തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: സര്‍ക്കാര്‍ നടപടിക്കെതിരെ കെ. മുരളീധരന്‍

ഐ.ജി. ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ രൂക്ഷ വിമര്‍ശനം. തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ല. ചെറിയ ശിക്ഷയായി സ്ഥാനക്കയറ്റം നല്‍കുന്ന രീതി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരിക്കെതിരെ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സമാന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ പൊലീസ് തലപ്പത്ത് ഇരിക്കുന്നത് ഭൂഷണമല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ഐ.പി.എസില്‍നിന്നു പിരിച്ചുവിടണമെന്നു ശിപാര്‍ശ ചെയ്ത് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യന്‍ സര്‍ക്കാരിനു നല്‍കിയ കത്തു പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയ അപൂര്‍വം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ഒരാളാണു തച്ചങ്കരി. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് തച്ചങ്കരിക്കെതിരെ തൃശൂര്‍ കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുമുണ്ട്. 2003-07 കാലയളവില്‍ അനധികൃതമായ രീതിയില്‍ തച്ചങ്കരി 64 ലക്ഷം രൂപയുടെ സ്വത്തു സമ്പാദിച്ചതായാണ് വിജിലന്‍സ്  കുറ്റപത്രത്തില്‍ ചുണ്ടിക്കാട്ടുന്നത്.

തച്ചങ്കരിയെ പിരിച്ചുവിടുന്നതു പരിശോധിക്കാനുള്ള കമ്മിറ്റി ഉടന്‍ ചേരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ചീഫ് സെക്രട്ടറിക്കു ഡി.ജി.പി കത്തു നല്‍കിയിരുന്നത്.ഈ ശിപാര്‍ശ നിലനില്‍ക്കേ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ ഉത്തരവുമിറങ്ങിയിരുന്നു. തച്ചങ്കരിക്ക് ഐ.പി.എസ് ലഭിച്ചതു മുതലുള്ള തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഡി.ജി.പിയുടെ കത്ത്. തച്ചങ്കരിയുടെ ഐ.പി.എസ് തിരിച്ചു വാങ്ങിക്കുന്നതിന് 18 കാരണങ്ങള്‍ കത്തില്‍ പറയുന്നു. എ.എസ്.പിയായി തച്ചങ്കരി സര്‍വീസ് തുടങ്ങിയ കാലം മുതലുള്ള ചട്ടലംഘനങ്ങളാണ് ഡി.ജി.പി കത്തില്‍ വിവരിക്കുന്നത്. നിലവില്‍ ഐ.ജി പദവിയാണ് ടോമിന്‍ ജെ. തച്ചങ്കരിക്ക്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര ചെയ്ത സംഭവത്തില്‍ തച്ചങ്കരിയെ താക്കീത് ചെയ്താല്‍ മതിയെന്നു കാട്ടി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. വിദേശയാത്രാ സംഭവത്തില്‍ തച്ചങ്കരിയെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ള എ ഡി ജി പി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ ഗുരുതരമായ ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായാല്‍ 50 വയസിലെത്തുമ്പോള്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ഉചിതമായ നടപടി സ്വീകരിക്കാമെന്നാണു കേന്ദ്ര നിയമമുണ്ട്. മറ്റൊരു സംസ്ഥാനത്തെ ഡി.ജി.പിയേക്കൂടി വിളിച്ചു വരുത്തിയാണ് ഇതിനുള്ള കമ്മിറ്റി രൂപീകരിക്കേണ്ടത്. തച്ചങ്കരിയുടെ കാര്യത്തില്‍ ഈ നടപടി സ്വീകരിക്കണമെന്നാണ് ഡി.ജി.പി ബാലസുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടത്.

സര്‍വീസിലുടനീളം കറുത്ത പുള്ളികള്‍ നിറഞ്ഞയാളാണ് ടോമിന്‍ ജെ. തച്ചങ്കരി. എ.എസ്.പിയായിരുന്ന സമയത്ത് ആലപ്പുഴ സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനം മുതല്‍ പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളുമായുള്ള അവിഹിത ഇടപെടലുകള്‍ വരെ ഡി.ജി.പി കത്തില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. തച്ചങ്കരിയുടെ വിദേശയാത്രകളാണ് കത്തിലെ ഹൈലൈറ്റ്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയത് എന്‍.ഐ.എ അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് തച്ചങ്കരി കുറച്ചുകാലം സസ്‌പെന്‍ഷനിലായിരുന്നു. വിദേശയാത്രകള്‍ക്കിടെ തീവ്രവാദ ബന്ധമുള്ളവരുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ഇതിനു ശേഷമാണ് ‘മാര്‍ക്കറ്റ്‌ഫെഡ്’ എം.ഡിയായി സര്‍വീസില്‍ തിരിച്ചെത്തിയത്.

You must be logged in to post a comment Login