർച്ചകൾക്കെത്തിയ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ തടഞ്ഞു വെച്ചു. പത്ത് വിമത എംഎൽഎമാർ ചേർന്ന് മുംബൈ പോലീസിൽ സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഡി.കെ ശിവകുമാറും ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡയുമാണ് മുംബൈയിലെത്തിയത്‌. എംഎൽഎമാർ നൽകിയ പരാതിയെ തുടർന്നാണ് നേതാക്കളെ ഹോട്ടലിന് മുന്നിൽ പോലീസ് തടഞ്ഞത്.

കർണാടകയിൽ നിന്നെത്തിയ നേതാക്കളെ കാണാൻ താത്‌പര്യമില്ലെന്നും എംഎൽഎമാർ മുംബൈ പോലീസിനോട് പറഞ്ഞു. ശിവകുമാറും കുമാരസ്വാമിയും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും അവരിൽ നിന്നും സുരക്ഷ നൽകണമെന്നും എംഎൽഎമാർ പോലീസിനോട് ആവശ്യപ്പെട്ടു.അതെ സമയം, തന്നെ പോലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്നും സുഹൃത്തുക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി പ്രവർത്തകർ ശിവകുമാറിനും ഗൗഡക്കുമെതിരെ ‘ഗോ ബാക്’ വിളികളുമായി ഹോട്ടലിന് മുന്നിൽ തടിച്ചു കൂടിയിട്ടുണ്ട്.

ശിവകുമാറിനും ഗൗഡക്കും തങ്ങാൻ മറ്റൊരു ഹോട്ടൽ ഒരുക്കാമെന്നും അവിടെ നിന്നും മാറണമെന്നും പോലീസ് പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ല. കനത്ത മഴയെ അവഗണിച്ചും ഇരു നേതാക്കളും ഹോട്ടലിന് മുന്നിൽ തുടരുകയാണ്. സുഹൃത്തുക്കളെ കണ്ട് സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനുമാണ് താൻ എത്തിയത്. ദിവസം മുഴുവനും ഹോട്ടലിന് മുന്നിൽ കാത്തിരിക്കാൻ തയ്യാറാണെന്നും ശിവകുമാർ പറഞ്ഞു. പത്തോളം വിമത എംഎൽഎമാരാണ് മുംബൈയിലെ ഹോട്ടലിൽ തുടരുന്നത്.

14 കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചതോടെ കുമാരസ്വാമി മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടമായി. ഇതോടെ സഖ്യകക്ഷിക്ക് 103 സീറ്റുകളും ബിജെപിക്ക് 107 സീറ്റുകളുമായി. അതിനിടെ, കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാനാധ്യക്ഷൻ ബി.എസ് യെഡ്യൂരപ്പ പറഞ്ഞു. മുഴുവൻ ബിജെപി എംഎൽഎമാരെയും അണിനിരത്തി ഇന്ന് വിധാൻ സൗധയിൽ ധർണ നടത്തും. കൂടാതെ, ബിജെപി നേതൃത്വം ഗവർണറോട് കുമാരസ്വാമിയുടെ രാജി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെടും.

കോൺഗ്രസ് എംഎൽഎമാരായ രാമലിംഗ റെഡി, രമേശ് ജർക്കിഹോളി, ബിസി പാട്ടിൽ, മഹേഷ് കുമതള്ളി, പ്രതാപഗൗഡ പാട്ടിൽ, ശിവറാം ഹെബ്ബാർ, സൗമ്യ റെഡ്‌ഡി, മുനിരത്ന, എസ് ടി സോമശേഖർ, ബസവരാജ്, ആര്‍ ശങ്കര്‍ എന്നിവരും ജെഡിഎസ് എംഎൽഎമാരായ നാരായണ ഗൗഡ, കെ ഗോപാലയ്യ, എച്ച് വിശ്വനാഥ്, എന്നിവരുമാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ച് രാജി സമർപ്പിച്ചിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി നാഗേഷ് രംഗത്തുവരികയും ചെയ്തിരുന്നു.

എംഎൽഎമാരുടെ രാജി സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഇന്ന് പരിഗണിക്കും. മുംബൈയിലെ സോഫിടെൽ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പോകാൻ ഒരുങ്ങിയ വിമത എംഎൽഎമാർ പിന്നീട് മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്ക് മാറുകയായിരുന്നു. എന്നാൽ, പോലീസ് തടഞ്ഞതിനെ തുടർന്ന് ഡി കെ ശിവകുമാർ ഇപ്പോഴും ഹോട്ടലിന് മുന്നിൽ തന്നെ തുടരുകയാണ്. ശിവകുമാർ ബുക് ചെയ്ത മുറി കാൻസൽ ചെയ്യുകയാണെന്നും അവിടെ മുറി നൽകാനാകില്ലെന്നും ഹോട്ടൽ മാനേജ്‌മെന്റ് അറിയിച്ചു.

You must be logged in to post a comment Login