തമ്പിലെ ഓര്‍മ്മകള്‍

സര്‍ക്കസ് കൂടാരത്തിലെ ഒരുകാലത്തെ അഭിമാനങ്ങളായ രണ്ട് താരങ്ങളാണ് രാധയും ലീലയും. തങ്ങളുടെ ബാല്യവും കൗമാരവും യൗവനവും സര്‍ക്കസില്‍ തീര്‍ത്ത കലാകാരികള്‍. വാര്‍ദ്ധക്യത്തിന്റെ അവശതയാല്‍ അസുഖങ്ങളേയും ദാരിദ്ര്യത്തേയും കൂട്ട് പിടിച്ച് കഴിയുന്നവര്‍. പക്ഷേ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയൊക്കെ പോലെ തന്നെ നാട്ടിലെ അറിയപ്പെടുന്ന താരങ്ങള്‍ തന്നെയാണ് ഇന്നും.

കണ്ണൂര്‍ അണ്ടല്ലൂര്‍ സ്വദേശിയായ രാധ സര്‍ക്കസ്സിലേക്ക് എത്തുവാനുണ്ടായ കാരണം അച്ഛന്റെ മരണത്തോടെ നിരാലംബരായ ഒമ്പത് കൂടെപ്പിറപ്പുകള്‍ അടങ്ങിയ കുടുംബത്തിന്റെ ദാരിദ്ര്യമാണ്. ഏഴാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കെ പഠനത്തിനപ്പുറമാണ് വിശപ്പിന്റെ കാഠിന്യം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു ഏജന്റ് മുഖാന്തിരം സര്‍ക്കസ് കൂടാരത്തിലെത്തി.

അതികഠിനവും ക്രൂരവുമായ പരിശീലനവേളകളില്‍ നിറഞ്ഞ വയറിന് പുറത്ത് വീഴുന്ന പ്രഹരങ്ങള്‍ നിസ്സാരമെന്ന് കരുതി പല അഭ്യാസങ്ങളും അതിവേഗം പഠിച്ചെടുത്ത മിടുക്കിയാണ് രാധ. ട്രെയിനിങ്ങ് കാലയളവിലുള്ള കറുത്ത ദിനരാത്രങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ഒരു നിമിഷം മനസ്സ് പായിച്ചു.

രാവിലെ അഞ്ച് മണിക്ക് മുന്നേ തുടങ്ങുന്ന പരിശീലനം എട്ട് മണിയോളം നീളും. പിന്നെ വയറ് നിറയെ ഭക്ഷണം, ടെന്റുകളിലൂടെയുള്ള നടത്തം, അല്ലറ ചില്ലറ പണികള്‍. വീണ്ടും വൈകിട്ട് തുടങ്ങി രാത്രിയോളം പരിശീലനം നീളും. അടിയുടെ ചൂട്, ശകാരത്തിന്റെ പെരുമഴ, പരിശീലനത്തിനിടയിലുള്ള വീഴ്ചയുടെ വേദന എല്ലാം വിശപ്പൊഴിഞ്ഞ വയറും ഗാഢമായ ഉറക്കത്തിലും മറന്നിട്ടുണ്ടാവും. വീണ്ടും സൂര്യന്‍ ഉദിക്കുന്നതിനു മുമ്പേ ദിവസങ്ങള്‍ തുടങ്ങും. അങ്ങനെ എട്ട് മാസം കൊണ്ട് പല അഭ്യാസങ്ങളും സ്വായത്തമാക്കിയെടുത്തു രാധ.

റിംഗില്‍ ആദ്യം എത്തുന്നത് സ്റ്റാന്‍ഡിങ്ങ് വയറിലൂടെയുള്ള അഭ്യാസത്തോടെയാണ്. കാലിലെ പെരുവിരലില്‍ മുഴുവന്‍ ശ്രദ്ധയും ഭാരവും ബാലന്‍സും ക്രമീകരിച്ച് കയ്യില്‍ നീളമുള്ള വടിയുമായി മുന്നോട്ടും പിറകോട്ടും ചരിച്ച് വലിച്ച് കെട്ടിയ കമ്പില്‍ വയറില്‍ മേലുടെ നടക്കുക. മുകളില്‍ നിന്നും താഴേക്ക് നടന്ന് തിരിച്ച് പിറകോട്ട് കയറി മുകളിലെത്തി അവിടെ നിന്ന് ഇരുന്നുകൊണ്ട് ഊര്‍ന്നു തറയില്‍ വന്ന് നിന്ന് കാണികളെ അഭിവാദ്യം ചെയ്ത് ടാറ്റാ കാണിച്ചത് ഇന്നും രാധയുടെ മനസ്സില്‍ തിളക്കത്തോടെ നില്‍ക്കുന്നു. കുട്ടികളെ കാലിലിട്ട് കറക്കി മറിച്ച് ഫുട്ട്ഹഡിലിങ്ങ്, കാലില്‍ ബാലന്‍സ് ചെയ്തുകൊണ്ട് ബാസ്‌കറ്റ് ബോള്‍ സ്റ്റാന്‍ഡിലേക്ക് ബോള്‍ എത്തിക്കുക, കപ്പ് സോസര്‍ ബാലന്‍സ് ചെയ്യുക, സ്‌റ്റേച്ചോ വാക്കര്‍ വെയിറ്റ് തുടങ്ങി നിരവധി സര്‍ക്കസ്സുകള്‍ വളരെ ഭംഗിയായി ദിവസവും പല ഷോകളിലായി ചെയ്തു. കണ്ണിമ ചിമ്മുന്ന വേഗത്തില്‍ ജീപ്പ് ജമ്പിങ് .അത് ഒരു ആവേശമായിരുന്നു. കായിക അധ്വാനം കുറവെങ്കിലും അതീവ ശ്രദ്ധയോടെ കൈമെയ്യടക്കത്തോടെ ചെയ്യേണ്ടുന്ന ഈ അഭ്യാസം രാധ വളരെയേറെ ആസ്വദിച്ചിരുന്നുവെന്നാണ് പറയുന്നത്.

