തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി. ഉചിതമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാം. യുഡിഎഫ് സമർപ്പിച്ച ഹർജി കോടതി ശരിവച്ചു. 2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടിക ഉപയോഗിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.

2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർ പട്ടിക തയാറാക്കാനും അതനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

മുൻപ് ഈ കേസ് പരിഗണിച്ചപ്പോൾ യുഡിഎഫ് മുന്നോട്ട് വച്ച ഹർജിയിലെ വാദങ്ങൾ നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിൽ തടസങ്ങളുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ, കോടതി പറയുന്ന പോലെ ചെയ്യാൻ തയാറാണെന്നും തടസങ്ങളൊന്നും ഇല്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ്  കമ്മീഷൻ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതി ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.

വിഷയത്തിൽ കോടതി ഉത്തരവ് ലഭിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേർക്കാൻ മൂന്ന് അവസരം നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

You must be logged in to post a comment Login