തമിഴാനാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു: വാസന്‍ പാര്‍ട്ടി വിട്ടു

GK-Vasanചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജി.കെ. വാസന്‍ പാര്‍ട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ചു. ജി.കെ. മുപ്പനാരുടെ മകനായ ജി.കെ. വാസന്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ്.  തമിഴ്‌നാട്ടില്‍ നിന്നുള്ള  രാഷ്ട്രീയത്തില്‍ പുതിയ യാത്ര തുടങ്ങുകയാണെന്നും തമിഴ്‌നാടിന് പുതിയ രാഷ്ട്രീയ സംസ്‌കാരമാണ് വേണ്ടതെന്നും വാസന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ 3 എംഎല്‍എമാരും വാസനൊപ്പം പാര്‍ട്ടി വിട്ടു . പുതിയ പാര്‍ട്ടി മൂന്ന് ദിവസത്തിനകമെന്നും വാസന്‍ വിശദീകരിച്ചു . വാസന്റെ പിതാവായ ജെ.കെ.മൂപ്പനാര്‍, പ്രമുഖ നേതാവ് കാമരാജ് തുടങ്ങിയ സംസ്ഥാനത്തെ നേതാക്കളുടെ പാരമ്പര്യം ഹൈക്കമാന്‍ഡ് മറക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്..

പാര്‍ട്ടിയില്‍ തന്നെ അനുകൂലിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമായി ജി.കെ വാസന്‍ ഇന്നലെ തിരുപ്പൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട് വിഷയങ്ങളില്‍ എഐസിസി ഇടപെടുന്നില്ലായെന്ന പരാതി വാസനു നേരതേതെയുണ്ടായിരുന്നു. ഇതിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് വാസന്‍-ചിദംബരം ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത ഭിന്നതയുമുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇ.വി.കെ.എസ് ഇളങ്കോവനെ പിസിസി അധ്യക്ഷനായി നിയമിച്ചതാണു വാസനെ പ്രകോപിതനാക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ വാസന്റെ എതിരാളിയാണ് ഇളങ്കോവന്‍. രണ്ടാം തവണയാണു ഇദ്ദേഹം പിസിസി അധ്യക്ഷനാകുന്നത്. ഇളങ്കോവന്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ സത്യമൂര്‍ത്തിഭവനില്‍ ചുമതലയേറ്റു. ഇതോടെ വാസന്‍ പാര്‍ട്ടിവിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് പാര്‍ട്ടി വിടുകയാണെന്ന വിവരം വാസന്‍ പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുന്‍പ് ഡിഎംകെ യുടെ നേതൃത്തിലുള്ള വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ വാസനു പദ്ധതിയുണ്‌ടെന്ന സൂചനയുണ്ട്. ഇതിനിടെ വാസന്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചനടത്തിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 2016 ലാണ് തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

You must be logged in to post a comment Login