‘ഡെന്‍ഡ്രോബിയം അനിലി’ ഓര്‍ക്കിഡ് കുടുംബത്തിലെ പുതിയ കണ്ടെത്തല്‍

orchid

കല്‍പ്പറ്റ: ഓര്‍ക്കിഡ് കുടുംബത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി. പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡ് കുടുംബത്തില്‍ നിന്നാണ് പുതിയ ഇനത്തെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഡെന്‍ഡ്രോബിയം വര്‍ഗ്ഗത്തില്‍പെടുന്നവയാണ് ചെടി. ‘ഡെന്‍ഡ്രോബിയം അനിലി’ എന്നാണ് പുതിയ സസ്യത്തിന്റെ പേര്.

പ്രശസ്ത ശാസ്ത്രജ്ഞനും കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറുമായ എന്‍. അനില്‍കുമാറിന്റെ പേരാണ് പുതിയ സസ്യത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഇദ്ദേഹം സസ്യ ശാസ്ത്രത്തിനു നല്‍കിയ വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പേര് നല്‍കിയത്. വയനാട്ടിലെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ സസ്യമാണിത്. ഇതു സംബന്ധിച്ച പഠന പ്രബന്ധം അന്താരാഷ്ട്ര ജേര്‍ണലായ ഫിന്നിഷ് സുവോളജിക്കല്‍ ആന്‍ഡ് ബൊട്ടാണിക്കല്‍ പബ്ലിഷിങ് ബോര്‍ഡിന്റെ 2016 ലെ പതിപ്പില്‍ പ്രസിദ്ധീകരിച്ചു.

പശ്ചിമഘട്ടമലനിരകളില്‍ നിന്നും നേരത്തേ കണ്ടെത്തി പ്രസിദ്ധീകരിച്ചതില്‍ വാള്‍സത്തിന്റെ വര്‍ഗ്ഗത്തില്‍പെടുന്ന മഴക്കാല സസ്യങ്ങള്‍ക്ക് പഴശ്ശിയുടെ പേര് ഉള്‍പ്പെടുത്തി ഇമ്പേഷിയന്‍സ് വീരപഴശ്ശിയും, പേര്യ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവിയുടെ പേരില്‍ ഇമ്പേഷിയന്‍സ് തെര്‍കോഫിയാനയും, ഞാവല്‍ വര്‍ഗ്ഗത്തില്‍പെടുന്ന സസ്യത്തിന് സൗത്ത് വയനാട് ഡി.എഫ്.ഒ. ആയിരുന്ന ധനേഷ് കുമാറിന്റെ പേരിലുള്ള സൈസിജിയം ധനേഷിയാനയും, ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍ പ്പെടുന്ന സസ്യങ്ങള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകനും സസ്യ വര്‍ഗ്ഗീകരണത്തില്‍ പ്രശസ്തനുമായ പി.എം. സലീമിന്റെ പേര് ചേര്‍ത്ത് സൈഡന്‍ഫെഡിനില്ല സലീമിയും ആധികാരിക രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

പുതിയ സസ്യത്തെ കണ്ടെത്തുന്നതിനായി എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷനിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.എം. സലീം പിച്ചനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോസ് മാത്യു എന്നിവരടങ്ങിയ പ്രവര്‍ത്തകരാണ് പ്രവര്‍ത്തിച്ചത്.

You must be logged in to post a comment Login