തനിക്ക് നീതി കിട്ടിയെന്ന് സരിത; മുഖ്യമന്ത്രിയോട് നന്ദിയുണ്ട്

തിരുവനന്തപുരം: സോളാർ കേസില്‍ തനിക്ക് നീതി കിട്ടിയെന്ന് സരിത.എസ്.നായര്‍. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സരിത പറഞ്ഞു. താൻ പറഞ്ഞതിൽ സത്യമുണ്ടെന്ന്​ പൊതുജനങ്ങൾക്ക്​ മുമ്പാകെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വളരെ വ്യത്യസ്​തമായി ഇക്കാര്യങ്ങൾ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷം. അന്വേഷണത്തോട്​ സഹകരിക്കുമെന്നും സരിത പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.

സരിത എസ് നായരെ ഉപയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസെടുക്കും.  സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ജോസ് കെ മാണി, കെ.സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഐ ജി കെ പത്മകുമാര്‍, പളനിമാണിക്യം, എന്‍ സുബ്രമണ്യന്‍ എന്നിവരാണ് കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍.

You must be logged in to post a comment Login