പതിനാറാമത്തെ വയസ്സു മുതലാണ് ശമ്പളം കൈയ്യില്‍ കിട്ടി തുടങ്ങിയത്. അതുവരെ ഏജന്റ് മുഖാന്തിരം വീട്ടില്‍ എത്തിക്കുകയാണ് പതിവ്. നാല്പത്തിരണ്ട് വര്‍ഷം സര്‍ക്കസ് കൂടാരത്തില്‍ ജീവിച്ച രാധ പ്രഭാത് സര്‍ക്കസില്‍ കൂടിയായിരുന്നു തുടക്കം കുറിച്ചത്. അതില്‍ മുപ്പത്തെട്ട് വര്‍ഷവും ജമിനി സര്‍ക്കസിലായിരുന്നു. ജമനിയില്‍ എത്തുമ്പോള്‍ തികഞ്ഞ തിളക്കവും പ്രശസ്തിയുമുള്ള താരമായിരുന്നു. അതുകൊണ്ട് തന്നെ പരിശീലനത്തിന്റെ കറുത്ത രാപ്പകലുകള്‍ ഇല്ല. ഒഴിവുസമയങ്ങള്‍ പുസ്തകങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ക്കസ് മുതലാളി ജമനി ശങ്കരന്‍ പുസ്തകങ്ങള്‍ വാങ്ങികൊടുക്കുമായിരുന്നു. അങ്ങനെ ഏഴാം ക്ലാസില്‍ നിര്‍ത്തിയ പഠനവും വായനയും തുടങ്ങി. ഹിന്ദി- മലയാളം പുസ്തകത്തിലൂടെ ഹിന്ദി നന്നായി എഴുതുവാനും സംസാരിക്കാനും പഠിച്ചെടുത്തു.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിവാഹിതയായി. വരന്‍ സര്‍ക്കസ് ട്രെയിനര്‍ ആയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായിരിക്കെ ആറാംമാസം വരെ റിംഗില്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. കുഞ്ഞിന് മൂന്ന് വയസ്സ് പ്രായമായപ്പോള്‍ നാട്ടില്‍ അമ്മയുടെ സംരക്ഷണത്തില്‍ വിട്ട് സര്‍ക്കസ് കൂടാരത്തിലേക്ക് തിരിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതം തുടരവെ ഭര്‍ത്താവിന് ഹാര്‍ട്ട് അറ്റാക്ക് വന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവ് മരണപ്പെട്ടിട്ട് ഇപ്പോള്‍ 13 വര്‍ഷം തികയുന്നു. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം വാര്‍ദ്ധക്യകാല ജീവിതം നയിക്കുന്നു. സര്‍ക്കസ് ജീവിതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുവെങ്കിലും വല്ലപ്പോഴും കിട്ടുന്ന പെന്‍ഷന്‍ തുക മുമ്പ് ശരീരം ഏറ്റുവാങ്ങിയ പ്രഹരങ്ങളുടെ പ്രതിഫലനങ്ങള്‍ വേദനയുടേയും അസുഖങ്ങളുടേയും രൂപത്തില്‍ പ്രതൃക്ഷപ്പെടുമ്പോള്‍ മരുന്നിനും ഭക്ഷണത്തിനും തികയാതെ വരുന്നു എന്ന വലിയ ദുഃഖം വാക്കുകളില്‍ നിഴലിക്കുന്നു.

