തനിക്കെതിരായ ആരോപണങ്ങള്‍ സുധീരന്‍ തെളിയിക്കണമെന്ന് ഷാനിമോള്‍

തിരുവനന്തപുരം: താന്‍ മദ്യലോബിയുടെ ആളാണെന്ന ആരോപണം തെളിയിക്കാനുള്ള ബാധ്യത കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുണ്ടെന്ന് മുന്‍ എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍. അതിനു കഴിയില്ലെങ്കില്‍ അദ്ദേഹം പ്രസ്താവന തിരുത്തണം. ആരുടെയും പ്രേരണ കൊണ്ടല്ല കത്തയച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കണമെന്നും കത്ത് വിവാദത്തില്‍ വിശദീകരണം തേടിയ കെ.പി.സി.സി ഉപസമിതിക്കു മുമ്പാകെ ഷാനിമോള്‍ ആവശ്യപ്പെട്ടു.

എം.എം.ഹസന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ച്, ഷാനിമോള്‍ ഉസ്മാന്‍ കത്തെഴുതിയതിനു പിന്നില്‍ ഗൂഢാലോചയുണ്ടോ, ഈ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെ എന്നീ വിഷയങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ഷാനിമോള്‍ക്കു പുറമേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറില്‍ നിന്നും സമിതി തെളിവെടുത്തു. ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നു ഷാനിമോള്‍ കെ.സി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു ഷുക്കൂറിന്റെ ആരോപണം. ഈ വിവാദം ചൂടുപിടിച്ചിരിക്കേ വേണുഗോപിനെതിരെ ആരോപണം ഉന്നയിച്ച് ഷാനിമോള്‍ കത്തയച്ചതോടെയാണ് സുധീരന്‍ അവര്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയത്.

You must be logged in to post a comment Login