തകര്‍ന്ന മനസുമായി അബോട്ട്

വേഗതയെ താലോലിക്കുന്ന പിച്ചുകളില്‍ ഒരു ഫാസ്റ്റ് ബൗളറില്‍     നിന്ന് ഏതൊരു നായകനും ആഗ്രഹിക്കുക എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങളെ കീറിമുറിക്കുന്ന തീ പാറുന്ന പന്തുകളാകും. എന്നാല്‍ അത്തരത്തിലൊരു പന്ത് സഹതാരത്തിന്റെ രക്തക്കറ ഒപ്പിയെടുത്ത് മരണദൂതായി മാറുക എന്നത് ഒരു ബൗളറും മനസില്‍പോലും സങ്കല്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത ദുര്യോഗമാണ്. ജീവിതത്തിലെ അത്തരമൊരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ആസ്‌ട്രേലിയയുടെ യുവ പേസറായ സീന്‍ അബോട്ട് ഇപ്പോള്‍. പ്രാദേശിക ലീഗില്‍ ഫില്‍ ഹ്യൂഗ്‌സിനെ വീഴ്ത്തിയ ബൗണ്‍സര്‍ എറിഞ്ഞ നിമിഷം മുതല്‍ മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിലൂടെ കടന്നു പോകുകയായിരുന്ന അബോട്ടിനെ തേടി വെള്ളിയാഴ്ച ആ ദുഃഖ വാര്‍ത്തയെത്തി  ഹ്യൂഗ്‌സിന്റെ വിയോഗം. അവിചാരിതമായി സംഭവിച്ച ദുരന്തത്തില്‍ അറിയാതെ എങ്കിലും വില്ലനായി മാറിയതിന്റെ നടുക്കത്തിലാണ് ആ 22കാരന്‍ ഇപ്പോഴും.അബോട്ട് മാനസികമായി ആകെ തകര്‍ന്ന നിലയിലാണെന്ന് മുന്‍ ഓസീസ് താരം ഗില്ലെപ്‌സി പറഞ്ഞു. ദുരന്തം ഉണ്ടായ നിമിഷം മുതല്‍ ഹ്യൂഗ്‌സിനെ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ ചുറ്റുവട്ടത്ത് തന്നെയായിരുന്നു അബോട്ട്. സഹതാരങ്ങളുടെ ആശ്വാസ വാക്കുകളൊന്നും തന്നെ ആ മനസിലെ തീ അണയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. നശിച്ച ആ ബൗണ്‍സര്‍ എറിയാന്‍ തോന്നാതിരുന്നുവെങ്കിലെന്ന് മനസില്‍ മന്ത്രിച്ചായിരുന്നു യുവതാരം നിമിഷങ്ങളോരോന്നും തള്ളിനീക്കിയത്. ഓസീസ് നായകന്‍ ക്ലാര്‍ക്കും ഹ്യൂഗ്‌സിന്റെ സഹോദരിയും അബോട്ടിനൊപ്പം ഏറെ സമയം ചെലവിടുകയും ചെയ്തിരുന്നു.
അബോട്ടിനെ ജീവിതകാലം മുഴുവന്‍ ഈ ദുരന്തം വേട്ടയാടാനിടയുണ്ടെന്ന് മുന്‍ ഓസീസ് നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍ ചൂണ്ടിക്കാട്ടി. ചെറിയ തോതിലെങ്കിലും ഒരു കുറ്റബോധം ഇപ്പോള്‍ അവനെ വേട്ടയാടുന്നുണ്ടാകും. അത് കുറച്ചു കാലം തുടരാനാണ് സാധ്യത. അബോട്ടിന് സാധാരണനില കൈവരിക്കാനുള്ള എല്ലാ സഹകരണവും നല്‍കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ആസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സുതര്‍ലാന്‍ഡ് വ്യാഴാഴ്ച വൈകുന്നേരം അബോട്ടുമായി സംസാരിച്ചിരുന്നു. സ്ഥിതിഗതികള്‍ അബോട്ട് കൈകാര്യം ചെയ്യുന്ന രീതിയില്‍ താന്‍ ആകൃഷ്ടനായെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. അബോട്ടിന് ക്രിക്കറ്റ് കളത്തില്‍ തുടരാനാകുമോ എന്ന സംശയം മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസും പങ്കുവച്ചു. ശാന്തനായി തുടരുകയാണ് അബോട്ടിന് വേണ്ടതെന്നും കൗണ്‍സിലിങ് അനിവാര്യമായ സമയമാണ് ഇതെന്നും യൂനിസ് പറഞ്ഞു.അബോട്ട് ഇപ്പോള്‍ സാഹചര്യങ്ങളോട് ഏതാണ്ട് പൊരുത്തപ്പെട്ട അവസ്ഥയിലാണെന്ന് യുവതാരത്തോടൊപ്പം ഏറെ സമയം ചെലവിട്ട മുന്‍ ഓസീസ് താരം സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് പ്രതികരിച്ചു. ഏകനായി വീട്ടിലിരിക്കുമ്പോഴോ രാത്രികാലങ്ങളിലോ ഓര്‍മ്മകളുടെ മലവെള്ളപാച്ചില്‍ അവനെ അസ്വസ്ഥനാക്കിയെന്ന് വരാം. പ്രത്യേക ശ്രദ്ധയുടെ ഈ ദിനങ്ങള്‍ പിന്നിട്ട ശേഷം ജീവിതത്തോടും സമ്മര്‍ദങ്ങളോടും അവന്‍ പ്രതികരിക്കുന്ന രീതിയാകും പ്രധാനം  ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login