തണലിടങ്ങളില്‍ ഇഞ്ചികൃഷി

ഭാഗികമായ സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളയാണ്  ഇഞ്ചി. തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളയാണ് ഇത്.തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി,  പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത്  ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്.
പുതയിടല്‍
ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്.
വളം വെവ്വേറെ
ഇടവിളയെങ്കിലും തെങ്ങിനും ഇഞ്ചിക്കും വെവ്വേറെ വളം വേണം. അല്ലെങ്കില്‍ പോഷക മൂലകങ്ങള്‍ക്കുള്ള മത്സരത്തിനിടയില്‍ രണ്ടിന്റെയും വിളവ് കുറയും. വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. ഒരു സെന്റിന് 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം പൊട്ടാഷ് എന്നിവ വേണം. ഇവയില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായും പകുതി യൂറിയ 40 ദിവസം കഴിഞ്ഞും നല്‍കണം. പകുതി പൊട്ടാഷും അവശേഷിക്കുന്ന യൂറിയയും കൂടി നട്ട് 90 ദിവസം കഴിഞ്ഞ് നല്‍കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.
ഇഞ്ചി മിശ്രവിള
ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി.

You must be logged in to post a comment Login