മുംബൈ: മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന് എടിഎം മുമായി നടപ്പാക്കണമെന്ന് ആര്.ബി.ഐ. എല്ലാ എ.ടി.എമ്മുകളിലും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണിത്.
ഇക്കാര്യത്തിനായി ബാങ്കിന്റെ ഹോം ബ്രാഞ്ചില്‍ത്തന്നെ എത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പകരം ഏത് ശാഖയില്‍ നിന്നും ഇത് ചെയ്യാനാകണം. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും ആര്.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ക്ക് ബാങ്കിങ് ഇടപാടുകളില്‍ നിര്‍ണായക സ്വാധീനം വന്നതോടെയാണ് റിസര്‍വ് ബാങ്ക് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എ.ടി.എമ്മുകളിലെ പ്രധാന ‘മെനു’വിലോ ‘അദര്‍ സര്‍വീസ്’ വിഭാഗത്തിലോ ആയിരിക്കും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക.
ഉപയോക്താക്കള്‍ സ്വന്തം ശാഖയിലെത്തി നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ താമസ സ്ഥലം മാറിയവര്‍ക്കും മറ്റു സ്വന്തം ശാഖയിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ആര്.ബി.ഐ.യുടെ പുതിയ ഇടപെടല്‍.
ഉപയോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.
ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈല്‍ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോള്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയിലും മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന് ആവശ്യമാണ്.
ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകള്‍ക്കായി ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഈ മാസം ആദ്യം ആര്.ബി.ഐ. നിര്‍ബന്ധമാക്കിയിരുന്നു. തട്ടിപ്പിന് തടയിടുന്നതിനായിരുന്നു ഇത്.
You must be logged in to post a comment Login