തരംഗമാകാൻ ടാറ്റയുടെ നെക്സോൺ എയറോ

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായിട്ടായിരുന്നു നെക്സോൺ ആദ്യമായി അരങ്ങേറിയത്. രണ്ടു വർഷത്തിനുള്ളിൽ നെക്സോൺ എന്ന എസ്‍യുവി യാഥാർത്ഥ്യമാവുകയും ചെയ്തു. ഇന്ന് ഇന്ത്യൻ വിപണി കണ്ട മികച്ചൊരു എസ്‍യുവി ആയി മാറിയിരിക്കുകയാണ് നെക്സോൺ. അതുകൊണ്ട് തന്നെ നെക്സോണിന് മേലുള്ള പരീക്ഷണം നിർത്തിവയ്ക്കാൻ ടാറ്റ ഒരുക്കമല്ല. നെക്സോണിന് പുത്തൻ ഒരു പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.

നെക്സോൺ എയറോ എന്നപേരിൽ 2018 ഓട്ടോഎക്സ്പോയിലാണ് ആദ്യാവതരണം നടത്തിയിരിക്കുന്നത്. ടാറ്റയുടെ കസ്റ്റം സ്റ്റൈലിങ് കിറ്റിൽ ഒരുങ്ങിയ പുതിയ പതിപ്പാണ് നെക്സോൺ എയറോ. ആക്ടീവ് സ്റ്റൈലിങ് കിറ്റിനെയും ടാറ്റ ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. നെക്സോണിന്‍റെ ടോപ്പ് വേരിയന്‍റിലാണ് എയറോ പതിപ്പിനെ ഒരുക്കിയിരിക്കുന്നത്.

 

റെഡ് ആക്‌സന്‍റോട് കൂടിയ ബമ്പറുകൾ, സൈഡ് സ്‌കേര്‍ട്ടുകള്‍, പിയാനൊ ബ്ലാക് ഫിനിഷ് റൂഫ്, എക്‌സ്‌ക്ലൂസീവ് ലിക്വിഡ് സില്‍വര്‍ കളര്‍ സ്‌കീം എന്നിവയാണ് എയറോ പതിപ്പിനെ നിലവിലുള്ള മോഡലുകളിൽ നിന്നും വേറിട്ടുനിർത്തുന്ന സവിശേഷതകൾ. തിളക്കമാര്‍ന്ന പ്ലാസ്റ്റിക് കൊണ്ടുള്ള സെന്‍റർ കൺസോൾ, പുതുക്കിയ സ്റ്റീയറിംഗ് വീലും ഡാഷ്ബോർഡുമാണ് അകത്തളത്തെ കൂടുതൽ സവിശേഷമാക്കുന്നത്.

മെക്കാനിക്കൽ മുഖത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതെ 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എൻജിൻ എന്നിവയാണ് എയറോയ്ക്കും കരുത്തേകുന്നത്. 108.5 ബിഎച്ച്പിയും 170 എൻഎം ടോർക്കുമാണ് പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നതെങ്കിൽ 108.5 ബിഎച്ച്പിയും 260 എൻഎം ടോർക്കുമാണ് ഡീസൽ എൻജിനുല്പാദിപ്പിക്കുന്നത്. ഇരു എൻജിനുകളിലും 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇടംതേടിയിരിക്കുന്നത്.

നെക്സോൺ എയറോ കൂടാതെ എഎംടി പതിപ്പിനെയും ടാറ്റ എക്സ്പോയിൽ കാഴ്ചവെച്ചിരുന്നു. എയറോയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും അവതരണ വേളിൽ ടാറ്റ പുറത്തുവിട്ടിരുന്നില്ല. നിലവിലുള്ള മോഡലിനേക്കാൾ 30,000 രൂപ വില വർധനവിലായിരിക്കും എയറോ നിരത്തിലെത്തുക. ഈ വർഷം രണ്ടാം പകുതിയോടെ അവതരണമുണ്ടാകുമെന്നാണ് ടാറ്റ സൂചിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login