തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ പത്തിരട്ടി പിഴ നല്‍കണം; സാമൂഹികസേവനമായി വേണം സ്‌കൂള്‍ നടത്താനെന്നും സിബിഎസ്ഇ

students
തിരുവനന്തപുരം: തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ പത്തിരട്ടി പിഴ നല്‍കണമെന്ന് സിബിഎസ്ഇ. സംസ്ഥാന ബാലാവകാശ കമ്മിഷനെയാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് ആയല്ല സാമൂഹികസേവനമായി വേണം സ്‌കൂള്‍ നടത്താനെന്നും സിബിഎസ്ഇ വ്യക്തമാക്കി. സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കും കമ്മിഷന്‍ സര്‍ക്കുലര്‍ ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിനെക്കുറിച്ചുള്ള പരാതി സംസ്ഥാന ബാലാവകാശ കമ്മിഷനു മുന്നില്‍ വന്നിരുന്നു. തലവരിപ്പണം വാങ്ങുന്നത് സിബിഎസ്ഇ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാടാണ് കമ്മിഷന് ഉള്ളത്. ഇതു മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ സിബിഎസ്ഇ ബോര്‍ഡ്, അവരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തലവരിപ്പണം ഈടാക്കുകയാണെങ്കില്‍ അതിന്റെ പത്തിരട്ടി പിഴയായി ഈടാക്കുമെന്നും തലവരിപ്പണം വാങ്ങുകയോ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ ചെയ്യുകയോ ചെയ്താല്‍ അതു നിയമവിരുദ്ധമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു.

വളരെ ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കുമ്പോഴും സിബിഎസ്ഇ സ്‌കൂളുകള്‍ കനത്ത തുക തലവരിപ്പണം മാതാപിതാക്കളുടെ കൈയില്‍നിന്നു നിര്‍ബന്ധമായി വാങ്ങിക്കുന്നതായി നിരവധി പരാതികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഈ അറിയിപ്പ് ആരു നടപ്പാക്കും എന്നതു വ്യക്തമായിട്ടില്ല.

You must be logged in to post a comment Login