തമിഴ് തന്നെ കംഫര്‍ട്ടബിള്‍ : ഷംനാ കാസിം

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് ഷംന കാസിം. ടെലിവിഷനിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംനയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. അതിനാല്‍ തന്നെ തനിക്ക് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്നതിനോടാണ് താല്‍പര്യമെന്നാണ് നടി പറയുന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന സ്ത്രീപക്ഷ സിനിമയിലാണ് ഇപ്പോള്‍ ഷംന അഭിനയിക്കുന്നത്. നിവിന്‍ പോളിയും അമലാ പോളും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ രണ്ടാം നായികയാണ് ഷംന. വളരെ മോഡേണായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മിലിയില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് നടി പറഞ്ഞു.

തമിഴിലാണ് താന്‍ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഷംന പറയുന്നു. അതിനാല്‍ തന്നെ മലയാളത്തിനെക്കാള്‍ തമിഴിലാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍.

രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ച ഡാന്‍സിനെപ്പറ്റി ഷംന പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരു നടി ഒരു സിനിമയില്‍ ഡാന്‍സ് ചെയ്താല്‍ അതിനെ ഐറ്റം ഡാന്‍സെന്നും നടന്‍ ചെയ്താല്‍ അതിന് ഡാന്‍സ് നമ്പരെന്നും പറയുന്നത് എന്തു കൊണ്ടാണെന്ന് തനിക്കറിയില്ല.

കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്ത് പിന്നീട് അതേപ്പറ്റി വിഷമിക്കുന്നതിനേക്കാളും നല്ലത് അതാണ്. താന്‍ നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു.

പലരും തന്നെ കണ്ടാല്‍ അസിനെ പോലെയും ശ്രിയ ശരണിനെ പോലെയും തോന്നാറുണ്ടെന്ന് പറയാറുണ്ട്. പക്ഷേ അത്തരത്തിലുള്ള താരതമ്യപ്പെടുത്തലിനോട് തനിക്ക് താല്‍പര്യമില്ല. അതിനാല്‍ തന്നെ ഇത്തരം അഭിപ്രായങ്ങളോട് താന്‍ പ്രതികരിക്കാറില്ലെന്നും താരം പറയുന്നു.

2016ല്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഷംന പറഞ്ഞു. അതൊരു പ്രണയവിവാഹമായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. തന്റെ ഭാവി ഭര്‍ത്താവ് തന്റെ ഡാന്‍സിനോടുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആളായിരിക്കണമെന്നതാണ് പ്രാര്‍ത്ഥനയെന്നും ഷംന വ്യക്തമാക്കി.

You must be logged in to post a comment Login