സര്‍ക്കസ് ജീവിതത്തില്‍ പല രസകരമായ സംഭവങ്ങളും അതുപോലെ തന്നെ ഇഷ്ടപ്പെടാത്ത നിരവധി സംഭവങ്ങളും ഉണ്ടെങ്കിലും അതില്‍ ഓര്‍ത്തെടുത്ത് പറഞ്ഞത് പുരുഷന്‍മാരെ വെല്ലുന്ന ഡ്രൈവിങ്ങില്‍ ജീപ്പ് ഓടിച്ച് ജമ്പ് ചെയ്ത് ഹെല്‍മറ്റ് അഴിച്ച് റിംഗില്‍വന്ന് കാണികളെ നോക്കി സല്യൂട്ട് ചെയ്ത് മടങ്ങുമ്പോള്‍ സ്ത്രീയാണെന്ന് കണ്ട് കാണികളുടെ ആരവും മുതലാളിമാരുടെ അഭിനന്ദനവും ഏറ്റുവാങ്ങിയപ്പോള്‍ ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു. പക്ഷേ ഇതേ ഐറ്റം ഒരിക്കല്‍ ബീഹാറില്‍ കാണിച്ചപ്പോള്‍ ഭയന്നുപോയി, കാരണം ജീപ്പ് ഓടിക്കേണ്ട വഴിയില്‍ പോലും കാര്യഗൗരവം കുറഞ്ഞ കാണികള്‍ കയറി നിന്നിരുന്നു. സാഹസികമായി കളി പൂര്‍ത്തിയാക്കി സല്യൂട്ട് ചെയ്യാതെ കൂടാരത്തിനുള്ളിലേക്ക് ഓടിച്ച് പോവേണ്ടിവന്നു.

മനസ്സില്‍ ഇന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മയായി ബാബറി മസ്ജീദ് പ്രശ്‌നം വന്നെത്തുന്നു. വെടിവെയ്പ്പും ബോംബും മറ്റും കൂടാരത്തില്‍ ഇരുന്ന് ദൂരെകണ്ടു പേടിച്ച് വിറച്ച് പുറത്തിറങ്ങാതെ അഞ്ച് ദിവസം കൂടാരത്തില്‍ തന്നെ എല്ലാവരും കഴിച്ചുകൂടി. ദൂരെ എന്തൊക്കെയോ കത്തിപുകയുന്നത് കാണുന്നു. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. കുട്ടികളും മൃഗങ്ങളും പേടിച്ചരണ്ട് നിലവിളിക്കുന്നു. കരുതിയിരുന്ന ഭക്ഷണ സാമഗ്രികള്‍ തീര്‍ന്ന വേവലാതി. പുറത്ത് പോയി വാങ്ങിക്കാന്‍ പറ്റാത്ത ഭീകരാവസ്ഥ.

രാജ്യങ്ങള്‍ ഒരുപാട് കാണാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നതിനൊപ്പം വ്യത്യസ്ത ഭാഷകള്‍. ദേശങ്ങള്‍, ഭക്ഷണങ്ങള്‍,യാത്രകള്‍, ഒക്കെയും ആസ്വദിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഈ പഴയ സര്‍ക്കസ് കലാകാരി. എവിടെ പ്രദര്‍ശനം നടന്നാലും ആ നാട്ടില്‍ ഒഴിവ് സമയത്ത് ചുറ്റി കറക്കം. കൂടാരത്തില്‍ എല്ലാവരും ഒരു കുടുംബത്തെ പോലെയാണ് കഴിഞ്ഞത്. അന്നൊക്കെ പലതരം വന്യമൃഗങ്ങള്‍ ആന, ഒട്ടകം, കുതിര, സിംഹം, പുലി, കരടി, ഹിപ്പോപൊട്ടാമസ്, നായ. പക്ഷികള്‍ തുടങ്ങിയ ഉണ്ടാവും.
ജോണ്‍ ബ്രിട്ടാസ് നയിച്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ രാധ പങ്കെടുത്തിട്ടുണ്ട്. അന്ന് സര്‍ക്കസ് താരങ്ങളുടെ കഷ്ടതകളെക്കുറിച്ച്‌നന്നായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട് രാധയ്ക്ക്.

ലീല 12- മത്തെ വയസ്സിലാണ് ഒരു ഏജന്റ് മുഖാന്തിരം സര്‍ക്കസ്സില്‍ ചേര്‍ന്നത്. 18 വര്‍ഷം സര്‍ക്കസില്‍ ഉണ്ടായിരുന്നു.കത്തിയേറില്‍ പ്രഗത്ഭയായിരുന്നു. മലേഷ്യ, സിംഗപൂര്‍, ഇന്ത്യാനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ യാത്ര ചെയ്ത അനുഭവം. 69 വയസ്സായി സര്‍ക്കസ് കലാകാരികളായ രാധയ്ക്കും ലീലയ്ക്കും. അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം തുടങ്ങിയവിലൊന്നും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. നാട്ടില്‍ വന്ന് ഒരാഴ്ച നാട്ടില്‍ നിന്ന് തമ്പിലേക്ക് തിരിച്ച് പോകുമ്പോള്‍ വലിയ വേദനയും വിഷമവും അനുഭവപ്പെട്ടിരുന്നു അന്ന്.

 

You must be logged in to post a comment Login