തമിഴ്‌നാട്ടില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി; ഇനി മുതല്‍ 2 കോടിയോളം നല്‍കേണ്ടി വരും

790_medical-563427_960_720_ext

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ കോളെജുകളില്‍ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടി. 2 കോടിയോളമായാണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്.

ഈ മാസം 17ന് നീറ്റ് പരീക്ഷാഫലം സിബിഎസ്ഇ പുറത്തുവിട്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളെജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഫീസ് വര്‍ദ്ധിച്ചത്. ഒരു പ്രമുഖ കോളെജില്‍ നിലവില്‍ ഇതുവരെ 1.85 കോടി രൂപയായിരുന്നു ഫീസ്. ഇതില്‍ 1 കോടി രൂപ ട്യൂഷന്‍ ഫീസും 85 ലക്ഷം രൂപ കാപ്പിറ്റേഷന്‍ ഫീസുമാണ്. എല്ലാ സ്വകാര്യ മെഡിക്കല്‍ കോളെജുകളും കല്‍പ്പിത സര്‍വകലാശാലകളും ഇപ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഉത്തരവുണ്ട്. പുതിയ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളെജുകളിലേക്ക് സ്വതന്ത്ര്യമായി അപേക്ഷിക്കാമെങ്കിലും അഡ്മിഷന്‍ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും.

എന്നാല്‍ കാപ്പിറ്റേഷന്‍ ഫീയായി 40 മുതല്‍ 85 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് ചില കോളെജുകള്‍ ബുദ്ധിപൂര്‍വം രക്ഷിതാക്കളോട് പറഞ്ഞത്. ”ഞാന്‍ തര്‍ക്കിച്ചതാണ് മെിററ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അഡ്മിഷന്‍ നടത്താന്‍ കഴിയൂ എന്ന്. എന്നാല്‍ കോളെജ് അധികൃതര്‍ പറഞ്ഞത് സുപ്രീംകോടതി ഉത്തരവില്‍ അക്കാര്യം എടുത്തുപറഞ്ഞിട്ടില്ല എന്നാണ്”, മൂന്ന് സ്വകാര്യ സര്‍വകലാശാലകളില്‍ തന്റെ മകള്‍ക്ക് അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന ഒരു രക്ഷിതാവ് പറഞ്ഞു. സുതാര്യമായ മെറിറ്റ് ലിസ്റ്റിന്റെ അഭാവം കാരണം ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. എന്നാല്‍ പലരും പറയുന്നത് അഞ്ചരവര്‍ഷത്തെ കോഴ്‌സിന് ഇത്രയും കനത്ത തുക താങ്ങാന്‍ കഴിയില്ലെന്നാണ്.

ചെന്നൈയിലെ എസ്ആര്‍എം മെഡിക്കല്‍ കോളെജില്‍ 2014ല്‍ ട്യൂഷന്‍ ഫീ 9 ലക്ഷമായിരുന്നു. 2015ല്‍ അത് 10 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം ഫീ 21 ലക്ഷമാണ്. ഇതില്‍ 2 ലക്ഷം ഡെവലപ്‌മെന്റ് ഫീസും 1 ലക്ഷം കരിക്കുലം ഫീസുമാണ്. മറ്റ് കോളെജുകളില്‍ ട്യൂഷന്‍ ഫീ 12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിലാണ്. ”എനിക്ക് ഒരു കോടി രൂപ ട്യൂഷന്‍ ഫീസായി അടക്കേണ്ടി വരും. കൂടാതെ മറ്റ് ഫീസുകളായി 25 ലക്ഷം കൂടുതലും അടക്കണം”, നീറ്റ് പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ പിതാവ് സെല്‍വ ഗണപതി വ്യക്തമാക്കി. ” 0.25 കട്ട് ഓഫ് പോയിന്റ് കാരണം മകന് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം നഷ്ടമായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ 11,500 രൂപയാണ് ട്യൂഷന്‍ ഫീസ്. എന്നാല്‍ തമിഴ്‌നാട്ടില്‍ 69 ശതമാനം ജാതിസംവരണം ആയതാണ്  മകന് സീറ്റ് നഷ്ടപ്പെടാന്‍ കാരണം”, സെല്‍വ ഗണപതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫീസ് നിശ്ചയിക്കുന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സ്വകാര്യ കോളെജുകള്‍ക്ക് അവകാശമുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നത്.

You must be logged in to post a comment Login