തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ‘ഗജ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. രാത്രിയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്താണ് അതിശക്തമായി ഗജ ആഞ്ഞുവീശിയത്. ആദ്യം 60 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. വ്യാപക നാശമാണ് ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വിതച്ചത്. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

തമിഴ്നാട്ടില്‍ നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകൾ തകർന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുർ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകൾ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 100–110 കിലോ മീറ്റർ വേഗതയിൽ വീശിയ ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റിന്റെ മുഴുവൻ പ്രശ്നങ്ങളും അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജനറൽ എസ്.ബാലചന്ദ്രൻ അറിയിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ 35,000 രക്ഷാപ്രവര്‍ത്തകരും മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരും സജ്ജമാണ്.1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടുമുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

You must be logged in to post a comment Login